Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫുഡ് സ്റ്റാമ്പിന് അർഹത നേടാൻ കൂടുതൽ കർശന നിബന്ധനകൾ

Food stamp cash went to Yemen ? DA NY Daily News

ന്യൂയോർക്ക് ∙ 2018ലെ ഫാം ബില്ലിൽ ഫുഡ് സ്റ്റാമ്പിന് അർഹതനേടാനുള്ള ആവശ്യകത കൂടുതൽ കർശനമാക്കിയിരിക്കുകയാണ് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ. സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റൻസ് പ്രോഗ്രാം (സ്നാപ്) എന്നറിയപ്പെടുന്ന ഫുഡ് സ്റ്റാമ്പ് പദ്ധതിയിലൂടെ ഭക്ഷണ സാധനങ്ങൾ വാങ്ങാനുള്ള സഹായം നാലുകോടി അമേരിക്കക്കാർക്ക് ലഭിച്ചു വരുന്നു. ഫാം ബില്ലിലെ ധനാഭ്യർഥനയുടെ 80 ശതമാനവും ഈ പദ്ധതിക്കുവേണ്ടിയാണ്. അഞ്ച് വർഷത്തേയ്ക്കുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉള്ളത്.

ഫുഡ് സ്റ്റാമ്പ് സഹായം ദുരുപയോഗം ചെയ്യപ്പെടുന്നതായി വർഷങ്ങളായി പരാതിയുണ്ട്. ഫുഡ് സ്റ്റാമ്പിലൂടെ വാങ്ങുന്ന ഭക്ഷണ സാധനങ്ങൾ മറ്റുള്ളവർക്ക് വിറ്റ് ആ പണം നൽകി മയക്ക് മരുന്ന് വാങ്ങുന്നു. രേഖകളില്ലാതെ കൈപ്പറ്റുന്ന വരുമാനം മറച്ചു വെച്ച് വരുമാനം ഇല്ലെന്നോ കുറവാണെന്നോ കാട്ടി ഫുഡ്സ്റ്റാമ്പിന് അർഹത നേടുന്നു. ശാരീരികാവശതകൾ ഇല്ലാത്തവർ ജോലി ചെയ്യാതെ ആനുകൂല്യം നേടുന്നു. മേലധികാരികൾ ചില സമൂഹ വിഭാഗങ്ങളിൽ ഉള്ളവരുടെ അപേക്ഷകൾ ആവശ്യമായ പരിശോധന നടത്താതെ അനുവദിക്കുന്നു തുടങ്ങി ധാരാളം പരാതികൾ ഉയരാറുണ്ട്. ചൂണ്ടിക്കാണിക്കപ്പെടുന്ന  പ്രശ്നങ്ങൾക്ക് തൃപ്തമായ പരിഹാരം ഉണ്ടാകുന്നില്ല എന്നും ആരോപണമുണ്ട്.

ആശ്രിതർ ഇല്ലാത്ത 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള കായികമായി പരാധീനതകൾ ഇല്ലാത്തവർ ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂർ ജോലിയോ, പരിശീലനമോ, പഠനമോ നടത്തിയാൽ മാത്രമേ മൂന്നു വർഷ കാലയളവിനുള്ളിൽ മൂന്ന് മാസത്തിലധികം സ്റ്റാമ്പ് പദ്ധതിയിൽ തുടരാനാവു എന്നതാണ് നിലവിലെ നിയമം. ഹൗസ് അഗ്രികൾച്ചർ കമ്മിറ്റി ഏപ്രിൽ 18 ന് അംഗീകരിച്ചതും  ഇപ്പോൾ റിപ്പബ്ലിക്കനുകൾ സഭയിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതുമായ ബില്ലിൽ 40 വയസ് 59 വയസായി ഉയർത്തുന്നു. ആറ് വയസിന് മുകളിലുള്ള ജനയിതാക്കളെ ഉൾപ്പെടുത്തുന്നു. ആഴ്ചയിൽ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകൾ 20 ൽ നിന്ന് 25 ആയി ഉയർത്തുന്നു. കൂടുതലാളുകൾക്ക് തൊഴിൽ ലഭിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധനസഹായം നൽകി കൂടുതൽ തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും ഉറപ്പുവരുത്തുമെന്ന് റിപ്പബ്ലിക്കനുകൾ പറയുന്നു.

