Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസി പ്രോക്‌സി വോട്ട് മോദി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം: ടി.പി. ശ്രീനിവാസന്‍

foma-convention3

തിരുവനന്തപുരം∙ മലയാളികൾക്ക് അമേരിക്കയിൽ ഭയപ്പെടേണ്ട വിഷയങ്ങളില്ലെന്നും, നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ മലയാളികൾ സുരക്ഷിതരാണെന്നും മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്‍വന്‍ഷൻ പൊളിറ്റിക്കൽ സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ് ടി. ഉമ്മൻ അദ്ധ്യക്ഷനായിരുന്നു. 

നരേന്ദ്രമോദി സർക്കാർ എ‌‌ടുത്ത ‌ഒരു പ്രധാന തീരുമാനമാണു പ്രോക്സി വോട്ടെന്നും ടി.പി ശ്രീനിവാസൻ പറഞ്ഞു. മുൻപു വോട്ടു ചെയ്യാൻ പ്രവാസികൾക്കു നാട്ടിൽ വരണമായിരുന്നു. ഇനി അവർക്ക് എംബസികളിൽ വോട്ടു ചെയ്യാം. ഫോമ  അടക്കമുള്ള സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണ് ഇരട്ട പൗരത്വം. ഇതു നടക്കാനിടയില്ലെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നു ടി.പി. ശ്രീനിവാസൻ പറഞ്ഞു.

ഇതിനു നിയമപരമായ തടസങ്ങളുണ്ട്. ഭരണഘടനയിൽ ഭേദഗതി വേണ്ടിവരും. ലോകത്ത് നാലോ അഞ്ചോ രാജ്യങ്ങൾ മാത്രമേ ഇരട്ടപൗരത്വം അനുവദിക്കുന്നുള്ളൂ. രണ്ടു രാജ്യത്തോടുള്ള കൂറ്, വോട്ടിങിലെ പ്രശ്നങ്ങൾ ഇതെല്ലാം ഉയർന്നുവരും.

പ്രവാസിക്ഷേമത്തിൽ രാജ്യത്തെ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടാണ്. അതിനാൽ പ്രവാസികൾ ആശങ്കപ്പെ‌ടേണ്ട കാര്യമില്ല. നെഹ്റുപോലും പറയാത്ത മൂന്നു കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നി പറയുന്നത്. ഒന്നു വികസനം, രണ്ടു രാജ്യസുരക്ഷ, മൂന്നു പ്രവാസിക്ഷേമം. മോദി പ്രധാനമന്ത്രിയായശേഷം അൻപതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ മൂന്നുകാര്യങ്ങൾ മുൻനിർത്തിയല്ലാതെ ഒരു രാജ്യംപോലും സന്ദർശിച്ചിട്ടില്ല എന്നതു പരിശോധിച്ചാൽ വ്യക്തമാകും.

അമേരിക്കയിൽ താമസിക്കുന്ന മലയാളികളുടെ ഭാവി അവിടെ തന്നെയാണെന്നു ടി.പി ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യൻ സഹായം ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതലായി അമേരിക്കൻ നേതൃത്വത്തിനു മലയാളികൾ പ്രാധാന്യം നൽകണം. ഇന്ത്യക്കാർക്കുനേരെ ചില ആക്രമണങ്ങൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. അവിടെ അന്തരീക്ഷത്തിൽ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. വെളുത്തവരെ മതി എന്ന കാഴ്ചപാട് വർധിച്ചു. ഇത് അപകടമാണ്. പക്ഷേ, ട്രംപ് അധികാരത്തിൽവന്ന‌ശേഷം സ്ഥിതി മാറിയിട്ടുണ്ട്. അമേരിക്കയിൽ ‌ഇന്ത്യക്കാർക്ക് ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകാൻ പോകുന്നില്ല. ട്രംപിന് ഭ്രാന്തമായ അവേശം ഉണ്ട്. ആ ഭ്രാന്തിന് പ്രത്യേക ഉദ്ദേശ്യമുണ്ട്. ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ ട്രംപ് ശ്രദ്ധാലുവാണെന്നും ടിപി ശ്രീനിവാസൻ പറഞ്ഞു.

വൈ ടു കെ പ്രതിസന്ധി ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് അമേരിക്കയിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്നു സാഹചര്യം മാറി. സൈബർ യുദ്ധത്തിനെക്കുറിച്ചാണ് ഇന്ന്ചർച്ച. ഒരു രാജ്യത്തെ തകർക്കാൻ കപ്യൂട്ടറിനെയാണു തകർക്കേണ്ടത് എന്നതാണു കാഴ്ചപാട്. സൈബർ യുദ്ധത്തിനു വേണ്ട ഐടി പ്രൊഫഷണലുകളെയാണ് അമേരിക്കയ്ക്ക് ആവശ്യം. എച്ച്1ബി വിസ ഇല്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്നും ടി.പി ശ്രീനിവാസൻ പറഞ്ഞു. മുല്ലക്കര രത്നാകരൻ എംഎൽഎ,തോമസ് കോശി,ജോസഫ് ഓസോ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.