Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദിലീപ് കുറ്റക്കാരനല്ലെന്നു പറഞ്ഞിട്ടില്ല: പി.സി.ജോർജ്

PC George

ന്യൂയോര്‍ക്ക്∙ ദിലീപ് വിഷയത്തില്‍ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു പി.സി. ജോര്‍ജ് എംഎല്‍എ .കേരളത്തില്‍ ചെല്ലുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നൊക്കെ പറയുന്നതുകേട്ട് പേടിയൊന്നുമില്ല. ദിലീപിനെ താന്‍ പിന്തുണച്ചു എന്നു പറയുന്നത് ശരിയല്ല. അതുപോലെ ദിലീപ് കുറ്റക്കാരനല്ലെന്നും പറഞ്ഞിട്ടില്ല. ആ പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ ശരീരം വരഞ്ഞ് മുളകു പുരട്ടണമെന്നാണ് താന്‍ പറഞ്ഞത്. 

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാൻഡ് കൗണ്ടി (മാര്‍ക്ക്) യുടെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പി.സി. ജോര്‍ജ് ആഘോഷത്തിനു മുമ്പ് ഇന്ത്യാ പ്രസ്‌ക്ലബ് അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പത്ര സമ്മേളനത്തില്‍ പ്രസ് ക്ലബ് നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ദേശീയ ട്രഷറര്‍ ജോസ് കാടാപ്പുറം, സുനില്‍ ട്രൈസ്റ്റാര്‍, ജേക്കബ് റോയ്, ഷോളി കുമ്പിളുവേലി, ജേക്കബ്, സോജി, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു 

ദിലീപിനെതിരേ പോലീസ് പറയുന്നതൊന്നും വിശ്വസിക്കാവുന്നതല്ല. 19 തെളിവുകളാണ് പോലീസ് നിരത്തിയത്. അതില്‍ മിക്കതും ദിലീപിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇര എന്നു നടിയെ വിശേഷിപ്പിക്കാന്‍ എന്താ മൃഗം വല്ലതുമാണോ? നടി തന്നെ പലര്‍ക്കും അഭിമുഖം കൊടുത്തു. വനിത മാസികയില്‍ കവര്‍ പേജില്‍ തന്നെ പടം വരികയും തന്നെ ഉപദ്രവിച്ച കാര്യം നടി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഇര എന്നു മാത്രം പറയണമെന്നതില്‍ യുക്തിയില്ല. 

അങ്കമാലിയില്‍ നിന്നുള്ള യാത്രയില്‍ മൂന്നു മണിക്കൂര്‍ ചുറ്റിക്കറങ്ങി പള്‍സര്‍ സുനി പീഡിപ്പിച്ചെന്നു പറയുന്നു. നടിയും സുനിയും ഗോവയില്‍ ആറു മണിക്കൂര്‍ നേരം കാട്ടില്‍കൂടി സഞ്ചരിച്ചപ്പോള്‍ പീഡിപ്പിക്കാമായിരുന്നു. നാലു വര്‍ഷം മുമ്പ് ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ അങ്കമാലിയില്‍ നിന്നുള്ള യാത്രയില്‍ തന്നെ പീഡിപ്പിക്കണമെന്നു പറഞ്ഞിരുന്നോ? 

നിര്‍ഭയയേക്കാള്‍ വലിയ പീഡനമേറ്റുവെന്നു പോലീസ് പറയുന്ന വ്യക്തി രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ഓടി നടക്കുന്നു. ഇതൊന്നും പൊലീസിനു മനസ്സിലാകുന്നില്ലേ എന്നതാണ് ചോദ്യം. സെക്ഷന്‍ 376 പ്രകാരമുള്ള കേസ് സെഷന്‍സിലേക്ക് കമ്മിറ്റ് ചെയ്യാനേ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുള്ളൂ. സെഷന്‍സില്‍ ജാമ്യാപേക്ഷ നല്‍കാതെ ഹൈക്കോടതിയില്‍ പോയത് തെറ്റായിപ്പോയി. 

ദിലീപിനെ ഒരിക്കല്‍ ആകസ്മികമായി കണ്ടതല്ലാതെ തനിക്കോ മകനോ ഒരു ബന്ധവുമില്ല. ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ നിഷ്‌കളങ്കനായ സ്വാമിയാണ്. അദ്ദേഹം തെറ്റുചെയ്തുവെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവുമില്ല. എ.ഡി.ജി.പി സന്ധ്യ വാങ്ങിയ ഭവനം ചട്ടമ്പി സ്വാമികളുടെ സ്മാരകമാക്കാന്‍ സമരത്തിന് നേതൃത്വം നല്‍കിയത് സ്വാമിയാണ്. അന്നു സമരക്കാര്‍ക്ക് എതിരേ 16 കേസുകള്‍ എടുത്തു. 14 എണ്ണം തള്ളിപ്പോയി. രണ്ടെണ്ണം ഇപ്പോഴുമുണ്ട്.

നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നു പി.സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍ നിയമസഭയ്ക്കു പുറത്ത് ആ അംഗീകാരം കിട്ടുന്നില്ല. ഇപ്പോഴും ജനകീയ നേതാവ് ഉമ്മന്‍ചാണ്ടി തന്നെയാണ്. 

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ശക്തമാണ്. ബിജെപിയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളത്തിന്റെ 80 ശതമാനവും തന്റെ മേഖലയായ പൂഞ്ഞാറിലാണെന്ന് ജോര്‍ജ് പറഞ്ഞു. 

അടുത്ത തവണ കേരളത്തില്‍ ഏതു മുന്നണി ഭരിക്കണമെന്നു തന്റെ പാര്‍ട്ടി ജനപക്ഷം തീരുമാനിക്കുമെന്നും ജോര്‍ജ് അവകാശപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കെ.എം. മാണിയുമായി മാനസികമായി ഒരടുപ്പവുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇമേജ് നിലനിര്‍ത്താന്‍ ഒരുപാട് പരസ്യം നല്‍കുന്നു. പക്ഷെ കോളറ പോലും കേരളത്തില്‍ തിരിച്ചെത്തി എന്നതാണ് സ്ഥിതി. 27 രൂപയുടെ അരിക്ക് 52 രൂപയായി. എങ്കിലും പിണറായി കഴിവില്ലാത്തവനാണെന്നൊന്നും താന്‍ പറയില്ല. 

ഇന്ത്യയുടെ പോക്ക് ശരിയായ ദിശയിലാണോ എന്നു സംശയമുണ്ട്. ഗാന്ധിജി ഇപ്പോഴില്ല എന്നു കരുതി ഗാന്ധിജിമാര്‍ ഇനി ഉണ്ടാവില്ല എന്നര്‍ത്ഥമില്ല. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് രാജ്യത്ത് നിലവിലുള്ള സാഹചര്യമാണ് കാണിക്കുന്നതെന്നതാണ് ഖേദകരം. താന്‍ ഉള്ളതു പറയുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകുന്നു. അല്ലാതെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.സത്യം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. സത്യം ഉരുത്തിരിഞ്ഞുവരണം. പറയുന്നതില്‍ കാര്യമുണ്ടാകും. അതുകൊണ്ടാണല്ലോ മാധ്യമശ്രദ്ധ കിട്ടുന്നത്. 

അന്തരിച്ച ഐജി ജയറാം പടിക്കല്‍ അടുത്ത സുഹൃത്തായിരുന്നു. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായിരിക്കെ നവാബ് രാജേന്ദ്രനെ വിളിച്ചുവരുത്തി അദ്ദേഹം ക്ഷമ ചോദിച്ചു. 

ഓണാഘോഷത്തില്‍ മാര്‍ക്ക് പ്രസിഡന്റ് മാത്യു മാണി സ്വാഗതം ആശംസിച്ചു. ഓണസന്ദേശം നല്‍കിയ ഡോ. നിഷാ പിള്ള മഹാബലിയുടെ കഥയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി. നര്‍മ്മദ തീരത്താണ് മഹാബലിയുടെ രാജ്യമെന്നാണ് ഭാഗവതം പറയുന്നത്. വാമനന്റെ ലക്ഷ്യം മനസിലായെങ്കിലും മഹാബലി തന്റെ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയില്ല. തന്നയാള്‍ തന്നെ തിരിച്ചെടുക്കുന്നു എന്നാണ് മഹാബലി പറഞ്ഞത്. സംപ്രീതനായ വാമനന്‍ മഹാബലിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തിലേക്കാണ് അയച്ചത്.– പി.സി.ജോർജ് കൂട്ടിച്ചേർത്തു.             

വൃക്ക നല്‍കി മാതൃകയായ രേഖ നായരെ ചടങ്ങില്‍ അഭിനന്ദിച്ചു. കലാപരിപാടികള്‍ക്ക് നിഷാന്ത് നായര്‍ ചുക്കാന്‍ പിടിച്ചു. ഷെല്‍സിയ ആയിരുന്നു എം.സി. മാര്‍ക്ക് സെക്രട്ടറി ദാനിയേല്‍ വര്‍ഗീസ് നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.