Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം ഓർമദിനം ആചരിച്ചു

ജോർജ് തുമ്പയിൽ
MarTheophilos40thphotos

സഫേൺ(ന്യൂയോർക്ക്)∙ കാലം ചെയ്ത മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ 40-ാം അടിയന്തിരശുശ്രൂഷകൾ ഡിസംബർ 2 ശനിയാഴ്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു.

എംജിഓസിഎസ്എം ആദ്യകാല പ്രവർത്തകനും സംഘാടകനുമായ ഫാ. പി സി ചെറിയാന്റെ പ്രധാന കാർമികത്വത്തിൽ നടന്ന വി. കുർബാനയിൽ റവ. ഡോ. രാജു എം വറുഗീസ്, റവ. ഡോ. വറുഗീസ് എം ഡാനിയൽ, ഫാ. തോമസ് മാത്യു, ഫാ. മാത്യു തോമസ്, ഫാ. സണ്ണി ജോസഫ്, ഫാ. ഷിബു ഡാനിയൽ എന്നിവർ സഹകാർമികരായി. 

ശുശ്രൂഷകൾക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഭദ്രാസനതല വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും  മുൻകാല ഭാരവാഹികളും ഭാഗ്യസ്മരണാർഹനായ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തായുടെ വിവിധ കർമ മണ്ഡലങ്ങളെ ആസ്പദമാക്കി ഓർമകൾ പങ്കുവച്ചു. 

MarTheophilos40thphotos2

ആമുഖപ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ഡോ. രാജു എം.വറുഗീസ് സുദീർഘമായി ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ചു. കോട്ടയം പഴയ സെമിനാരിയിൽ പഠിച്ച കാലവും, സ്റ്റുഡന്റ് സെന്ററിൽ ഒരുമിച്ച് പ്രവർത്തിച്ച ദിവസങ്ങളും, വിദ്യാർഥി പ്രസ്ഥാനത്തിനായി കർമകുശലതയോടെ ഓടി നടന്നതുമൊക്കെ പ്രതിപാദിച്ചു.

തിരുമേനി കാലം ചെയ്തു, പക്ഷേ കടന്നുപോയിട്ടില്ല. തിരുമേനി ഒരു ദീപം കൊളുത്തി തന്നു. ആ വെളിച്ചവുമായി നമുക്ക് തുടങ്ങാം എന്നു മിനിസോട്ടയിൽ നിന്നെത്തിയ ഫാ. പി സി ചെറിയാൻ, അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ കാലഘട്ടത്തിന് ആവശ്യം ആത്മീയ സംഭരണികളാണ്. മാർ തെയോഫിലോസ് മെത്രാപ്പൊലീത്താ അത്തരത്തിലുള്ള ഒരു സംഭരണി ആയിരുന്നു. അതുകൊണ്ടു തന്നെ തടാകം ആശ്രമത്തിൽ അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തതും ഉചിതമായി. 

‘കടമ മറന്നാലും കാരുണ്യം മറക്കരുത്’ എന്ന ആപ്തവാക്യവുമായി ജീവിച്ച വന്ദ്യ പിതാവായിരുന്നു മാർ തെയോഫിലോസ്  എന്ന് ഫാ. മാത്യു തോമസ് സൂചിപ്പിച്ചു. മലങ്കര സഭയിലെ ജനകീയനായ തിരുമേനിയായിരുന്നു മാർ തെയോഫിലോസ് എന്ന് ഫാ. ഷിബു ഡാനിയൽ  വിശേഷിപ്പിച്ചു. ഇടവക സന്ദർശനത്തിനെത്തിയപ്പോൾ മർത്ത മറിയം സമാജം അംഗങ്ങളോടായി നിങ്ങളുടെ പെട്ടികൾ തുറന്ന് ഉപയോഗിച്ച സാരികൾ എടുത്തു തരൂ, ഞാനത് അർഹിക്കുന്നവർക്ക് കൊടുത്തുകൊള്ളാം  എന്നു പറഞ്ഞത് ഫാ. തോമസ് മാത്യു അനുസ്മരിച്ചു.

സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അനുശോചനം മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ജോർജ് തുമ്പയിൽ അറിയിച്ചു. തിരുമേനിയുടെ വിശ്വാസത്തെയും കരുതലിനെയും കുറിച്ച് ഭദ്രാസന കൗൺസിലിനെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. ഫിലിപ്പ് ജോർജ് അനുസ്മരിച്ചു. കുടുംബത്തിൽ നിന്ന് ഒരാൾ പോയ ദുഖവും പേറിയാണ് താൻ നിൽക്കുന്നതെന്ന് യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയിൽ നിന്നുള്ള ലീലാമ്മ മത്തായി അഭിപ്രായപ്പെട്ടു.

നിസ്വാർഥമായി സഭയെ ജീവനേക്കാൾ കരുതിയ വന്ദ്യപിതാവായിരുന്നു മാർ തെയോഫിലോസ് എന്ന് മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ കോരസൺ വറുഗീസ് പറഞ്ഞു. അനു ജോസഫ് അഭിവന്ദ്യ തിരുമേനിയുടെ എല്ലാ നല്ല ഗുണങ്ങളെയും പരാമർശിച്ച് സംസാരിച്ചു. അനുശോചനം രേഖപ്പെടുത്തിയ മുൻ മാനേജിംഗ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ്, തിരുമേനിയെ കുറിച്ചുള്ള ഒരു കവിത പാരായണം ചെയ്യുകയും ചെയ്തു. 

തിരുമേനിയുടെ കുടുംബാംഗവും യുഎസ് കോൺഗ്രസിലേയ്ക്ക് മൽസരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ പീറ്റർ ജേക്കബ്, തിരുമേനിയുടെ സ്നേഹ വായ്പ്, ജീവിതം, വിശ്വാസം, ആതുരസേവനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 3-ാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർഥിനി ആയിരിക്കുന്ന കാലം മുതൽ തിരുമേനിയുമായി അടുപ്പം പുലർത്തിവന്ന മോളമ്മ ജോസ്, കർമധീരമായ തിരുമേനിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ചു. 

എംസിയായി പ്രവർത്തിച്ച ഭദ്രാസന കൗൺസിൽ അംഗം കൂടിയായ സജി എം.പോത്തൻ, തിരുമേനി തുടങ്ങിവച്ചതും പൂർത്തിയാക്കാൻ സാധിക്കാതെ പോയതുമായ ഏതെങ്കിലുമൊരു പ്രോജക്ട് ഏറ്റെടുത്ത് നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കുടുംബാംഗമായ സാജൻ പോത്തൻ കൃതജ്ഞത രേഖപ്പെടുത്തിയതും വികാരാധീനമായ മനസുമായിട്ടായിരുന്നു. സമീപ ഇടവകകളിൽ നിന്നും ദൂരത്തുനിന്നും ഒട്ടേറെപ്പേർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.