Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗദി– ഖത്തർ ബന്ധവും ട്രംപിന്റെ മുൻ ബിസിനസ് താൽപര്യങ്ങളും

Donald Trump

വാഷിങ്ടൻ ∙ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഖത്തറിനെ ഒറ്റപ്പെടുത്തിയപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയുടെയും യുഎഇയുടെയും  പക്ഷം ചേർന്ന് ഖത്തറിനെ വിമർശിച്ചതിനു കാരണം  ട്രംപിന്റെ മുൻ വ്യവസായ ബന്ധങ്ങളാണെന്ന് എതിരാളികൾ ആരോപിച്ചു. ട്രംപ് കഴിഞ്ഞ 20 വർഷങ്ങളായി സൗദിയുമായി  വ്യാപാരം നടത്തിയിരുന്നു. സൗദിയിലെ പ്ളംസ ഹോട്ടലിൽ ഒരു സൗദി രാജകുമാരനുമായി ഇപ്പോഴും പങ്കാളിത്തമുണ്ട്. യുഎഇയിലെ ഒരു ഗോൾഫ് കോഴ്സിൽ തന്റെ പേര് ഉപയോഗിക്കുന്നതിന് ട്രംപ് മില്യൺ കണക്കിന് ഡോളർ വാങ്ങുന്നു. മറ്റൊരു ഗോൾഫ് കോഴ്സ് അടുത്തു തന്നെ തുറക്കും.

കഴിഞ്ഞ കുറെ വർഷമായി പരിശ്രമിക്കുന്നുണ്ടെങ്കിലും  ഇതുവരെ ട്രംപിന് ഖത്തറിൽ  ഒരു വ്യവസായ സംരംഭം തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല. സൗദിയും യുഎഇയും ഖത്തറും അമേരിക്കയുമായി അടുത്ത ബന്ധങ്ങളുള്ള രാഷ്ട്രങ്ങളാണ്. ഇവർ തമ്മിലുള്ള ബന്ധം വഷളായപ്പോൾ തനിക്ക് വ്യാപാര താൽപര്യങ്ങളുള്ള  രാജ്യങ്ങൾക്കൊപ്പം ട്രംപ് നിലയുറപ്പിച്ചതായാണ് ആരോപണം. പ്രസിഡന്റ് എന്ന പദവിയും  സാമ്പത്തിക താല്പര്യങ്ങളും ഏറ്റുമുട്ടുന്ന അവസ്ഥയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. താൻ സൗദിയേയും യുഎഇയേയും പിന്തുണയ്ക്കുന്നത് ഖത്തർ തീവ്രവാദികൾക്ക് ധനസഹായം നൽകുന്നതിനാലാണെന്ന് ട്രംപ് പറയുന്നു. മദ്ധ്യ പൂർവ്വ ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസ് ഖത്തറിലാണ്. പെന്റഗണും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും  പ്രസിഡന്റിന്റെ നിലപാടിനോടു യോജിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഡിഫൻസിന്റെയും സ്റ്റേറ്റിന്റെയും സെക്രട്ടറിമാർ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുഖ്യശത്രുവിനെ നേരിടുവാൻ ഐക്യം വേണമെന്ന് അഭ്യർത്ഥിച്ചു.

കഴിഞ്ഞ നാൽപത് വർഷത്തിനിടയിൽ സ്വന്തം ബിസിനസ് താല്പര്യം വെടിയാതെ വൈറ്റ് ഹൗസിലേയ്ക്ക് കടക്കുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്. എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ മറ്റ് മുതിർന്ന  ഉദ്യോഗസ്ഥർ ആസ്തികൾ വെടിയുവാൻ തയാറാകണം  എന്ന് ഒരു നിഷ്കർഷയുണ്ട്. ട്രംപ് മാത്രം തന്റെ സ്വന്തം ആഗോള താല്പര്യങ്ങൾ കൈവശം വയ്ക്കുവാൻ തീരുമാനിച്ചത് ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു എന്ന് വിമർശകർ പറയുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പൊതു നടപടികൾ ഇത് വ്യക്തമാക്കുമ്പോൾ.

മധ്യപൂർവ്വ ഏഷ്യയിലെ മറ്റു രാജ്യങ്ങൾ ഇതു കണ്ടിട്ട് തങ്ങളും ഗോൾഫ് കോഴ്സുകൾ തുറക്കുകയോ  ട്രംപ് ഇന്റർ നാഷണലിൽ ഹോട്ടൽ മുറികൾ വാങ്ങുകയോ ചെയ്തേക്കാം. പ്രസിഡന്റ് ഒബാമയുടെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിൽ  ലീഗൽ അഡ് വൈസറായിരുന്ന ബ്രയാൻ ഈഗൻ പറഞ്ഞു. പ്രസിഡന്റിന് ഗൂഡോദ്ദേശം ഇല്ലെങ്കിലും ഒരു പ്രസിഡന്റ് വളരെ സജീവമായ ഒരു മേഖലയിലെ ബിസിനസിൽ നിന്ന് ധനം സമ്പാദിക്കുന്നത് ദുഃസൂചനകൾ നൽകും എന്ന് കൂട്ടിച്ചേർത്തു.

താൽപര്യ വൈരുദ്ധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരു വൈറ്റ്ഹൗസ് വക്താവ് മറുപടി പറയുവാൻ വിസമ്മതിച്ചതായി ഒരു ന്യൂയോർക്ക് പത്രം റിപ്പോർട്ട് ചെയ്തു. ട്രംപ് തന്റെ ബിസിനസ്സായ ട്രംപ് ഓർഗനൈസേഷന്റെ മാനേജ്മെന്റിൽ നിന്നു സ്വയം ഒഴിവായതായി വൈറ്റ്ഹൗസ് വക്താവ് മൈക്കേൽ ഷോർട്ട് പറഞ്ഞു.

എന്നാൽ ഉടമസ്ഥത വിട്ടു കൊടുക്കാതെ മാനേജ്മെന്റിൽ നിന്നു മാത്രം ഒഴിവാകുന്നത് സാമ്പത്തിക ലാഭവും വൈരുദ്ധ്യ താൽപര്യവും  വേണ്ടെന്ന് വയ്ക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് ഡയറക്ടർ ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുൻപ്  മുന്നറിയിപ്പ് നൽകിയിരുന്നു.

ഖത്തറിലേയ്ക്കുള്ള യുഎസ് അംബാസഡർ ഡാനഷെൽ  സ്മിത്ത് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്ഥാനം ഒഴിയുന്നതായാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.