Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പുതിയ തലമുറയെ വളർത്തണം; നിലപാടുകൾ വ്യക്തമാക്കി ഫിലിപ് ചാമത്തിൽ– വിഡിയോ

chamathil ഫിലിപ് ചാമത്തിൽ

അമേരിക്കൻ മലയാളികളുടെ ഇടയിൽ എന്നല്ല പ്രവാസികളുടെ ഇടയിൽ തന്നെ ഏറെ പ്രശസ്തമായ സംഘടനയാണ് ഫോമ ( ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്). പ്രവർത്തന മികവുകൊണ്ടും ഇടപെടുന്ന വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും പ്രവാസികളുടെ ഹൃദയത്തിൽ ഇടംനേടിയ സംഘടന. ശക്തമായ തിരഞ്ഞെടുപ്പിനൊടുവിൽ ഫോമയുടെ 2018–20 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കൻ മലയാളി ഫിലിപ് ചാമത്തിൽ ആണ് പുതിയ പ്രസിഡന്റ്. തിരഞ്ഞെടുപ്പിനു ശേഷം തന്റെ ഭാവി പരിപാടികളും ആഗ്രഹങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.

ഭാവിപരിപാടികളും തിരഞ്ഞെടുപ്പ് അനുഭവവും

പ്രവാസി മലയാളികളുടെ ഏറ്റവും ശക്തമായ സംഘടനയാണ് ഫോമ. വളരെ ശക്തമായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. അതിന്റെ അർഥം ഫോമ ശക്തമാണെന്നുള്ളതാണ്. കലിഫോർണിയ മുതൽ കാനഡവരെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധിച്ചു. ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിച്ചു. ഇതിലൂടെ ആളുകൾ ഫോമയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൂടുതൽ അടുത്തറിയാൻ സാധിച്ചു. അതനുസരിച്ച് പ്രവർത്തിക്കാനും സാധിച്ചു.

2018–20 കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ തലമുറയെ സംഘടനയിലേക്കും നമ്മുടെ സംസ്കാരത്തിലേക്കും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുണ്ടാകും. ഫോമയുടെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ടവരെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടാകും. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണമാണ് യുണിവേഴ്സിറ്റി ഒാഫ് ടെക്സസ് ഡാലസിൽ ഫോമയുടെ സ്റ്റുഡന്റ് ഫോറം ആരംഭിക്കാൻ സാധിച്ചത്. ഏകദേശം ഇരുന്നൂറോളം മലയാളി വിദ്യാർഥി–വിദ്യാർഥിനികൾ ഇതിന്റെ ഭാഗമാണ്. ഇത് മറ്റു യൂണിവേഴ്സിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്നത് പ്രധാന ചുമതലകളിൽ ഒന്നായി കാണുന്നു.

പുതിയ തലമുറ വളരണം

അമേരിക്കയിലേക്ക് കുടിയേറിയവരിൽ രണ്ടാം തലമുറയും മൂന്നാം തലമുറയും ഇപ്പോൾ വന്നിരിക്കുകയാണ്. ഇവരെ രാഷ്ട്രീയത്തിലേക്കും നമ്മുടെ സംസ്കാരത്തിലേക്കും കൊണ്ടുവരികയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്റ്റുഡന്റ് ഫോറം രൂപീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇത് കൂടുതൽ യൂണിവേഴ്സിറ്റികളിലേക്ക് എത്തിക്കേണ്ടതുണ്ട്. കേവലം സ്റ്റുഡന്റ് ഫോറം രൂപീകരിക്കുക മാത്രമല്ല. ഒാണവും ക്രിസ്തുമസും ക്രിക്കറ്റ് ടൂർണമെന്റും ഉൾപ്പെടെ നിരവധി പരിപാടികൾ ഇവിടെ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി വേദികൾ അവർക്കായി ഒരുക്കാൻ സാധിച്ചിട്ടുണ്ട്. ഇത് മറ്റുമേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്നാണ് ആഗ്രഹം. യുവാക്കളെ മുഖ്യരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നിർദേശങ്ങളും സെമിനാറുകളും സംഘടിപ്പിക്കണം.

