Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബമ്പ് സ്റ്റോക്ക് നിർമ്മാതാക്കൾക്കെതിരെ കേസ്

ക്ലാർക്ക് കൗണ്ടി, നെവാഡ ∙ ലാസ് വേഗസിൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ആദ്യ ലോ സ്യൂട്ട് ഇവിടെ ഡിസ്ട്രിക്ട് കോടതിയിൽ  ഫയൽ ചെയ്തു. ഒരു ക്ലാസ് ആക്ഷൻ ലോ സ്യൂട്ട് ആണിത്. റൗട്ട് 91 ഹാർവസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക്  നേരെ വെടിയുണ്ടകൾ വർഷിച്ച സ്റ്റീഫൻ പാഡോക്ക് തന്റെ തോക്കുകളിൽ ബമ്പ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും  കൂട്ടമായി ജനങ്ങളെ കൊന്നതിന് ബമ്പ് സ്റ്റോക്ക് നിർമ്മാതാക്കളായ സ്ലൈഡ് എയർ സൊല്യൂഷൻസ് എൽപി ഉത്തരവാദികളാണെന്നും ആരോപിച്ച് ആ സ്ഥാപനത്തിന് എതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലാസ് വേഗസ് നിയമ സ്ഥാപനം എഗ് ലൈറ്റ് പ്രിൻസും ബ്രാഡി സെന്റർ ടു  പ്രിവെന്റ് ഗൺ വയലൻസും ചേർന്നാണ് കേസ് കൊടുത്തിരിക്കുന്നത്.

മുൻപ് സെന്റർ ടു പ്രിവെന്റ് ഹാൻഡ് ഗൺ വയലൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1981 ൽ മുൻ  പ്രസിഡന്റ് റോണാൾഡ് റീദന് നേരെ നടന്ന വധശ്രമത്തിൽ അംഗ വൈകല്യം നേരിട്ട  ജെയിംസ് ജിം ബ്രാഡിയുടെ കൂടി പേരു ചേർത്ത്  2001 ൽ ബ്രാഡി സെന്റർ ടു പ്രിവെന്റ്  ഗൺ വയലനൻസ് എന്ന് പേര് മാറ്റിയതാണ്. സ്ലൈഡ് ഫയർ സൊല്യൂഷൻസി നൊപ്പം മറ്റ് വിൽപനക്കാരെയും വിപണിയിൽ ബമ്പ് സ്റ്റോക്ക് എത്തിക്കുന്നവരെയും പ്രതികളായി കേസിൽ ചേർത്തിട്ടുണ്ട്. 2025 ഓടുകൂടി  തോക്ക് ആക്രമണത്തിൽ മരിക്കുന്നവരുടെ സംഖ്യ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ബ്രാഡി സെന്റർ പ്രവർത്തിക്കുന്നത്.  ബ്രാഡി  സെന്ററും എഗ് ലെറ്റും സംഗീത മേളയിൽ പങ്കെടുത്ത മൂന്ന് നെവാഡ നിവാസികളെ പ്രതിനിധീകരിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്ലാസ് ആക്ഷൻ ലോ ല്യൂട്ട് ആയാൽ സംഗീത മേളയ്ക്ക് വേണ്ടി പണം ചെലവഴിച്ച വരും അവരുടെ ബന്ധുക്കളും നഷ്ട പരിഹാരം ആവശ്യപ്പെടാം. വൈകാരിക നഷ്ടവും മാനസിക ധൈര്യത്തിനുവേണ്ടി കൗൺസിലിങ്ങിന് ചെലവഴിച്ച തുകയുമെല്ലാം അവകാശപ്പെടാം. ഇവയ്ക്ക് ശിക്ഷയായി പ്രതികൾ നഷ്ടപരിഹാരം നൽകണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ലൈഡ് ഫയർ സൊല്യൂഷൻസ് ബമ്പ് സ്റ്റോക്ക് നിർമ്മിക്കുന്നതിലും വിപണനം ചെയ്യുന്നതിലും  പൊതുജനങ്ങളോടുള്ള കടമയിൽ നിന്ന് വ്യതിചലിക്കുകയും അങ്ങനെ ഫെഡറൽ നിയമ ലംഘനം നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