ബില്ലിൽ നിർദേശിക്കുന്ന മാറ്റങ്ങൾ യുക്തവും നടപ്പാക്കുവാൻ വളരെ വൈകിയെന്നും മിഡ് ലാന്റിൽ നിന്നുള്ള റിപ്പബ്ലിക്കനും കമ്മിറ്റി ചെയർമാനുമായ മൈക്ക് കോൺഎവേയും പാർട്ടിയുടെ മറ്റ് ജനപ്രതിനി ധികളും പറയുന്നു. ജോലി ചെയ്തിരിക്കണം എന്ന നിബന്ധന ഗർഭിണികളും മുതിർന്നവരും കുട്ടികളും ശാരീരിക പരാധീനതകൾ ഉള്ളവരും ഉൾപ്പടെ ഇപ്പോൾ സ്നാപ്പിന്റെ കീഴിലുള്ള മൂന്നിൽ രണ്ടു പേരെയും ബാധിക്കുകയില്ലെന്ന് കോൺഎവേ പറയുന്നു.

എന്നാൽ, ബില്ലിനെ എതിർക്കുന്ന ഡെമോക്രാറ്റുകൾ നിർദേശങ്ങൾ സ്നാപ് കൃത്യമായി മനസ്സിലാക്കാത്തവരാണ് മുന്നോട്ട് വയ്ക്കുന്നതെന്നാരോപിച്ചു. സ്നാപ് ലഭിക്കുന്നവരിൽ പലരും ഒരു തൊഴിൽ കണ്ടെത്താനോ തൊഴിൽ സമയം 25 മണിക്കൂറാക്കി ഉയർത്തി ലഭിക്കുവാനോ കഴിയാതെ ബുദ്ധി മുട്ടുന്നവരാണ്. പ്രത്യേകിച്ച് 50 വയസ് കഴിഞ്ഞവർക്ക് തൊഴിൽ കിട്ടുക വളരെ പ്രയാസമാണ്. ഇവരുടെ തൊഴിൽ അന്വേഷണം പലപ്പോഴും അനന്തമായി നീളും, വിമർശകർ പറയുന്നു.

ടെക്സസിൽ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി വാദിക്കുന്നവർ പുതിയ സ്നാപ് നിബന്ധനകളിൽ ആശങ്ക രേഖപ്പെടുത്തി. അർഹതയ്ക്കുള്ള നിബന്ധനകൾ പാലിച്ചില്ലെങ്കിൽ മുന്നറിയിപ്പും പിന്നീട് മൂന്നു വർഷത്തേക്ക് സഹായം നിർത്തലാക്കുകയും ചെയ്യും. ഒരു തവണ പിഴച്ചാലും നിങ്ങൾ പട്ടിണിയിലാവും–ഓസ്റ്റിനിലെ സെന്റർ ഫോർ പബ്ലിക് പോളിസീസ് സീനിയർ പോളിസി അനാലിസ്റ്റ് റേച്ചൽ കൂപ്പർ പറഞ്ഞു.

ഇടത് പക്ഷ ചിന്താഗതിക്കാർ മാത്രമല്ല ബില്ലിനെ എതിർക്കുന്നത്. ചില സംസ്ഥാനങ്ങൾ ചില ജനവിഭാഗങ്ങളെ ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കും. ആനുകൂല്യം നഷ്ടപ്പെടാതിരിക്കുവാൻ ചിലർ (ഔദ്യോഗികമായി) വിവാഹം കഴിക്കുകയില്ല എന്നും ഇവർ പറയുന്നു. പകരം രഹസ്യ വിവാഹങ്ങളാവും നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.