Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലോക കേരള സഭ: ബേബി ഊരാളിൽ, വർക്കി ഏബ്രഹാം, ഇ.എം. സ്റ്റീഫൻ, ജോസ് കാടാപുറം എന്നിവർ അംഗങ്ങൾ

loka-kerala-sabha-us

ന്യൂയോര്‍ക്ക് ∙ കേരള സര്‍ക്കാര്‍ രൂപം നൽകിയ ലോക കേരള സഭയിലേക്കു ന്യൂയോര്‍ക്കില്‍ നിന്ന് നാലു പേരെ തെരഞ്ഞെടുത്തു‍. കേരള സെന്റര്‍ സ്ഥാപകന്‍ ഇ.എം. സ്റ്റീഫന്‍, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, ബാങ്കറും സാമൂഹിക പ്രവര്‍ത്തകനുമായ വര്‍ക്കി ഏബ്രഹം, മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കാടാപ്പുറം എന്നിവരാണ് പ്രതിനിധികൾ‍. അമേരിക്കയില്‍ നിന്നുള്ള മറ്റുള്ളവരുടെ പേര് വൈകാതെ ലഭിക്കും.

ലോക കേരളസഭയുടെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ചേരും. സഭയുടെ അംഗബലം 351 ആണ്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും അംഗങ്ങളായിരിക്കും. പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. 77 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും 100 പേര്‍ വിദേശത്തുള്ളവരും.

ലോക കേരളസഭയിലെ സഭാനേതാവ് കേരള മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമായിരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും സെക്രട്ടറി ജനറല്‍. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കും അധ്യക്ഷന്‍. 

ലോക കേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം.

ലോകത്തെമ്പാടുമുള്ള മലയാളികളുടെ വളര്‍ച്ചയും നേട്ടങ്ങളുമൊക്കെ വിലയിരുത്തുകയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങള്‍, സന്തോഷങ്ങള്‍ ഒക്കെ പങ്കിടുവാനുള്ള വേദിയാണിത്. കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തിലാണിത്.

അക്ഷരാര്‍ത്ഥത്തില്‍ ലോകകേരളമായി മാറിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ക്കു തമ്മില്‍ തമ്മില്‍ ബന്ധമില്ല എന്ന അവസ്ഥയുണ്ട്. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാവും. അങ്ങനെ ഒരു ബൃഹദ് കേരളം രൂപപ്പെടുകയും കേരളത്തിന്റെ വികസനത്തിന് പുതിയ ഊര്‍ജം അത് പ്രധാനം ചെയ്യുകയും ചെയ്യും.

കേരളീയരുടെ പൊതു സംസ്‌കാരത്തെയും സാമൂഹിക സാമ്പത്തിക വികസനത്തെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്ക് എന്നതുപോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ലോക കേരളസഭ നിര്‍ണായക പങ്കു വഹിക്കും. 

ന്യൂയോര്‍ക്കില്‍ നിന്നു നോമിനേഷന്‍ ലഭിച്ചവര്‍ തികച്ചും അര്‍ഹരും ജനപിന്തുണയുള്ളവരുമാണ്. അമേരിക്കന്‍ മലയാളികള്‍ക്കും, യുവസമൂഹത്തിനും എന്തുകൊണ്ടും മാതൃകയാക്കാവുന്ന സാസ്‌കാരിക പ്രവര്‍ത്തകനാണു ബേബി ഊരാളില്‍. പ്രവാസി ചാനല്‍ സിഇഒ , കെസിസിഎന്‍ എയുടെ മുന്‍ പ്രസിഡന്റ് തുടങ്ങിയ വലിയ പദവികള്‍ക്കൊപ്പം നിരവധി ചെറുതും വലുതുമായ സംഘടനകളുടെയും, പ്രസ്ഥാനങ്ങളുടെയും നേതൃത്വ രംഗത്ത് പ്രവര്‍ത്തിച്ച ബേബി ഉരാളില്‍ ഫോമായുടെ മൂന്നാമതു കണ്‍വന്‍ഷന്‍ കപ്പലില്‍ നടത്തി ചരിത്രം കുറിച്ചിരുന്നു. കേരളാസെന്റര്‍ കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.

