Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നോവിക്കാതെ ഇർമ; യുഎസ് ശാന്തം, പൂർണ സുരക്ഷിതരെന്ന് മലയാളികൾ

STORM-IRMA/

വാഷിങ്ടൻ ∙ കരീബിയൻ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് പ്രഹരശേഷി കുറഞ്ഞ് യുഎസ് തീരം പിന്നിട്ടു. നാട്ടിൽ പ്രചരിക്കുന്നതുപോലെ ഭീകരമല്ല കാര്യങ്ങളെന്നും തങ്ങൾ പൂർണ സുരക്ഷിതരാണെന്നും യുഎസിലെ പ്രവാസി മലയാളികൾ അറിയിച്ചു.

മലയാളികള്‍ ഒട്ടേറെയുള്ള മിയാമി ഉൾപ്പെടുന്ന ദക്ഷിണ ഫ്ളോറിഡയെ ഇർമ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് സുനിൽ തൈമറ്റം, പ്രവാസി മലയാളി കൂട്ടായ്മയുടെ മുൻനിരയിലുള്ള റോബിൻ ആന്റണി, പീറ്റർ സെബാസ്റ്റ്യൻ, ബാബു കല്ലിടുക്കിൽ എന്നിവർ അറിയിച്ചു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണ് ഫ്ലോറിഡ. ഇവിടെ വൻതോതിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും തങ്ങൾ താമസിക്കുന്ന ദക്ഷിണ ഫ്ലോറിഡയിൽ എല്ലാം ശാന്തമാണെന്നും ആർക്കും പരുക്കുകളില്ലെന്നും ഇവർ പറഞ്ഞു.

ദക്ഷിണ ഫ്ലോറിഡയിൽത്തന്നെ ആയിരക്കണക്കിന് മലയാളികളുള്ളതിൽ അധികവും നഴ്സുമാരാണ്. ഇർമ ഭീഷണി വന്നപ്പോഴും ഡ്യൂട്ടിയിൽനിന്ന് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ ഇവർ ഒഴിഞ്ഞുപോയിരുന്നില്ല. ‘പ്രേതഭൂമി’ എന്നുള്ള വിശേഷണങ്ങൾ തെറ്റാണ്. മിയാമിയിൽ ഉൾപ്പെടെ ഇർമ എത്തിയ മേഖലകളെല്ലാം പഴയപടി ആയിക്കൊണ്ടിരിക്കുന്നു. ചില വാർത്താ ഏജൻസികൾ ആദ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ കൊടുത്തതാണ് വലിയതോതിൽ പ്രചരിച്ചതെന്നും മലയാളികൾ ചൂണ്ടിക്കാട്ടുന്നു.

മലയാളികളുടെ വീട്ടുമുറ്റത്ത് മാവും പ്ലാവും തെങ്ങും വച്ചിട്ടുണ്ട്. വീശിയടിച്ച കാറ്റിൽ ഈ മരങ്ങൾ പലതും കടപുഴകി വീണിട്ടുണ്ട്. എന്നാൽ വീടുകൾക്കോ മനുഷ്യർക്കോ യാതൊരു പരുക്കുകളും സംഭവിച്ചിട്ടില്ലെന്നു സുനിൽ തൈമറ്റം വിശദീകരിച്ചു. ആകെ കുഴപ്പമാണ് എന്ന തരത്തിലുള്ള വാർത്തകൾ അറിഞ്ഞതോടെ നാട്ടിലുള്ള ബന്ധുക്കൾ വിഷമത്തിലാണ്. എത്ര പറഞ്ഞിട്ടും വിശ്വസിക്കാൻ തയാറാകുന്നില്ല. എല്ലാ മലയാളികളും സുരക്ഷിതരാണെന്നും മിയാമി അടക്കം ഇർമ വീശിയടിച്ച പ്രദേശങ്ങളെല്ലാം സാധാരണ നിലയിലായെന്നും റോബിൻ ആന്റണി പറഞ്ഞു.

വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതു മാത്രമാണ് ആകെയുണ്ടായ പ്രയാസം. എട്ടു മണിക്കൂർ വൈദ്യുതി മുടങ്ങി. പിന്നീട് പുനഃസ്ഥാപിച്ചു. കുടിവെള്ള വിതരണം ഏതാനും മണിക്കൂർ മുടങ്ങിയതും പഴയപോലെയായി. ലക്ഷക്കണക്കിനുപേരെ ഒഴിപ്പിച്ചു എന്നുള്ള വാർത്തകളും ശരിയല്ല. ഇർമ തീവ്രമാകുമെന്ന പ്രവചനത്തെ തുടർന്ന് ഒഴിയാൻ തയാറെടുക്കണമെന്നാണാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ യുഎസ് തീരത്തേക്ക് അടുക്കുന്തോറും ഇർമയുടെ പ്രഭാവം കുറഞ്ഞതിനാൽ ഒഴിഞ്ഞുപോകണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ അറിയിച്ചു. മലയാളികളാരും വീടുവിട്ട് മാറിപ്പോയിരുന്നില്ലെന്നും ഇവർ പറയുന്നു.

റോഡുകൾ ഗതാഗതയോഗ്യമാണ്. വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായിട്ടില്ല. കടൽത്തീരത്തോടു ചേർന്ന മേഖലകളിൽ മാത്രമാണ് വെള്ളം കയറിയത്. അതെല്ലാം പഴയപടിയായിട്ടുണ്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മിയാമി, ടാംപ, ഒർലാൻഡോ, ജാക്സൻവില്ല തുടങ്ങിയ പ്രദേശങ്ങൾ തികച്ചും ശാന്തമാണ്. ചുഴലിക്കാറ്റ് വരുന്നത് കണക്കിലെടുത്ത് മലയാളികൾ നിരവധി കൂട്ടായ്മകൾ രൂപീകരിച്ചിരുന്നു. യുഎസിലെ പല സ്ഥലങ്ങളിലുള്ള മലയാളികൾ കൂട്ടായ്മയിലുണ്ട്. കൂട്ടായ്മയിലെ അംഗങ്ങളിൽ ആർക്കും കുഴപ്പമില്ലെന്നും പീറ്റർ സെബാസ്റ്റ്യൻ പറഞ്ഞു.

നാട്ടിൽ മഴയുണ്ടാകുമ്പോൾ സംഭവിക്കുന്ന നേരിയ ബുദ്ധിമുട്ടുകളേ ഇവിടെയും ഉണ്ടായുള്ളൂ. നാട്ടിലെ കുടുംബങ്ങൾക്ക് യാതൊരു പരിഭ്രാന്തിയും വേണ്ട. ഇർമയെത്തുടർന്ന് വലിയ കൊള്ളയാണ് നടക്കുന്നതെന്നതും ഊതിപ്പെരുപ്പിച്ചതാണ്. പ്രതികളെല്ലാം പിടിയിലായിട്ടുണ്ട്. മറ്റുള്ളവർ ജാഗ്രത പാലിക്കാൻ ലക്ഷ്യമിട്ടാണ് ഇവിടെ ഈ വാർത്ത കൊടുത്തത്. എന്നാൽ നാട്ടിൽ പ്രചരിച്ചത് മറ്റൊരു തരത്തിലാണ്. നാട്ടിൽനിന്നുള്ള വിളികൾ കാരണം രണ്ടുമൂന്നു ദിവസമായി ഉറങ്ങാനായിട്ടില്ലെന്നും പ്രവാസി സൃഹൃത്തുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.