Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹാർവിയും ഇർമയും യുഎസിനെ ‘തകർത്തത്’ ഇങ്ങനെ

hurricane-harvey

കഴിഞ്ഞ 10 വർഷത്തിനിടെ യുഎസ് നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു. ഹാർവി ചുഴലിക്കാറ്റ്. ഇതിൽ നിന്നും ഒരുവിധം മോചനം നേടുന്നതിനിടെയാണ് ഇർമ കൊടുങ്കാറ്റ് യുഎസ് ലക്ഷ്യമാക്കി എത്തിയത്. ഹാർവിയും ഇർമയും യുഎസിനെ ‘തരിപ്പണ’മാക്കിയെന്നു പറയാതെ വയ്യ. ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധിപേരുടെ ജീവൻ രക്ഷിച്ചു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന മേഖലകളിലാണ് രണ്ടു കൊടുങ്കാറ്റുകളും വീശിയതെന്നതും മറ്റൊരു പ്രത്യേകത.

ഹാർവി വന്ന വഴി

ഒാഗസ്റ്റ് 17– കരീബിയൻ ദ്വീപുകളിൽ കൊടുങ്കാറ്റുണ്ടായി. ഇവ മറ്റുമേഖലകളിലേക്കുമെത്തുമെന്ന് മുന്നറിയിപ്പ്.

HURRICANE HARVEY

ഒാഗസ്റ്റ് 19– കാറ്റിന്റെ ഗതി ദക്ഷിണ അമേരിക്കയിലെ വടക്കൻ തീരത്തേക്കും വലിയ കരീബിയൻ ദ്വീപുകളിലേക്കുമെത്തി. കാറ്റിന്റെ പരമാവധി വേഗത 59 മണിക്കൂറിൽ കിലോമീറ്റർ ആയിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ കാറ്റിന്റെ വേഗത വർധിക്കുകയും യുഎസിലേക്ക് കടക്കുകയും ചെയ്തു.

ഹാർവി യുഎസിൽ

ഒാഗസ്റ്റ് 25ന് യുഎസിലെ ടെക്സസിനെ തകർത്തെറിഞ്ഞ് ഹാർവി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വെള്ളിയാഴ്ച മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണ് ഹാർവിയെന്നാണ് യുഎസ് കാലാവസ്ഥാ ഏജൻസി അറിയിച്ചത്. മുൻപ് 2005ലാണ് യുഎസിൽ ഇത്രയും കനത്ത ചുഴലിക്കാറ്റ് വീശിയിട്ടുള്ളത്. ടെക്സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റാണിത്. മഴയും കാറ്റുമെത്തിയതോടെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധമറ്റു. വാർത്താവിനിമയ ബന്ധവും തകരാറിലായി. റോക്പോർട്ട് പട്ടണത്തിലാണ് ഏറ്റവുമധികം നാശനഷ്ടം. 10,000 ആളുകൾ അധിവസിക്കുന്ന ചെറുപട്ടണത്തിലെ മുക്കാൽ പങ്ക് ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോർപസ് ക്രിസ്റ്റി നഗരത്തിലും വൻ നാശനഷ്ടങ്ങളുണ്ട്.

Hurricane Harvey

ശനിയാഴ്ച ഉച്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് മാറി. എന്നാൽ, കാറ്റിനു പിന്നാലെ എത്തിയ കനത്ത മഴ ഭയാനകമായ പ്രളയത്തിലേക്കു നയിച്ചു. 

ഹാർവിക്കു പിന്നാലെ എത്തിയ ഇർമ

Irma

∙അറ്റ്‌ലാന്റിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊണ്ടത്. ഈ പ്രദേശത്തുനിന്നു രൂപമെടുത്ത മറ്റു കൊടുങ്കാറ്റുകളായ ഹ്യൂഗോ, ഫ്ളോയ്ഡ്, ഐവാൻ എന്നിവയും തീവ്രതയുടെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു.

∙ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടർക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ്സ്, ബഹാമസ്, സെന്റ് മാർട്ടിൻ ഐലൻഡ്സ്, ബാർബുഡ, ആംഗില, സെന്റ് മാർട്ടിൻ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, യുഎസ് വിർജിൻ ഐലന്‍ഡ്സ്, പ്യൂട്ടോറിക്കോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത നാശമാണ് ഇർമ വിതച്ചത്. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു പൂർണമായി തകർന്നടിഞ്ഞു. ദ്വീപിൽ ആകെ രണ്ടായിരത്തിൽ താഴെ ജനങ്ങളേയുള്ളൂ. ഇവരിൽ പകുതിയോളം പേരുടെ വീടുകൾ നശിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാർട്ടിൻ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചു.

Hurricane Irma

സെപ്റ്റംബർ എട്ട്– കാറ്റഗറി അഞ്ചിൽ ഉൾപ്പെട്ട ഇർമ കൊടുങ്കാറ്റ് ക്യൂബയിൽ തകർത്തടിച്ചു. ശനിയാഴ്ച രാവിലെ കാറ്റഗറി മൂന്നിലേക്ക് മാറി വേഗം കുറയുകയും ചെയ്തു. ക്യൂബയുടെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടമാണ് വരുത്തിയത്. 

വെള്ളി– കാറ്റ് യുഎസ് തീരം ലക്ഷ്യമാക്കി നീങ്ങി. വലിയ രീതിയിലുള്ള മുൻകരുതലുകളാണ് യുഎസിൽ എടുത്തിരുന്നത്. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാവുകയെന്ന മുന്നറിയിപ്പിനെ തുടർന്ന് ഏതാണ്ട് 65 ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

hurricane-irma

ഞായർ– വടക്കൻ മിയാമി ബീച്ചിൽ ശക്തമായ മഴയുണ്ടായി. കൊടുങ്കാറ്റിനു മുന്നോടിയായിരുന്നു ഇത്. 12 അടി ഉയരത്തിൽ തിരമാലകൾ ഉയർന്നു.

Irma-Florida

ഞായർ– ഫ്ലോറിഡയിൽ 195 കിലോ മീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടെ, കാറ്റിനെ കാറ്റഗറി മൂന്നിലാണ് ഉൾപ്പെടുത്തിയത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറായി. ഫ്ലോറിഡയിലെ പകുതിയിൽ അധികം വീടുകളും ഇരുട്ടിലാണ്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നിരവധി സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കി.

Hurricane Irma passes

തിങ്കൾ– നിരവധി നാശനഷ്ടങ്ങൾ വരുത്തിയ ഇർമയുടെ ‘കലി’യടങ്ങി. കാറ്റിന്റെ ശക്തി കുറഞ്ഞ് സംസ്ഥാനത്തിന്റെ ഗൾഫ് തീരത്തേക്ക് നീങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.