ഫോമാ പ്രസിഡന്റായി വ്യത്യസ്തമായ പരിപാടികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളിയെ ബാധിക്കുന്ന എന്തു വിഷയത്തിലും ബേബി ഊരാളിലിന്റെ കയ്യൊപ്പ് ഉണ്ടാകും. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികളില്‍ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ് തന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്ന ഘടകവും. 

ക്നാനായ ടൈംസിന്റെ മാനേജിംഗ് എഡിറ്റര്‍, ഫോമാ ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍, തുടങ്ങി മാധ്യമ പ്രവര്‍ത്തനരംഗത്തും പ്രവര്‍ത്തിച്ചു.

മെഡിക്കല്‍ പ്രൊഫണല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തനം സജീവമാക്കിയ ബേബി ഊരാളില്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്. കോട്ടയം മോനിപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1973 -ല്‍ ഒരു വിദ്യാർഥിയായാണ് അമേരിക്കയിലെത്തിയത്.

കേരളത്തില്‍ തിരുവോണ നാളില്‍ നടക്കുന്ന ഏക വള്ളം കളി നീരേറ്റുപുറം പമ്പാ ജലോത്സവത്തിന്റെ അമരക്കാരനായ വര്‍ക്കി ഏബ്രഹാം അറിയപ്പെടുന്ന ബിസ്സിനസ്സുകാരനും ബാങ്കറുമാണ്. ലോകത്തിന്റെ ഏതു കോണിലായാലും ജന്മനാട്ടില്‍ നടക്കുന്ന നീരേറ്റുപുറം പമ്പാ ജലോത്സവത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഓടിയെത്തും. ന്യൂയോര്‍ക്കിലെ ലോഗ് ഐലന്റ് മാര്‍ത്തോമ ഇടവാംഗമായ വര്‍ക്കി എബ്രഹാം മുന്‍ സഭാ കൗണ്‍സില്‍ അംഗവും സഭയുടെ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവുമായിരുന്നു. യുണൈറ്റഡ് മീഡിയ ആന്റ് പ്രവാസി ചാനല്‍ ചെയര്‍മാനും ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക് ഡയറക്ടറുമാണ്. 

കേരള സെന്റര്‍ എന്ന ആശയം ഇലവുങ്കല്‍ സ്റ്റീഫന്‍ കൊണ്ടു വരുന്നത് എണ്‍പതുകളിലാണു. അന്നു മലയാളികളുടെ എണ്ണം കുറവായിരുന്നു. എങ്കിലും അതു സഫലമാകാന്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ഇന്ന് മലയാളിക്ക് അഭിമാനമായ കേരള സെന്റര്‍ കെട്ടിപ്പടുത്തു. ആദ്യ വര്‍ഷങ്ങളില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍. പുതുതായി തുടങ്ങിയ മലയാളം പത്രിക എന്ന പ്രതിവാര പത്രത്തിന്റെ സാരഥികളിലൊരാളാണ്. അമേരിക്കയിലെ കുടിയേറ്റ ചരിത്രത്തില്‍ കേരള സെന്ററും സ്റ്റീഫനും എക്കാലവും ഉണ്ടാകും എന്നതില്‍ സന്ദേഹമില്ല.

കൈരളി ടി.വി. ഡയറക്ട മാധ്യമപ്രവർത്തകനുമായ ജോസ് കാടാപ്പുറം ഈ രംഗത്തു രണ്ട് പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്നു. കോളമിസ്റ്റ് എന്ന നിലയിലും ദ്രുശ്യമാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരേ പോലെ ശ്രദ്ധേയരായ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യാ പ്രസ് ക്ലബിന്റെ സ്ഥാപകരിലൊരാളും നാഷണല്‍ ട്രഷററുമാണ്. പിറവം സ്വദേശി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.