Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്പോൺസർഷിപ്പ് സൗഹൃദത്തിന്റെ ആവർത്തനമായി ഇന്ത്യ പ്രസ്ക്ലബ് കോൺഫറൻസ്

ipc

ഷിക്കാഗോ∙ ഇന്ത്യ പ്രസ്ക്ലബ് ഏഴാമത് കോൺഫറൻസിന് അരങ്ങൊരുങ്ങുമ്പോൾ സ്പോൺസർഷിപ്പ് സൗഹൃദത്തിന്റെ ആവർത്തനമൊരുക്കുകയാണ് കാർഷിക ശാസ്ത്രജ്ഞനായ ഡോ. മാണി സ്കറിയയും നടനും കവിയും സാഹിത്യകാരനും സർവോപരി മാധ്യമ സ്നേഹിയുമായ തമ്പി ആന്റണിയും. ന്യൂജഴ്സിയിൽ 2013 ൽ നടന്ന നാലാമത് പ്രസ്ക്ലബ് കോൺഫറൻസിന്റെ സ്പോൺസറായിരുന്നു തമ്പി ആന്റണി. ഡോ. മാണി 2015 ൽ നടന്ന ആറാമത് കോൺഫറൻസിന്റെയും സാമ്പത്തിക സഹായകനായി. ഇവർക്കൊപ്പം കെഎച്ച്എൻഎ (കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) അരിസോണ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടിയും സ്പോൺസർഷിപ്പുമായി രംഗത്തുണ്ട്. കോട്ടയം സ്വദേശിയും ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റി അംഗവുമായ ഡോ, മാണി സ്കറിയ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനാണ്. നൂതന സാങ്കേതിക വിദ്യകളിലൂടെ സിട്രസ് (ഓറഞ്ച്, നാരകം വർഗത്തിലുളളവ) ഉൽപാദനത്തിൽ  വൻ മുന്നേറ്റമുണ്ടാക്കുന്ന കണ്ടുപിടുത്തങ്ങൾ നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് ഡോ. മാണി സ്കറിയ.

കോട്ടയം ബസേലിയോസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും ബിരുദ ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കിയ ഡോ. മാണി സ്കറിയ അമേരിക്കയിലെ പ്രശസ്ത പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. യുഎസ് അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റിലും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിലും, ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലും പ്രവർത്തിച്ചിട്ടുളള ഡോ. മാണി സിട്രസ് ഉൽപ്പാദനത്തിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ റിട്ടയർ ചെയ്തെങ്കിലും ടെക്സസ് അഗ്രിക്കൾച്ചറൽ കമ്മിറ്റി ഉപദേഷ്ടാവായും കോളജ് ഓഫ് സയൻസ് അഡ്വൈസറാ യും ഇപ്പോഴും പ്രവർത്തിക്കുന്നു.
 
അമേരിക്കൻ മലയാളി സമൂഹത്തിലെന്നല്ല മുഖ്യധാരാ മലയാളി സമൂഹത്തിൽ പോലും പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയാണ് തമ്പി ആന്റണി. ഇതിനകം മുപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുളള തമ്പി ആന്റണിയെ തിരശീലയിൽ എപ്പോഴെങ്കിലും കണ്ട ിട്ടില്ലാത്ത മലയാളി ഉണ്ടാകാനിടയില്ല. സഹോദരനും സിനിമാ നടനുമായ ബാബു ആന്റണിക്കൊപ്പം 1995 ൽ അറേബ്യ എന്ന  ചിത്രത്തിലാണ് തമ്പി ആന്റണി ആദ്യം വേഷമിട്ടതെങ്കിലും ആദ്യ അംഗീകാരം നേടിയെത്തുന്നത് ബിയോണ്ട് ദി സോൾ എന്ന ഇംഗ്ലീഷ് സിനിമയിലെ അഭിനയത്തിനാണ്. ആ ചിത്രത്തിൽ ആചാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തമ്പി ആന്റണിയുടെ പ്രകടനത്തെ വിദേശി ആസ്വാദകർ അപ്പാടെ സ്വീകരിച്ചു. ഹോണലുല ഫിലിം ഫെസ്റ്റിവ ലിൽ മികച്ച നടനുളള പുരസ്കാരവും അദ്ദേഹം നേടി.

