Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ജനപ്രതിനിധി സഭ പിടിക്കാനാവുമെന്ന് ഡെമോക്രാറ്റുകൾ

വാഷിങ്ടൺ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഒഴിവാക്കാൻ പല മാർഗങ്ങൾ തേടുകയാണ് ഡെമോക്രാറ്റിക് പാർട്ടി. ഒരു വലിയ പ്രതീക്ഷ ഈ വർഷം നവംബർ ആദ്യം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പാണ്. ജന പ്രതിനിധി സഭയിൽ ഇപ്പോഴുള്ളതിനോടൊപ്പം  21 അംഗങ്ങളെ കൂടി വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ സഭ തങ്ങൾക്കൊപ്പം ആകുമെന്ന് കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകൾ, സെനറ്റിലിലെ പാർട്ടി നില ഡെമോക്രാറ്റുകൾ 49, റിപ്പബ്ലിക്കനുകൾ 51 എന്നാണ്. തിരഞ്ഞെടുപ്പിൽ ഒരു സെനറ്ററെ കൂടി ലഭിച്ചാലോ ഒരു റിപ്പബ്ലിക്കൻ സെനറ്റർ കൂറുമാറിയാലോ 50–50 എന്ന നിലയിലായിരിക്കും. അപ്പോൾ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ മാത്രമേ റിപ്പബ്ലിക്കനുകൾക്ക്  അവർ ഉദ്ദേശിക്കുന്ന നിയമ നിർമ്മാണം നടത്തുവാൻ കഴിയുകയുള്ളൂ.

ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസി (ഡാക) ട്രംപിന്റെ കടുത്ത നിലപാടും പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായോ എന്ന അന്വേഷണത്തിൽ  ദിനംപ്രതി എന്നോണം ഉണ്ടാകുന്ന വെളിപ്പെടുത്തലുകളും ട്രംപിനെ എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലേയ്ക്ക് എതിരാളികളെ എത്തിച്ചിരിക്കുകയാണ്  എന്ന് ചിലർ റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടയിലാണ്  മൈക്കേൽ വുൾഫിന്റെ ചില വെളിപ്പെടുത്തലുകൾ ഫയർ ആന്റ് ഫ്യൂറിയിലൂടെ പുറത്തുവന്നത്. സിവിൽ വാറിന് മുൻപുള്ള വർഷങ്ങളിൽ അമേരിക്കയെ നയിച്ച ജെയിംസ് ബുക്കാനനും 20–ാം നൂറ്റാണ്ടിലെ മോശം പ്രസിഡന്റ് എന്നറിയപ്പെടുന്ന  വാറൻ ഹാർഡിങ്ങും ചില സാഹചര്യങ്ങളിലൂടെ രക്ഷപ്പെട്ടു. ഹാർഡിംഗ് പ്രസിഡന്റായി  മൂന്നു വർഷത്തിനുള്ളിൽ മരിച്ചു. പ്രസിഡന്റ്  റിച്ചാർഡ് നിക്സൻ ഇംപീച്ച് ചെയ്യപ്പെടുന്നതിന് മുൻപ് രാജി വച്ചൊഴിഞ്ഞു.

അമേരിക്കൻ ഭരണഘടന പറയുന്നത് മൂന്ന് സാഹചര്യങ്ങളിൽ മാത്രമേ പ്രസിഡന്റ് ഇംപീച്ച്  ചെയ്യപ്പെടാൻ പാടുള്ളൂ എന്നാണ്. രാജ്യ ദ്രോഹം, അഴിമതി മറ്റ് ഉയർന്ന കുറ്റകൃത്യങ്ങളോ പെരുമാറ്റ ദൂഷ്യങ്ങളോ എന്നിവയാണ് ഈ കാരണങ്ങൾ. നിക്സന്റെ സെനറ്റ് ലിയസോൺ ആയിരുന്ന ടോം കോറോ ലോഗോസ് 34 എന്നെഴുതിയ ബട്ടൺ തുന്നിച്ചേർത്ത വസ്ത്രവുമായി സെനറ്റിന്റെ ഇടനാഴികളിൽ നടന്നിരുന്നു. പ്രസിഡന്റിന് 34 സെനറ്റ് വോട്ടുകൾ കിട്ടിയാൽ മതി, അദ്ദേഹത്തിന് തുടരാനാവും എന്ന സന്ദേശം നൽകുകയായിരുന്നു കോറോ ലോഗോസ്. വൈറ്റ്  ഹൗസ് ടേപ്പുകളിലെ തെളിവ് നിക്സൻ എതിരാണെന്ന് തെളിഞ്ഞപ്പോൾ 34 വോട്ടുകൾ തനിക്ക് ലഭിക്കുകയില്ല എന്ന് നിക്സന് മനസ്സിലായി. നിക്സൻ രാജിവച്ചൊഴിഞ്ഞു. ഇപ്പോൾ രണ്ട് സഭകളും ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടിയുടെ നിയന്ത്രണത്തിലാണ്.  

