Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപിനെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ

Donald Trump ഡോണൾഡ് ട്രംപ്

ലണ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ബ്രിട്ടൻ സന്ദർശനത്തിനിടെ വെസ്റ്റ്മിനിസ്റ്റർ ഹാളിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ഉണ്ടാകില്ല. ട്രംപിനെ പാർലമെന്റിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ജോൺ ബെർക്കോവ് വ്യക്തമാക്കി. പൊതുസഭയിൽ ഒരു പോയിന്റ് ഓഫ് ഓർഡറിനു മറുപടി നൽകവേയാണ് പാർലമെന്റിന്റെ റോയൽ ഗാലറിയിലേക്കുള്ള ട്രംപിന്റെ പ്രവേശനം തടയാൻ തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് സ്പീക്കർ മറുപടി നൽകിയത്.

വംശീയത, വർഗീയത തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണെന്നും ഇവയെല്ലാം കണക്കിലെടുത്താകും ഏതൊരു രാഷ്ട്രത്തലവനും ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം നൽകുന്നതെന്നും സ്പീക്കർ വിശദീകരിച്ചു. കുടിയേറ്റത്തിന് വിലക്കും ഏഴുരാജ്യങ്ങൾക്ക് വീസ നിരോധനവും ഏർപ്പെടുത്തിയത് ട്രംപിനോടുള്ള തന്റെ എതിർപ്പ് വർധിപ്പിക്കുന്നുണ്ടെന്നും സ്പീക്കർ തുറന്നടിച്ചു.

സ്പീക്കറുടെ കടുത്ത നിലപാടിനെ മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിയും സ്കോട്ടീഷ് നാഷണൽ പാർട്ടിയും സ്വാഗതം ചെയ്തു. എന്നാൽ സ്പീക്കർ ഏതുവിഷയത്തിലും നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടയാളാണെന്നായിരുന്നു വിമർശകരുടെ വിലയിരുത്തൽ.

ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം റദ്ദാക്കണമെന്നും സന്ദർശനം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന രണ്ട് പരാതികൾ ഈ മാസം അവസാനം പാർലമെന്റ് ചർച്ചചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്പീക്കറുടെ ഇപ്പോഴത്തെ ഉറച്ച നിലപാടിന് പ്രാധ്യാന്യം ഏറെയാണ്. ട്രംപിന്റെ സന്ദർശനം തടയണമെന്ന പരാതിയിൽ ഇരുപതു ലക്ഷത്തോളം പേരും സന്ദർശനം അനുവദിക്കണമെന്നാവശ്യപ്പട്ടുള്ള നിവേദനത്തിൽ ഒരു ലക്ഷത്തിലധികം ആളുകളുമാണ് ഒപ്പിട്ടിട്ടുള്ളത്.

രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ ഏഴ് മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് വീസ വിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് സന്ദർശനത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയായിരുന്നു.

ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും ആയിട്ടില്ലെങ്കിലും ഈവർഷം വേനൽക്കാലത്ത് സന്ദർശനം ഉണ്ടായേക്കുമെന്നാണ് സൂചന. ബ്രിട്ടൻ സന്ദർശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റുമാർ പാർലമെന്റിനെ അഭിസംബോധന ചെയ്യുക പതിവാണ്. ഈ പതിവാണ് ട്രംപിന്റെ കാര്യത്തിൽ ഒഴിവാക്കുമെന്ന് സ്പീക്കർ പ്രഖ്യാപിച്ചിരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.