Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാധ്യമ ഫോറവും ‘സ്റ്റെപ്പും’ പുതിയ നീക്കം; ഐപിസിഎൻഎ പ്രസിഡന്റ് മധു കൊട്ടാരക്കര സംസാരിക്കുന്നു– വിഡിയോ

Madhu-Kottarakkara മധു കൊട്ടാരക്കര

ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെയൊരു മലയാളി കാണുമെന്നാണ് പ്രവാസത്തെക്കുറിച്ച് പറയുന്നത്. ഇതുപോലെ തന്നെയാണ് പ്രവാസികളുടെ കൂട്ടായ്മകളും. ലോകത്തെവിടെയും ഒരു സംഘം മലയാളികൾ ഒരുമിച്ചുണ്ടെങ്കിൽ അവർ ഒരു കൂട്ടായ്മ സംഘടിപ്പിക്കും.

നാടിന്റെ ഒാർമകളും സന്തോഷങ്ങളും ആഘോഷങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സംഘങ്ങൾ. ഇത്തരത്തിൽ അമേരിക്കയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ). കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ നടത്തുന്ന സംഘടന. മാധ്യമപ്രവർത്തനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്ന സംഘം. ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അടുത്തിടെയാണ് മധു കൊട്ടാരക്കര സ്ഥാനമേറ്റെടുത്തത്. 

സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും യുഎസിലെ മലയാളികളുടെ ജീവിതത്തെക്കുറിച്ചും പുതിയ  കേരളത്തെക്കുറിച്ചുമെല്ലാം മധു കൊട്ടാരക്കര മനോരമ ഓൺലൈനുമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗം. 

പുതിയ സ്ഥാനത്തെക്കുറിച്ച്, ഭാവി പരിപാടികൾ

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഏഴാമത് പ്രസിഡന്റാണ് ഞാൻ. എനിക്ക് മുൻപ് ഈ സ്ഥാനത്ത് ഇരുന്നവർ വളരെ കൃത്യമായി അവരുടെ പ്രവർത്തനങ്ങൾ നടത്തി. അമേരിക്കയിലെ മാധ്യമസൗഹൃദ കൂട്ടായ്മ വളർത്താൻ സഹായിച്ചു. 

കേരളത്തിലും മാധ്യമരംഗത്തെ വിഷയങ്ങൾ പഠിക്കാനും പല യോഗങ്ങളിലും ഇത്തരം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാനും സാധിച്ചു. ഇത്തരം കാര്യങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകാൻ തന്നെയാണ് പദ്ധതി. ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്ക അഭിമാനപൂർവം മുന്നോട്ടു വച്ച ‘മാധ്യമശ്രീ’ എന്ന പുരസ്കാരം പ്രധാനപ്പെട്ട ഒന്നായി മാറി എന്നത് സന്തോഷകരമാണ്. 

2009ൽ ആണ് ഐപിസിഎൻഎ ‘മാധ്യമശ്രീ’ എന്ന പുരസ്കാരം ആരംഭിക്കുന്നത്. മലയാള മാധ്യമരംഗത്തെ ഏറ്റവും ഉയർന്ന തുകയായ ഒരു ലക്ഷം രൂപയാണ് നൽകുന്നത്. മാധ്യമശ്രീ അവാർഡ് ശക്തമായി തുടരും. മാധ്യമ കോൺഫറൻസുകൾ കൂടുതൽ അറിവ് പകരാൻ സാധിക്കുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കും. 

സ്റ്റെപ്പ് (STEP) എന്ന പുതിയ ആശയം

സോഷ്യലി ആൻഡ് ടെക്നിക്കലി എഡ്യുക്കേറ്റഡ് പ്രസ് എന്നതാണ് ഇതിന്റെ പൂർണരൂപം. കേരള മീഡിയ അക്കാദമിയുടെ ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ ആണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. മാധ്യമരംഗത്തെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയാൽ അവർ ആ കരിയറിൽ തന്നെ തുടരുമെന്ന് ഉറപ്പില്ല. അതിനാൽ, എന്തു കൊണ്ട് ലോക 

