Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കാനഡയിലെ സിറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് സന്ദര്‍ശനത്തിന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എത്തുന്നു

mar alancheri

മിസ്സിസാഗ∙ വിശ്വാസത്തിന്റേയും വളര്‍ച്ചയുടേയും പാതയില്‍ മാതൃകാപരമായ മുന്നേറ്റം നടത്തുന്ന കാനഡയിലെ സിറോ മലബാര്‍ അപ്പോസ്തലിക് എക്‌സാര്‍ക്കേറ്റ് സന്ദര്‍ശത്തിനായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തുന്നു. വിശ്വാസവീഥിയില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനുള്ള സംഗമങ്ങളില്‍ പങ്കെടുക്കുന്നതിനും, എഡ്മിന്റണില്‍ സ്വന്തമായ ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും മിസ്സിസാഗാ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷവുമാണ് സന്ദര്‍ശന പരിപാടികളില്‍ ശ്രദ്ധേയം. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍ ജോര്‍ജ ആലഞ്ചേരി പിതാവ് ജൂലൈ 26-ന് എത്തും. എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്റേയും, മാര്‍ ജോസ് കല്ലുവേലി പിതാവിന്റെ മെത്രാഭിഷേകത്തിന്റേയും ചടങ്ങുകള്‍ക്കു ശേഷമുള്ള ആദ്യ ഇടയസന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

കാനഡയിലെ ഒൻപതു പ്രവിശ്യകളില്‍ ഇതിനകം സിറോ മലബാര്‍ സഭാ എക്‌സാര്‍ക്കേറ്റിന്റെ സാന്നിധ്യം ഉറപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം. 43 സെന്ററുകളിലായി ഇരുപതിനായിരത്തിലേറെ വിശ്വാസികളെ എക്‌സാര്‍ക്കേറ്റിനു കൂട്ടിയിണക്കാനായി. മൂന്നു ഇടവകകള്‍ക്ക് സ്വന്തമായ ആരാധനാലയമായി. അജപാലന ശുശ്രൂഷയില്‍ മാര്‍ ജോസ് കല്ലുവേലിക്കൊപ്പം ഇപ്പോള്‍ 15 വൈദികരും, 11 സന്യാസിനികളുമാണുള്ളത്. ലത്തീന്‍ രൂപതകളില്‍ ശുശ്രൂഷ ചെയ്യുന്ന മറ്റ് ഏഴു സിറോ മലബാര്‍ വൈദികരുടെ സേവനവും ലഭിക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പടെ 3 വൈദിക വിദ്യാര്‍ത്ഥികളുമുണ്ട്. നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ദൈവാനുഗ്രഹത്തിനു നന്ദി അര്‍പ്പിക്കുന്നതിനൊപ്പം, സഭയുടെ ജീവനാഡിയായ ദൈവജനത്തിനും എക്‌സാര്‍ക്കേറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും പ്രോത്സാഹിപ്പിക്കുകയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശന ഉദ്ദേശമെന്നു മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. 

ജൂലൈ 26-ന് വൈകിട്ടു മിസ്സിസാഗായില്‍ എത്തുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജൂലൈ 27-ന് വ്യാഴാഴ്ച രാവിലെ 9.45-ന് സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം നല്‍കും. 10 നു എക്‌സാര്‍ക്കേറ്റ് നേതൃസംഗമത്തെ അഭിസംബോധന ചെയ്യും. എക്‌സാര്‍ക്കേറ്റ് പാസ്റ്ററല്‍ കൗണ്‍സില്‍, യൂത്ത് മൂവ്‌മെന്റ്, ഫൈനാന്‍സ് കൗണ്‍സില്‍, മതബോധന കമ്മീഷന്‍ നേതാക്കള്‍, കൈക്കാരന്മാര്‍, സമീപ ഇടവകകളിലെ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുമാണ് നേതൃസംഗമത്തില്‍ പങ്കെടുക്കുക. വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ അരീക്കാട്ടിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. മാര്‍ ജോസ് കല്ലുവേലില്‍ സ്വാഗതം ആശംസിക്കും. 

എക്‌സാര്‍ക്കേറ്റ് ചാന്‍സിലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ രാജ് മാനാടന്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നിര്‍മല്‍ തോമസ്, ഫിനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി മോളി ജോസഫ് എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് എക്‌സാര്‍ക്കേറ്റ് മന്ത്‌ലി ഇ- ബുള്ളറ്റിന്‍ പ്രകാശനം ചെയ്തശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദേശം നല്‍കും. 12-ന് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നിന് ബിഷപ്പ് ഹൗസില്‍ എക്‌സാര്‍ക്കേറ്റിലെ വൈദീകരുടെ യോഗം നടക്കും. വൈകിട്ട് 7.15-ന് ടൊറന്റോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും 7.30-ന് വിശുദ്ധ കുര്‍ബാനയുമുണ്ടാകും. 

ജൂലൈ 28-നു വെള്ളിയാഴ്ച രാവിലെ 8 ന് എക്‌സാര്‍ക്കേറ്റിലെ സന്യാസിനികള്‍ക്കായി വിശുദ്ധ കുര്‍ബാന, 9.30-ന് ഇവര്‍ക്കായി നടക്കുന്ന യോഗത്തില്‍ പ്രസംഗിക്കും. കാര്‍മലേറ്റ്, അപ്പസ്‌തോലിക് ഒബ്‌ളേറ്റ്‌സ്, ഹോളി ഫാമിലി സമൂഹങ്ങളില്‍ നിന്നുള്ള സന്യാസിനികളാണ് എക്‌സാര്‍ക്കേറ്റില്‍ ശുശ്രൂഷ ചെയ്യുന്നത്. 11 മണിക്ക് എക്യൂമെനിക്കല്‍ സഭകളില്‍ നിന്നുള്ള 17 ഇടവകകളിലെ വൈദികരും, കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച കത്തീഡ്രലില്‍ നടക്കും. 

വൈകിട്ട് എഡ്മന്റണിലേക്ക് പോകുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരി അവിടെ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിക്കും. ജൂലൈ 29-ന് ശനിയാഴ്ച രാവിലെ 9-ന് എഡ്മന്റണിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും, വെസ്റ്റേണ്‍ റീജണല്‍ പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍ ആത്മീയ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ, സാസ്കച്വാന്‍ പ്രവിശ്യകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് വെസ്റ്റേണ്‍ റീജണല്‍ പാസ്റ്ററല്‍ സെന്റര്‍.

ജൂലൈ 30-ന് ഞായറാഴ്ച മിസ്സിസാഗായില്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷം നടക്കും. 9.45-ന് വിശ്വാസികളുടെ നേതൃത്വത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വരവേല്‍പ് നല്‍കും. 10 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. മാര്‍ ജോസ് കല്ലുവേലില്‍, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഏറെ പ്രതീക്ഷാജനകമായ പ്രസ്തുത ഇടയസന്ദര്‍ശന സംഗമങ്ങള്‍ക്കുശേഷം 31-ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലേക്ക് മടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.