Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർമ കൊടുങ്കാറ്റ് ഫ്ലോറിഡയിൽ; പ്രദേശത്ത് കനത്ത മഴ

STORM-IRMA/

വാഷിങ്ടൻ ∙കരീബിയൻ‌ ദ്വീപുകളിലും ക്യൂബയിലും വൻ നാശനഷ്ടമുണ്ടാക്കിയ ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിയടിച്ചു തുടങ്ങി. ഫ്ളോറിഡയുടെ തെക്കൻ ഭാഗങ്ങളിലേക്കാണ് ഇർമ ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഇർമയുടെ തുടർച്ചയായി ഫ്ളോറിഡയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 209 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കരീബിയൻ‌ ദ്വീപുകളിൽ 25 പേര്‍ക്കാണ് ഇര്‍മയിൽ ജീവൻ നഷ്ടമായത്.

ലോവർ ഫ്ളോറിഡ കീസ് പ്രദേശങ്ങളിൽ ഇനിയുള്ള രണ്ടുമണിക്കൂർ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. 15 അടി ഉയരത്തിൽ തീരത്തേക്കു തിരകൾ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലായിരുന്ന ഇര്‍മ, അമേരിക്കന്‍ തീരത്തെത്തിയപ്പോൾ വേഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്.

ഇതുവരെ ഒഴിപ്പിച്ചത് 63 ലക്ഷം പേരെ

ഇർമയിൽ നിന്നു രക്ഷ തേടി ഫ്ളോറി‍ഡയിൽ 63 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്ളോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. അന്ന് 65 പേരാണു മരിച്ചത്.

ശനിയാഴ്ച പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.

ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം

അതേസമയം, ഇർമ നാശം വിതച്ച ദുരിതമേഖലയിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കരാക്കസ്, ഹവാന, ജോർജ് ടൗൺ, പോർട് ഓഫ് സ്പെയ്ൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. യുഎസ് തീരത്ത് ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാർ‌ക്കു നാട്ടിലെത്താനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. യുഎസിലെ ഏത് ഇന്ത്യൻ കോൺസുലേറ്റിൽ പോയാലും നിയമക്കുരുക്കളില്ലാതെ നാട്ടിലേക്കു വിസയും പാസ്പോർട്ടും ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.