Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപ് ഇന്ന് സൗദിയിലേക്ക്

Donald Trump

റിയാദ്∙ യുഎസ് പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശയാത്രയ്ക്കു ഡോണൾഡ് ട്രംപ് ഇന്നു സൗദി അറേബ്യയിലേക്കു തിരിക്കും. മുഖ്യ ചർച്ചകൾക്കു മുന്നോടിയായി സൗദി – യുഎസ് സിഇഒ ഫോറം റിയാദിൽ നാളെ നടക്കും.

പ്രതിരോധം, വൈദ്യുതി, എണ്ണ, വാതകം, വ്യവസായം തുടങ്ങിയ മേഖലകളിൽ വിവിധ കരാറുകൾക്ക് ധാരണയായേക്കും. തുടർന്ന്, ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കാണും. തീവ്രവാദ ചിന്താഗതികളെ ചെറുക്കാനുള്ള രാജ്യാന്തര കേന്ദ്രത്തിനു സൽമാൻ രാജാവും ട്രംപും ചേർന്നു ഞായറാഴ്ച തുടക്കം കുറിക്കും. 

തീവ്രവാദത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ട്രംപ് മുഖ്യപ്രഭാഷണം നടത്തും. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണു കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. തുടർന്ന് അറബ് – ഇസ്‍ലാമിക് ഉച്ചകോടിയെ ട്രംപ് അഭിസംബോധന ചെയ്യും.

മധ്യപൂർവദേശത്തെ രാജ്യങ്ങൾക്കു പുറമെ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉൾപ്പെടെ അൻപതോളം രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.  പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും പങ്കെടുക്കുമെന്നാണു കരുതുന്നതെന്നു യുഎസ് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

 ഐഎസിനെതിരായ യോജിച്ച പോരാട്ടവും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദ വിഷയങ്ങളും ചർച്ചയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായി യുഎസ് സംഘം പ്രത്യേകം കൂടിക്കാഴ്ച നടത്തും. യുവാക്കളുമായി സംവദിക്കുന്ന ട്വിറ്റർ ഫോറത്തിലും ട്രംപ് പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.