ഇംപീച്ച്മെന്റ് ആവശ്യമായി വന്നാൽ ആരംഭിക്കേണ്ട ഹൗസ് ജൂഡീഷ്യറി കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ  അംഗങ്ങൾ ഹിലറി ക്ലിന്റനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുന്ന തിരക്കിലാണ്. ഇവിടെയാണ് ജനപ്രതിനിധി സഭ തിരിച്ചു പിടിക്കുക എന്ന സ്വപ്നത്തിന് പ്രാധാന്യം ഉണ്ടാകുന്നത്. സ്പെഷ്യൽ ഇൻഡിപ്പെന്റന്റ് കൗൺസൽ ട്രംപ് നീതി ന്യായം നടപ്പാക്കുന്നതിന് വിഘാതം സൃഷ്ടിച്ചതായോ ഇംപീച്ച് ചെയ്യപ്പെടാ വുന്ന മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തു എന്നോ കണ്ടെത്തിയാൽ ട്രംപിന് പ്രസിഡന്റ് സ്ഥാനത്ത് തുടരുക വിഷമകരമായിരിക്കും. ഡെമോക്രാറ്റുകൾക്ക് 67 സെനറ്റ് വോട്ടുകൾ ലഭിക്കണമെങ്കിൽ  ഇപ്പോഴത്തെ അവസ്ഥയിൽ 18 റിപ്പബ്ലിക്കനുകൾ  കൂറുമാറണം.

ഭരണ ഘടനയുടെ 25–ാം ഭേദഗതി അനുസരിച്ച് വൈസ് പ്രസിഡന്റും ക്യാബിനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും പ്രസിഡന്റിന് സ്വന്തം കടമകൾ നിർവഹിക്കുവാൻ കഴിവില്ല എന്ന് സർട്ടിഫൈ ചെയ്തൽ പ്രസിഡന്റിനെ പുറത്താക്കാം. പക്ഷെ അപ്പോഴും പ്രസിഡന്റ് സ്വയം തനിക്ക് ഒരു കഴിവില്ലായ്മയും  ഇല്ല എന്ന് പ്രഖ്യാപിച്ചാൽ അധികാരത്തിൽ തുടരാം. ഹൗസ് സ്പീക്കർ പോൾ റയാനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സെനറ്റ് മെജോരിറ്റി ലീഡർ മിച്ച് മക്കോണലും ഇങ്ങനെ ഒരു നീക്കം ആവശ്യമാണെന്ന് കരുതുന്നുണ്ടാവില്ല.

മറ്റൊന്ന് സ്വയം രാജി വയ്ക്കുകയാണ്.  ചില രാഷ്ട്രീയ പണ്ഡിതർ അടക്കം പറയുന്നത് നിയമപരമായും രാഷ്ട്രീയമായും തുടരാനാവില്ല എന്ന് ബോധ്യമാവുകയാണെങ്കിൽ  തന്റെ വ്യവസായ സാമ്രാജ്യം സംരക്ഷിക്കുവാൻ ട്രംപ് രാജിവച്ചേക്കും എന്നാണ്. വോട്ടിംഗിലൂടെ  പുറത്താക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്ത പേര് ഒഴിവാക്കാനായിരിക്കും ഇത് (വോട്ട് തനിക്ക് പ്രതികൂലം ആയിരിക്കും എന്ന് മനസ്സിലായപ്പോൾ നിക്സൻ രാജിവയ്ക്കുക യായിരുന്നു) എന്നാൽ ഒരു പ്രതിസന്ധിയിൽ  സമരം ചെയ്യാതെ പിൻവാങ്ങുക ട്രംപിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

ഇതെല്ലാം ചിലരുടെ ചിന്തകളിൽ മാത്രം നിലനില്ക്കുന്ന കാര്യങ്ങളാണ്. എതിർപ്പുകൾ അതിജീവിച്ച് ട്രംപ് മുന്നോട്ട് തന്നെ പോകുമെന്ന് അനുയായികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.