Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൺവെൻഷൻ വിജയിപ്പിക്കുന്നവർക്കു പിന്തുണ: ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ 

thampi-chacko

ഫിലഡൽഫിയ∙ ഫൊക്കാന കൺവെൻഷൻ വിജയിപ്പിക്കുന്നതിനു പിന്തുണ നൽകുന്നവർക്ക് മാത്രമായിരിക്കും തിരഞ്ഞെടുപ്പിൽ താൻ  പിന്തുണ നൽകുകയെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ. ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഞായറാഴ്ച ചേർന്ന യോഗത്തിനു ശേഷമാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.

കൺവെൻഷന്റെ ഒരുക്കങ്ങൾ മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു വരികയാണ്. കൺവെൻഷന്റെ സമ്പൂർണ വിജയമാണ് തന്റെ ലക്‌ഷ്യം. അഭിപ്രായ ഭിന്നതകൾ കൺവെൻഷനെ ഒരു വിധത്തിലും ബാധിക്കരുത്. ഇതു നമ്മുടെ എല്ലാവരുടെയും സ്വന്തമായ ഫൊക്കാനയുടെ കൺവെൻഷനാണ്. ഒരുപാടു പേര് കൈയും മെയ്യും മറന്ന് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. കൺവെൻഷൻ ചെയർമാൻ എം.മാധവൻ നായർ, ഫൊക്കാന നേതാക്കളായ സജിമോൻ ആന്റണി, ലൈസി അലക്സ് എന്നിവർ അകമഴിഞ്ഞ പിന്തുണയാണു നൽകി വരുന്നത്. സ്പോൺസർഷിപ്പിലും റജിസ്‌ട്രേഷനിലും അവർ നടത്തുന്ന പ്രവർത്തങ്ങൾ എടുത്തു പറയേണ്ടതാണെന്നും തമ്പി ചാക്കോ പറഞ്ഞു. എന്നാൽ ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ താൻ നിഷ്‌പക്ഷത പാലിക്കാൻ ബാധ്യസ്ഥനായതിനാൽ ആരെയും പരസ്യമായി പിന്തുണക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദ നഗരം എന്ന പേരിൽ അറിയപ്പെടുന്ന സമ്മേളന നഗരവും സൗഹൃദരായ ഫിലഡൽഫിയയിലെ മലയാളികളും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. യുവാക്കൾ സംഘടനയുടെ തലപ്പത്തു വരണം. അടുത്ത തലമുറയെ നയിക്കാനുള്ള യുവ നേതാക്കൻമാരെ തിരഞ്ഞെടുക്കാനുള്ള വേദിയായിരിക്കണം ഈ കൺവെൻഷൻ എന്നും അതിനായി എല്ലാ പിന്തുണയും ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ താൻ നൽകുന്നതായും  തമ്പി ചാക്കോ പറഞ്ഞു.

ഫിലാഡൽഫിയയിലെ വാലി ഫോർജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റെറിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന കൺവെൻഷൻ ഒരു വൻ വിജയമാക്കി മാറ്റുന്നതിനു റജിസ്ട്രേഷൻ വർധിപ്പിക്കാൻ എല്ലാവരും ആത്മാർഥമായി സഹകരിക്കണമെന്നു തമ്പി ചാക്കോ അഭ്യർഥിച്ചു. റജിസ്ട്രഷൻ വിജയകരമായി മുന്നേറുകയാണ്. ഇനിയും കൂടുതൽ ആളുകൾ പങ്കെടുത്താൽ ഈ കൺവെൻഷൻ ഒരു ചരിത്ര സംഭവമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.