Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫിലഡൽഫിയ ജർമ്മൻടൗൺ പള്ളിയിൽ വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിച്ചു

Velankanni-Matha-Feast-01

ഫിലഡൽഫിയ∙ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഫിലഡൽഫിയാക്കു തിലകക്കുറിയായി വിരാജിക്കുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ ആയിരങ്ങൾ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി ആത്മനിർവൃതിയടഞ്ഞു.

Velankanni-Matha-Feast-04

വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ചിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതാ മുൻ വികാരിജനറളും മുൻമതബോധന ഡയറക്ടറും, എംഎസ്റ്റി സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ റവ. ഫാ. ആന്റണി തുണ്ടത്തിൽ തിരുക്കർമ്മങ്ങൾക്കു നേതൃത്വം നൽകി. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിൻ, സീറോമലബാർപള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെ. മേരീസ് ഇടവകവികാരി റവ. ഫാ. ജോൺ മേലേപ്പുറം, സെ. ജോൺ ന്യൂമാൻ ക്നാനായ മിഷൻ ഡയറക്ടർ റവ. ഫാ. റെന്നി കട്ടേൽ, ഹെർഷി മെഡിക്കൽ സെന്റർ ചാപ്ലെയിനും, സെ. ജോവാൻ ഓഫ് ആർക്ക് പാരീഷിലെ റസിഡന്റ് പാസ്റ്ററുമായ റവ. ഫാ. ഡിജോ തോമസ് എംഎസ്എഫ്എസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Velankanni-Matha-Feast-02

ഇംഗ്ലീഷ്, മലയാളം, സ്പാനീഷ്, ജർമ്മൻ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർത്ഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട ുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും, രോഗികൾക്കും സൗഖ്യദായകമായിരുന്നു. 2012 സെപ്റ്റംബർ എട്ടിനു വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷപൂർവം പ്രതിഷ്ഠിക്കപ്പെട്ട തിനുശേഷം തുടർച്ചയായി ആറാംവർഷമാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാൾ കർമ്മങ്ങൾ ഏഴുമണിവരെ നീണ്ടുനിന്നു.

Velankanni-Matha-Feast-07

സീറോമലബാർ ഇടവകയിലെ സെ. മേരീസ് വാർഡു കൂട്ടായ്മ നേതൃത്വം നൽകിയ തിരുനാൾ ഇന്ത്യൻ ക്രൈസñവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ കൂടിവരവിന്റെ മകുടോദാഹരണമായിരുന്നു. സിറോമലബാർ യൂത്ത് ക്വയർ ആലപിച്ച മരിയഭക്തിഗാനങ്ങൾ എല്ലാവരെയും ആകർഷിച്ചു. റവ. ജോൺ മേലേപ്പുറം ദിവ്യബലിമധ്യേ തിരുനാൾ സന്ദേശം നൽകി. മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിൻ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു.

സീറോമലബാർ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സെ. മേരീസ് വാർഡ് പ്രസിഡന്റ് ജയിംസ് കുരുവിള,  തിരുനാൾ കോർഡിനേറ്റർ ജോസ് തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ വാർഡു കൂട്ടായ്മ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തു. സെപ്റ്റംബർ 9 ശനിയാഴ്ച വൈകിട്ട് നാലു മുതൽ നടന്ന തിരുക്കർമ്മങ്ങളിൽ പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം മരിയഭക്തർ പങ്കെടുത്തു. വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡൽഫിയാ സിറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ തീർത്ഥാടനകേന്ദ്രം ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിന്റെ നേതൃത്വത്തിൽ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണു തിരുനാളിനു മുൻകൈ എടുത്തത്.

Velankanni-Matha-Feast-03

ഭാരതീയക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിൽ ജാതിമത ഭേദമെന്യേ  എല്ലാവരും പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിച്ചു. കുചേലകുബേരഭേദമെന്യേയും, ഹൃദയകാഠിന്യങ്ങൾക്കു വിടനൽകിയും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും,  അഹംഭാവികളും,  പശ്ചാത്തപിക്കുന്നവരും, അന്യായ പലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ  പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണു. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെ. മേരീസ് ഇടവകയിൽ നിന്നും 150 ൽ പരം മരിയഭക്തർ തീർത്ഥാടനമായി വികാരി റവ. ഫാ. ജോൺ മേലേപ്പുറത്തിന്റെ നേതൃത്വത്തിൽ തിരുനാളിൽ പങ്കെടുത്തു. ഏകദേശം 700 ഓളം മരിയഭക്തർ ഈ വർഷത്തെ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു നിർവൃതിയടഞ്ഞു.

ഫോട്ടോ: ജോസ് തോമസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.