Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചീഞ്ഞഴുകി, അസ്ഥികൂടമായി ഒടുക്കം; കാണാതിരിക്കരുത് ഈ അമ്മയുടെ അനുഭവം

dead-body.jpg.image.786.410 representative image

മുംബൈ∙ പ്രവാസലോകത്ത് ജീവിതസ്വപ്നങ്ങള്‍ നെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിരുത്തി വായിക്കേണ്ട വാര്‍ത്തയാണിത്. ഇത്തരം ദയനീയമായ സംഭവങ്ങള്‍ ഒരു ചൂണ്ടുപലകയാണ്. പെറ്റു പോറ്റി വളര്‍ത്തിയ മകന്‍ അവസാനകാലത്ത് അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് എല്ലാ അമ്മമാരെയും പോലെ മുംബൈയിലെ അറുപത്തിമൂന്നുകാരിയായ ആഷാ സഹാനിയും ആശിച്ചിട്ടുണ്ടാകം. എന്നാല്‍ ജോലിത്തിരക്കുകളും ജീവിതപ്രശ്‌നങ്ങളും തീര്‍ത്തു മകന്‍ എത്തിയപ്പോള്‍ ഒറ്റപ്പെടലിന്റെ ലോകത്തുനിന്ന് അവര്‍ മടങ്ങിയിരുന്നു. ആരുമറിയാതെ മരിച്ച്, ചീഞ്ഞഴുകി, അസ്ഥികൂടമായി. ഒരു വൃദ്ധസദനത്തില്‍ ആക്കിയിരുന്നെങ്കില്‍ പോലും ആ അമ്മയ്ക്ക് ഇത്തരത്തിലൊരു ദുര്‍മരണം ഉണ്ടാകുമായിരുന്നില്ല. 

അമേരിക്കയില്‍ നിന്നെത്തിയ മകന്‍ അന്ധേരി ലോഖണ്ഡ്വാലയിലെ ഫ്‌ളാറ്റില്‍ അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അമ്മ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസ് പറയുന്നത്. അറുപത്തിമൂന്നുകാരിയായ ആഷാ സഹാനിയുടെ കട്ടിലിനു സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പും 50,000 രൂപയും പൊലീസ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പാണ് പൊലീസിനു ലഭിച്ചത്. മുറിയില്‍നിന്ന് ഒഴിഞ്ഞ കുപ്പിയും സ്‌പ്രേ കാനും കണ്ടെത്തി. ഇതു ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ആഡംബര സമുച്ചയമായ ബെല്‍സ്‌കോട് ഹൗസിങ് സൊസൈറ്റിയില്‍ പത്താംനിലയിലെ ഫ്‌ളാറ്റിലാണ് ഋതുരാജ് സഹാനിയുടെ അമ്മ ആഷ സഹാനി(63)യുടെ അസ്ഥികൂടം ഞായറാഴ്ച കണ്ടെത്തിയത്. പൂട്ടിയിരുന്ന ഫ്‌ളാറ്റ് ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഉപയോഗിച്ചു തുറക്കുകയായിരുന്നു. ആഷ സഹാനിയുടെ ആദ്യ വിവാഹത്തിലെ മകനാണ് ഋതുരാജ്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും ഭാര്യയും 20 വര്‍ഷമായി യുഎസിലാണ്. വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മയെ കാണാന്‍ മുംബൈയില്‍ എത്തിയിരുന്നത്. ഭര്‍ത്താവ് 2013ല്‍ മരിച്ചശേഷം ഡ്രൈവറെയും വീട്ടുജോലിക്കാരിയെയും ഒഴിവാക്കി ഒറ്റയ്ക്കായിരുന്നു ആഷ സഹാനിയുടെ താമസം. 1500 ചതുരശ്രയടിയുള്ള ഫ്‌ളാറ്റിന്റെ രണ്ടു ജനാലകള്‍ തുറന്നാണു കിടന്നത്. ഇതുവഴി പ്രാവുകള്‍ മുറിക്കുള്ളില്‍ കടന്നു കൂടുവച്ചിരുന്നു. ബില്‍ അടയ്ക്കാതിരുന്നതിനാല്‍ മൂന്നു മാസം മുമ്പ് ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നതായി ഒഷിവാര പൊലീസ് അറിയിച്ചു. 

അമ്മയെക്കുറിച്ച് വിവരം കിട്ടുന്നില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 24ന് ഓഷിവാര പൊലീസിന് ഓണ്‍ലൈന്‍ പരാതി നല്‍കിയിരുന്നതായി ഋതുരാജ് പറയുന്നു. പൊലീസെത്തിയെങ്കിലും പത്താം നിലയിലെ ഫ്‌ളാറ്റിന്റെ താക്കോല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ വിവരം ഋതുരാജിനെ അറിയിച്ചിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. നാട്ടിലെത്തി അമ്മയെ അഗതിമന്ദിരത്തിലേക്കു മാറ്റുമെന്ന് ഋതുരാജ് വ്യക്തമാക്കിയിരുന്നുവെന്നാണു പൊലീസ് ഭാഷ്യം. 

അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഭാര്യയില്‍നിന്നു വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നതിനാലാണ് ഋതുരാജിനു പെട്ടെന്നു നാട്ടിലേക്കു വരാന്‍ കഴിയാതിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്തു വയസുള്ള മകന്‍ ഋതുരാജിനൊപ്പമാണ് അമേരിക്കയില്‍ താമസിക്കുന്നത്. 2016 ഏപ്രിലിനു മുമ്പ് ആഷാ സഹാനി അമേരിക്കയിലെത്തി ഒരാഴ്ചയോളം ഋതുരാജിനൊപ്പം താമസിച്ചിരുന്നു. തന്നെക്കുറിച്ചോര്‍ത്തു വിഷമിക്കേണ്ടെന്നും വൃദ്ധസദനത്തില്‍ താമസിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും അമ്മ പറഞ്ഞിരുന്നതായി ഋതുരാജ് പൊലീസിനെ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആഷ ഹൗസിങ് സൊസൈറ്റിയിലെ പ്രതിമാസത്തുക അവസാനമായി അടച്ചത്. അതു മുടങ്ങിയപ്പോള്‍ പലവട്ടം അന്വേഷിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നു പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് സൊസൈറ്റി അധികൃതര്‍ പറയുന്നു. എന്നാല്‍ പൊലീസ് ഇതു നിഷേധിക്കുന്നു. തൊട്ടടുത്ത ഫ്‌ളാറ്റില്‍ ഒരു സ്ത്രീ മരിച്ച് അവരുടെ മൃതദേഹം ചീഞ്ഞഴുകി അസ്ഥികൂടമായിട്ടും അയല്‍വാസികള്‍ അറിഞ്ഞില്ലെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുത. അവര്‍ക്കെന്തു സംഭവിച്ചുവെന്നു പരിശോധിക്കാന്‍ ഒരാള്‍ പോലും കൂട്ടാക്കിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.