Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അപൂര്‍വ്വമായ ഒരു അമേരിക്കന്‍ മലയാളി സംഗമം

KHNA_samgamam_pic2

ന്യുയോർക്ക്∙ ഹൈന്ദവ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം രൂപം കൊണ്ട കെഎച്ച്എന്‍എ (കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) ഡിട്രോയിറ്റ് ഹൈന്ദവ സംഗമമായിരുന്നു അമേരിക്കയിലെ അപൂര്‍വ്വ സംഗമം. സകുടുംബം മൂന്നു ദിവസം ഒരുമിച്ചു കഴിഞ്ഞവര്‍ തികഞ്ഞ സംതൃപ്തിയോടും എന്നാല്‍ അല്പം വിഷാദത്തോടുമാണ് പടിയിറങ്ങിയത്. ഈയനുഭവം കഴിഞ്ഞ കണ്‍വന്‍ഷനുകളില്‍ നിന്നും വേറിട്ടൊരു കാഴ്ചയായിരുന്നു. ഐക്യനാടുകളിലെയും, മെക്‌സിക്കോയിലെയും, കാനഡയിലെയും അഞ്ഞൂറോളം കുടുംബങ്ങള്‍ ഭാരതത്തിനു പുറത്തു നടക്കുന്ന ഏറ്റവും വലിയ ഹിന്ദു കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നപ്പോള്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്കപ്പുറം ക്ഷേത്രകലകളുടെ നവീന നടനവിസ്മയങ്ങളുടെയും അലൗകിക അനുഭൂതികളിലേക്ക് അവര്‍ ആനയിക്കപ്പെടുകയായിരുന്നു.

KHNA_samgamam_pic1

എഡ്വേര്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ താത്ക്കാലികമായി വടക്കുംനാഥനും, പാറമേല്‍ക്കാവ് ഭഗവതിയും, തിരുവമ്പാടി കണ്ണനും സംയോജിക്കുന്ന മഹോത്സവ വേദിയായി രൂപാന്തരപ്പെടുകയായിരുന്നു. കേരളീയ വാസ്തുശില്പ ചാതുര്യം ഒട്ടും കുറയാതെ പണിതുയര്‍ത്തിയ ശ്രീകോവിലിന്റെയും നാലമ്പലത്തിന്റെയും തിരുമുറ്റത്ത് ഉത്സവത്തിന്റെ സമാരംഭം കുറച്ച് ഭഗതവ് ദ്വജം ഉയര്‍ന്നപ്പോള്‍ അകമ്പടിയായി പല്ലാവൂര്‍ ശ്രീധര മാരാരും കലാമണ്ഡലം ശിവദാസ്സും നേതൃത്വം നല്‍കിയ പഞ്ചാരിമേളം കാഴ്ചക്കാരെ പൂരപ്പറമ്പിലെന്നപോലെ താളലയഘോഷ വിജയത്തിന്റെ പറുദീസയിലേക്ക് ഉയര്‍ത്തുന്നതായിരുന്നു.

KHNA_samgamam_pic3

കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അരങ്ങേറിയ മുടിയേറ്റ് എന്ന കലാരൂപം അമേരിക്കന്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത വിസ്മയം തന്നെയായിരുന്നു. കണ്ണകീചരിതത്തിലെ ഭദ്രകാളിയും ദാരികനും നിറഞ്ഞാടിയ മുടിയേറ്റ് ദൈവസ്വര്‍ഗ്ഗത്തിന്റെ അസാമാന്യ ഊര്‍ജ്ജപ്രവാഹമാണ് സൃഷ്ടിച്ചത്.

KHNA_samgamam_pic3
KHNA_samgamam_pic1

അമ്പലങ്ങളുടെ അകത്തളങ്ങളില്‍ മാത്രം കേട്ടു മറന്ന അഷ്ടപദിയുടെ ആലാപനം ഭക്തിയുടെയും ഭാവനയുടെയും സമ്മിശ്ര ഇന്ദ്രിയാനുഭൂതി തന്നെയായിരുന്നു. തായമ്പകയും താളമേളങ്ങളും സഭാതലം ശബ്ദമുഖരിതമാക്കിയപ്പോള്‍ രാമനുചരിതത്തിലെ ഗരുഢഗര്‍വ്വഭംഗം കഥയുമായി കലാമണ്ഡലം മനോജ്കുമാര്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ സദസ്സിന് സായൂജ്യമേകി. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ നേര്‍വഴികളുമായി കേരളത്തിന്റെ സ്വന്തം കലാരൂപമായ മോഹിനിയാട്ടം ഡോ. നീനാപ്രസാദ് അവതരിപ്പിച്ചു‍. മിത്തുകളും, വിശ്വാസവും ഭക്തിയും ഒത്തുചേര്‍ന്ന ഫോക്ക് ലാന്റ് ജയരാജും സംഘവും അവതരിപ്പിച്ച തെയ്യം ഈ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷകമായിരുന്നു.

കഥകളി രണ്ടു രാത്രികളിലായി ആടിത്തീര്‍ത്ത സദനം ബാലകൃഷ്ണന്‍, ജിഷ്ണുനമ്പൂതിരി, മനോജ് കുളങ്ങാട്ട് തുടങ്ങി എല്ലാ സംഘാംഗങ്ങളും അഭിനന്ദനത്തിന്റെ ആരവങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു.  9-ാമതു അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംബോധ് സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി ബോധാനന്ദ, കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്തപുരി, ഭാരതീയ പൈതൃകത്തിന്റെ ആധികാരിക ശബ്ദം ഡോ. എന്‍. ഗോപാലകൃഷ്ണന്‍, മലയാള സാഹിത്യരംഗത്തെ മഹനീയ സാന്നിദ്ധ്യം സി. രാധാകൃഷ്ണന്‍, കവി മധുസൂതനന്‍ നായര്‍, മണ്ണടി ഹരി എന്നീ പ്രഭാഷകരും  സുരേഷ്‌ഗോപി എം.പി, ഇഷാ തല്‍വാര്‍, വിജയ് യേശുദാസ് എന്നിവരും പ്രത്യേക അതിഥികളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.