കവിയും കഥാകാരനുമായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡി.സി ബുക്സ് അടക്കമുളള വൻ പ്രസിദ്ധീകരണ ശാലകളാണ് പ്രസിദ്ധീകരിച്ചിട്ടുളളത്. കവിതാ സമാഹാരങ്ങൾ (ഡിസി ബുക്സ്), മലചവിട്ടുന്ന ദൈവങ്ങൾ, നാടക സമാഹാരങ്ങൾ (ഒലീവ് ബുക്സ്), ഇടിച്ചക്കപ്ലാമൂട് പൊലിസ് സ്റ്റേഷൻ എന്നിവയാണ് പ്രധാന കൃതികൾ. ഭൂതത്താൻ കുന്ന് എന്ന നോവലും എഴുതിയിട്ടുണ്ട്.
ഇന്റർനാഷണൽ അവാർഡ് നേടിയ പാപ്പിലിയോ ബുദ്ധ അടക്കം കൽക്കട്ട ന്യൂസ്, ജാനകി, സുഫി പറഞ്ഞ കഥ, മെയ്ഡ് ഇൻ യു.എസ്.എ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുമാണ് തമ്പി ആന്റണി.

ഡൽഹി ഐഐടിയിൽ പഠനം നടത്തിയ ഡോ. സതീഷ് അമ്പാടി ബാംഗ്ളൂരിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്നു. സ്കോളർഷിപ്പ് നേടി ജപ്പാനിൽ ഉപരി പഠനത്തിനു പോയ അദ്ദേഹം 1992 ലാണ് അമേരിക്കയിലെത്തുന്നത്. ഒഹായോവിലെ റൈറ്റ് പാറ്റേഴ്സൺ എയർഫോഴ്സ് ബേസിൽ ജോലി ആരംഭിച്ച അദ്ദേഹം 1995 ൽ അരിസോണയിലെത്തി. ഇപ്പോൾ റെയ്തോൺ എന്ന കമ്പനിയിൽ പ്രവർത്തിക്കുന്നു. പ്രതിരോധ സംബ ന്ധമായ കാര്യങ്ങളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.

അരിസോണയിലെ സാമൂഹ്യ, സാമുദായിക രംഗങ്ങളിൽ സജീവമായ ഡോ. അമ്പാടി അരിസോണ ഹിന്ദു ടെംപിൾ ബോർഡ് ഓഫ് ഡയറക്ടേഴസ് അംഗമായിരുന്നു. ഫിനിക്സ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ചു. ഒരു മലയാളി രണ്ടുതവണ അസോസിയേഷൻ പ്രസിഡന്റാവുന്നത് അതാദ്യമായിരുന്നു.

ഡോ. സതീഷ് അമ്പാടി പ്രസിഡന്റായ കെഎച്ച്എൻഎ അരിസോണ ചാപ്റ്റർ ഈ വരുന്ന ജൂലൈ 1 മുതൽ 4 വരെ ഡിട്രോയിറ്റിൽ അരങ്ങേറുന്ന ഒൻപതാമത് നാഷണൽ കൺവൻഷൻ വിജയിപ്പിക്കുവാനുളള ശ്രമത്തിലാണ്. അമേരിക്കയുടെ പടിഞ്ഞാറൻ നഗരത്തിൽ കെഎച്ച്എൻഎയുടെ നാഷണൽ കൺവൻഷൻ നടത്തണമെന്നാണ് ഡോ. സതീഷിന്റെ ആഗ്രഹം. ബ്രഹ്മാവ്, വിഷ്ണു, രാമ ക്ഷേത്രങ്ങളുളള അരിസോണയാണ് ഹിന്ദു കൺവൻഷന് ഏറ്റവും യോജ്യമായ സ്ഥലമെന്ന് ഡോ. സതീഷ് വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.