Madhu-Kottarakkara2

നിലവാരത്തിലേക്കുള്ള ട്രെയിനിങ് നൽകിക്കൂടാ എന്ന ചിന്ത വന്നത്. കേരളത്തിന് സംശുദ്ധ മാധ്യമ സംസ്കാരത്തിന് ഉതകുന്ന ഒരു പറ്റം പുതിയ മാധ്യമപ്രവർത്തകരെ രൂപപ്പെടുത്തുന്നതാണ് പുതിയ പദ്ധതി. കേരളത്തിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐപിസിഎൻഎയുടെ സ്വാധീനവും വ്യക്തി ബന്ധങ്ങളും ഉപയോഗിച്ച് മാധ്യമ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗോള മാധ്യമ സമ്മേളനം കൊല്ലത്ത് നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി പേർ പിന്തുണയുമായി വന്നിട്ടുണ്ട്. അമേരിക്കയിലുള്ള പുതിയ തലമുറയിലെ കുട്ടികൾക്കും ആവശ്യമായ സഹായം നൽകാനാണ് തീരുമാനം. 

മെഡിക്കൽ ജേർണലിസം 

ഡോ. എൻ.വി. പിള്ളയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ജേർണലിസത്തിന്റെ ടീം പ്രവർത്തിക്കുക. അമേരിക്കയിൽ സിഎൻഎൻ, ഫോക്സ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങളിലും മെഡിക്കൽ രംഗത്തും പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യ പ്രസ് ക്ലബിന്റെ പുതിയ തലമുറയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം കൂടിയാണ് പുതിയ സംഘം. 

മാധ്യമ കൂട്ടായ്മയും ‘വാർത്ത ഏജൻസി’യെന്ന ആശയവും 

അമേരിക്കയില്‍ ഫോക്സ്, സിഎൻഎൻ തുടങ്ങി പ്രമുഖ രാജ്യാന്തര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരിൽ പലരും മലയാളികളാണ്. ഇത്തരത്തിൽ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരെ ഒരുകുടക്കീഴിൽ എത്തിച്ച് പ്രൊഫഷണൽ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ഒരു പുതിയ വിങ് ഉണ്ടാക്കാൻ പദ്ധതിയുണ്ട്. ഇതിലൂടെ അമേരിക്കയിലുള്ള പുതിയ തലമുറയിലെ കുട്ടികൾക്ക് മുൻനിര മാധ്യമപ്രവർത്തനത്തിലേക്ക് ഇറങ്ങാൻ സഹായകരമാകും. മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾക്ക് അമേരിക്കയിൽ നടക്കുന്ന സംഭവങ്ങളിൽ കൃത്യമായ സോഴ്സ് ഇല്ലാത്തതിനാൽ പല കാര്യങ്ങളും നഷ്ടപ്പെടുന്നുണ്ട്. ചിലപ്പോൾ തെറ്റായ രീതിയിൽ വാർത്ത നൽകുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സംഘത്തിന് സാധിക്കും. യുഎസിലെ മുൻനിര മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർ, ഇന്ത്യ പ്രസ് ക്ലബിന്റെ മുതിർന്ന  മാധ്യമപ്രവർത്തകർ, പ്രാദേശിക സാമൂഹ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഒരു കേന്ദ്രീകൃത ന്യൂസ് ഫോറം രൂപികരിക്കും. 

അതാത് സ്ഥലങ്ങളിലെ വാർത്തകൾ സത്യസന്ധമായി മാധ്യമങ്ങളെ അറിയിക്കും. അതിനാൽ കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾക്ക് വസ്തുതാപരമായ വാർത്തകൾക്ക് ഇന്ത്യ പ്രസ് ക്ലബിന്റെ ഈ സംഘത്തെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Madhu-Kottarakkara1

ലോക കേരള സഭ

ലോക കേരള സഭകൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിന് പുറത്ത് വിവിധ രീതിയിൽ വിജയിച്ചവരുടെ അറിവ് ഉപയോഗപ്പെടുത്തുന്നതിനാണ് എന്നാണ്. ലോക കേരള സഭയിൽ അതാത് വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഉന്നതങ്ങളിൽ എത്തുകയും അതാത് രാജ്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തവരെയാണ് വേണ്ടത്. ഇത്തരം വ്യക്തികളെ എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചാൽ, ലോകത്ത് ഏറ്റവും സാധ്യതയുള്ളത് മാധ്യമങ്ങള്‍ക്കാണ്. അതിനാൽ, ലോക കേരള സഭ ആദ്യം ലോക മാധ്യമ സഭ രൂപീകരിക്കുകയും ലോക കേരള സഭയുടെ പോഷക സംഘടനയായി പ്രവർത്തിക്കുകയുമാണ് വേണ്ടത്.

