Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇക്വി ഫാക്സിൽ നിന്നു ചോർന്നത് 14 കോടി 30 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങൾ

അറ്റ്ലാന്റ ∙ വ്യക്തികളുടെയും  സ്ഥാപനങ്ങളുടെയും രഹസ്യ സ്വകാര്യ വിവരങ്ങൾ ചോരുക സാധാരണമായിരിക്കുന്നു. ചോർച്ച ഉണ്ടാവുമ്പോൾ ഡേറ്റ ഹാസ് ബീൻ കം പ്രൊമൈസ്ഡ് എന്ന വിശേഷണത്തോടെയാണ് റിപ്പോർട്ട് ചെയ്യപ്പെടുക. അമേരിക്കയിലെ മൂന്ന് വലിയ ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസികളിൽ ഒന്നായ ഇക്വി ഫാക്സിൽ നിന്ന് 14 കോടി 30 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്നതാണ് പുതിയ വാർത്ത.

വിവിധ  വായ്പകൾക്കും കുറെ വർഷങ്ങളായി ജോലിക്കും അപേക്ഷിക്കുന്ന വരുടെ സ്വകാര്യ വിവരങ്ങളാണ് ഈ റിപ്പോർട്ടിംഗ് ഏജൻസികൾ നൽകുന്നത്. ഇവയ്ക്ക് പുറമെ മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ ഗവൺമെന്റ് ഏജൻസികളെയോ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോഴും ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് റിപ്പോർട്ട് തേടാറുണ്ട്. വ്യക്തികളുടെ ജീവിതം നിയന്ത്രിക്കുന്നത് ഈ ബ്യൂറോകളാണെന്ന് പറയാം. വ്യക്തികളുടെ ഓരോ പ്രവർത്തിക്കും ക്രെഡിറ്റ് സ്കോറുകൾ കൂടുകയും കുറയുകയും ചെയ്യുന്നു. വ്യക്തികളുടെ വിവരം ആരാഞ്ഞ് ഏതെങ്കിലും സ്ഥാപനം ബ്യൂറോയെ സമീപിച്ചാൽ പോലും വ്യക്തികളുടെ ക്രെഡിറ്റ് സ്കോറുകളിൽ നിന്ന് നിശ്ചിത പോയിന്റുകൾ കുറയാറുണ്ട്. മൊത്തം അമേരിക്കക്കാരുടെ 44% ത്തിന്റെ വിവരങ്ങൾ ചോർന്നതായാണ് ഇക്വി ഫാക്സ് സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ മേയ് യിൽ ആരംഭിച്ച ചോർച്ച കണ്ടെത്തിയത് ജൂലൈയിലാണ്. ഇതിനു രണ്ട് മാസത്തിനുശേഷം ഇക്വി ഫാക്സ് ഇക്കാര്യം വെളിപ്പെടുത്തി പ്രസ്താവന പുറപ്പെടുവിച്ചത്.

സോഷ്യൽ സെക്യൂരിറ്റി നമ്പരും ജനന തീയതികളും വ്യക്തികളുടെ ഏറ്റവും രഹസ്യ സ്വകാര്യ വിവരങ്ങളാണ്. ഒൻപത് നമ്പരുകളുള്ള സോഷ്യൽ സെക്യൂരിറ്റി നമ്പർ മുഴുവൻ എഴുതി ആർക്കും കൈമാറരുതെന്ന് വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് കർശനമായി നിർദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത സംഭവങ്ങളും അപൂർവമായി ഉണ്ടാകാറുണ്ട്. പകരം അവസാന നാല് നമ്പരുകൾ മാത്രം പുറത്തറിയിക്കുക എന്നാണ് ഔദ്യോഗിക നിർദേശം. എങ്കിലും ഈ വിവരങ്ങൾ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളും അവരുടെ ഏജൻസികളും ഉള്ളതായി പരാതി നിരന്തരം ഉയരാറുണ്ട്.

ഇക്വി ഫാക്സിലെ ചോർച്ചയ്ക്ക് ഒരു ആനുകൂല്യമായി ഉപഭോക്താക്കൾക്ക് ഒരു വർഷം സൗജന്യമായി ക്രെഡിറ്റ് റിപ്പോർട്ടുകൾ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനത്തിനൊപ്പം ചെറിയ അക്ഷരത്തിൽ (ഫൈൻ പ്രിന്റിൽ) ചില നിബന്ധനകളുമുണ്ട്. ഇവ അംഗീകരിച്ചാൽ മാത്രമേ സൗജന്യം ലഭ്യമാകൂ. വിവരങ്ങൾ ചോർന്നതായി അറിയിച്ചതിനുശേഷം തങ്ങളുടെ വെബ് സൈറ്റിൽ പോയി ഓരോരുത്തരും അവരവരവുരടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഇക്വി ഫാക്സ് പറഞ്ഞു. പെട്ടെന്ന് തന്നെ ഈ വെബ്സൈറ്റ് ഓവർ ലോഡ് മൂലം പ്രവർത്തനരഹിതമാ യെന്നും കമ്പനിയുടെ ടോൾ ഫ്രീ നമ്പറും കാര്യക്ഷമല്ലെന്നും പരാതി ഉണ്ടായി.

തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് വളരെയധികം ഉപഭോക്താക്കൾ കോടതികളെ സമീപിച്ചു. കേസുകളുടെ എണ്ണം കൂടുതലായതിനാൽ ഇവ ക്ലാസ് ആക്ഷൻ ലോ സ്യൂട്ടുകളായി മാറ്റണമെന്നും നിർദേശമുണ്ട്. ഇങ്ങനെയായാൽ കമ്പനിക്ക് ഓരോ വ്യക്തിക്കും നഷ്ടപരിഹാരം നൽകുന്നത് ഒഴിവാക്കാം. മൊത്തം ഒരു തുക നൽകിയാൽ മതി. ഈ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടവർക്കിടയിൽ തുല്യമായി ഭാഗിച്ചു നൽകും. അറ്റേണിമാരുടെ ഫീസും മറ്റ് ചെലവുകളും കുറച്ചതിനുശേഷം സാധാരണ ഓരോരുത്തർക്കും ലഭിക്കുക ഏതാനും ഡോളറുകൾ മാത്രമായിരിക്കും. അവർ നേരിട്ട നഷ്ടം വളരെ വലുതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.