വെസ്റ്റ് ടെക്സസിലെ ഒരു ചെറിയ പട്ടണമാണ് മോറൻ, ജനസംഖ്യ 300. ഇവിടെയാണ് സ്ലൈഡ് ഫയറിന്റെ നിർമ്മാണം നടക്കുന്നത്. ബമ്പ് സ്റ്റോക്ക് വികസിപ്പിച്ചെടുത്ത ജെറിമിയ കോറ്റിൽ ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞത് താൻ കണ്ടുപിടിത്തം നടത്തിയത് വികലാംഗർക്ക് വേണ്ടിയാണെന്നാണ്. കൈകളുടെ ഉപയോഗം പരിമിതമായി മാത്രം നടത്താൻ കഴിയുന്നവർക്ക് വേണ്ടി ആയിരുന്നു ബമ്പ് സ്റ്റോക്ക് കണ്ടുപിടിച്ചത് എന്ന് കോറ്റിൽ അവകാശപ്പെട്ടിരുന്നു. 2011 ലെ ദ ആൽബനി ന്യൂസിലെ ലേഖനം അനുസരിച്ച് ഇയാൾ തന്റെ ജീവിത സമ്പാദ്യവും റിട്ടയർമെന്റുമായി ഒരു ലക്ഷം ഡോളറിലധികം ഡോളർ ചെലവഴിച്ചാണ് ഈ ഉൽപ്പന്നം മാർക്കറ്റിൽ എത്തിച്ചത്.

ഒരു തോക്കിന്റെ റീ കോയിൽ (ഒരു വെടി ഉതിർത്തതിന്  ശേഷമുള്ള ശക്തി) ഷൂട്ട് ചെയ്ത വ്യക്തിയുടെ വിരൽ തുടർച്ചയായി ബമ്പ് ചെയ്യുന്നു. ഷൂട്ടറിന് തുടർച്ചയായി നിർബാധം വെടി ഉതിർക്കുവാൻ ഇങ്ങനെ കഴിയുന്നു. 2010 ൽ കോട്ടലിന് ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ ആന്റ് ഫയർ ആംസിൽ നിന്ന് ലഭിച്ച എഴുത്തിൽ ബമ്പ് സ്റ്റോക്ക് ഒരു ഫയർ ആം അല്ലാത്തതിനാൽ ഇതിന് നിലവിലുള്ള നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് പറഞ്ഞിരുന്നു. സാധാരണ പൗരന്മാർക്ക് മെഷീൻ ഗണ്ണുകൾ വില്ക്കുന്നത് 1986 മുതൽ നിരോധിച്ചിട്ടുണ്ട്.  മാരകമായ ആയുധങ്ങൾക്ക് 1930 മുതൽ പരിമിതികൾ നിശ്ചയിച്ചിട്ടുണ്ട്. പാഡോക്കിന്റെ ഹോട്ടൽ മുറിയിൽ ബമ്പ് സ്റ്റോക്കുകൾ കണ്ടെത്തിയതായി അധികാരികൾ വെളിപ്പെടുത്തിയിരുന്നു.

ബ്രാഡി സെന്ററിന്റെ കോ പ്രസിഡന്റ് ആവരി ഗാർഡിനറും ലാസ് വേഗസ് മെട്രോപ്പൊലിറ്റൻ പൊലീസ് ഡിപ്പാർട്ടുമെന്റ് വക്താവും സ്ലൈഡ് ഫയർ ബമ്പ് സ്റ്റോക്കാണ് പാഡോക്ക് വെടി വയ്ക്കുമ്പോൾ ഉപയോഗിച്ചിരുന്നതെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.