ഡോണൾഡ് ട്രംപ് സർക്കാർ

ട്രംപ് അടിസ്ഥാനപരമായി ഒരു വ്യവസായിയാണ്. അതിന്റെ എല്ലാ ചാണക്യ തന്ത്രങ്ങളും അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്നു. അമേരിക്കയിലെ സാധാരണക്കാരുടെ ചില പ്രദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം അധികാരത്തിൽ എത്തിയത്. പാക്കിസ്ഥാനുമായുള്ള വിഷയത്തിൽ സാമ്പത്തിക സഹായം നിർത്തലാക്കിയ നിലപാടും അത് നടപ്പാക്കിയ രീതിയും നമ്മുക്ക് കൃത്യമായി കാണാൻ സാധിക്കും. ഒരു വ്യവസായിയുടെ ചടുലമായ നീക്കങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

യുഎസിലെ പ്രകൃതി ദുരന്തങ്ങളും മലയാളികളും

പ്രകൃതി ദുരന്തങ്ങൾ യുഎസിനെ ഏറെ ബുദ്ധിമുട്ടിച്ച ഒരു വർഷമാണ് കഴിഞ്ഞു പോയത്. ഹൂസ്റ്റൺ ഉൾപ്പെടെയുള്ള സ്ഥലത്തുണ്ടായ പ്രകൃതി ദുരന്തത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, അത്തരത്തിലൊരു സംഭവം മുൻപ് ഉണ്ടായിട്ടില്ല. കൂടാതെ, പ്രളയ ബാധിത പ്രദേശത്തല്ല അവർ ജീവിക്കുന്നതെന്നതും. ഇൻഷുറൻസും മറ്റു കാര്യങ്ങളും ഇല്ലാതിരുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. നശിച്ചു പോയ വീടുകൾ പൂർവ സ്ഥിതിയിൽ എത്തിക്കാൻ സ്വന്തം കയ്യിൽ നിന്നും പണം ചെലവിട്ടു. പ്രകൃതി ദുരന്തത്തിന്റെ ആദ്യ ദിവസങ്ങളിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായത്. ഈസമയം അമേരിക്കൻ മലയാളി സംഘടനങ്ങൾ എല്ലാം ഒരുമിച്ച് പ്രവർത്തിച്ചത് വലിയ മാതൃകയാണ്.

കേരള മോഡൽ

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. വേറെ ഒരു രാജ്യവുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ആയുർധൈർഘ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളം ഏറെ മുന്നിലാണ്. വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന ചികിൽസാ സൗകര്യങ്ങൾ കേരളത്തിൽ തന്നെ ലഭിക്കുന്നു. കേരളത്തിന്റെ വൃത്തി ലോകത്ത് വേറെ എവിടെയും കാണാൻ സാധിക്കില്ല. കേരളത്തിലേതിലും വൃത്തിഹീനമായ സ്ഥലങ്ങൽ യുഎസിൽ പലയിടത്തും ഉണ്ട്. സോഫ്റ്റ്‍വെയർ രംഗത്തും വലിയ കെട്ടിടങ്ങളുടെ കാര്യത്തിലും കേരളം ഏറെ മുന്നിലാണ്. കണ്ണൂർ വിമാനത്താവളം വരുന്നതോടെ വലിയ പുരോഗതിയുണ്ടാകും. വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കുന്നത് വലിയ നേട്ടമാണ്. എന്നാൽ, സീ പ്ലെയിൻ പോലുള്ള ചില വിഷയങ്ങളിൽ കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. 

ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ നമ്മളിൽ നിന്നും ഉൾക്കൊണ്ട് ഇത്തരം കാര്യങ്ങൾ നന്നായി നടത്തുന്നു. വൃത്തിയുള്ള ശുചിമുറികൾ ടൂറിസ്റ്റുകളെ ആകർഷിക്കും. ഒറ്റവാക്കിൽ പറഞ്ഞാൽ കേരളം മുന്നേറുക തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.