വിദ്യാർഥികൾക്കും യുവാക്കൾക്കും ഒപ്പം. 

ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള ഫോമയുടെ പങ്കാളിത്തം മലയാളി സമൂഹത്തെ തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു. ഏതാണ്ട് 50 കോടിയോളം രൂപയാണ് അമേരിക്കൻ മലയാളികൾ ഇതുവഴി ലാഭിച്ചത്. ഇരുന്നൂറോളം കോഴ്സുകൾക്ക് ഫീസിൽ വലിയ ഇളവ് നേടിക്കൊടുക്കാൻ സാധിച്ചു. ആയിരങ്ങളാണ് പദ്ധതിയിലൂടെ നഴ്‌സിങ് ബിരുദം നേടിയത്. ബിരുദമില്ലാതെ നഴ്‌സിങ് രംഗത്ത് തുടരാന്‍ സാധിക്കില്ലെന്ന സ്ഥിതി വരും മുന്‍പേ അത് നേടിയെടുക്കാന്‍ സാധിച്ചത് ചെറിയ കാര്യമല്ല. ഇത്തരത്തില്‍ പല പദ്ധതികളും ഫോമയുടെ നേതൃത്തില്‍ വരും കാലത്തും പ്രാവര്‍ത്തികമാക്കാനുണ്ട്. കൂടുതൽ കിഴിവ് ലഭിക്കാനും ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമം തുടരുന്നു. മലയാളികൾക്ക് മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ഇതുമൂലം നേട്ടം ലഭിച്ചു. 

ജീവകാരുണ്യ പ്രവർത്തന, വുമൺ ഫോറം

ഫോമ വളരെ പ്രാധാന്യത്തോടെ കാണുന്ന മേഖലകളിൽ ഒന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നാട്ടിൽ വിവിധ മേഖലകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളുണ്ട്. ആദിവാസികൾ, എൻഡോസൾഫാന്റെ ദുരിതം അനുഭവിക്കുന്നവർ ഇങ്ങനെയുള്ള മേഖലകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുകയെന്ന ദൗത്യം ഫോമ ഏറ്റെടുക്കുകയാണ്. അമേരിക്കയിൽ തന്നെ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താനും അവയിൽ ബോധവൽക്കരണം നടത്താനും ഉദ്ദേശിക്കുന്നു. 

ഫോമയെ സംബന്ധിച്ചടുത്തോളം ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗമാണ് വുമൺ ഫോറം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇവർ വലിയ പങ്കാണ് വഹിക്കുന്നത്. പാലിയേറ്റിവ് കെയർ രംഗത്തും ഇവരുടെ സഹായം വലുതാണ്. ഇത്തരം കാര്യങ്ങൾ തുടർന്നും മുന്നോട്ടു പോവും. വുമൺസ് ഫോറം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും യൂണിറ്റ് തുടങ്ങാനുള്ള നടപടിയുണ്ടാകും. കൂടുതൽ സ്ത്രീകളെ ഫോമയുടെ വുമൺ ഫോറത്തിന്റെ ഭാഗമാക്കും.

Philip-Chamathil ഫിലിപ് ചാമത്തിൽ

നാട്ടിലെ സ്വത്ത് സംരക്ഷണം

പ്രവാസി മലയാളികൾ പൊതുവേ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് നാട്ടിലെ സ്വത്ത് സംരക്ഷിക്കുന്ന കാര്യം. നാട്ടിലുള്ള സ്വത്ത് പലപ്പോഴും നഷ്ടപ്പെടുന്ന കേസുകൾ നിരവധി കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് ഭൂമി വാങ്ങി ഒരു വര്‍ഷത്തിന് ശേഷം അവിടെ ചെന്നപ്പോള്‍ വഴി കെട്ടിയടിച്ച സംഭവം എനിക്ക് വ്യക്തിപരമായി ഉണ്ടായതാണ്. ഇതു കേവലം ഞാന്‍ മാത്രം അനുഭവിച്ച കാര്യമല്ല. സ്ഥലവും സാഹചര്യവും മാറി അമേരിക്കന്‍ മലയാളികളില്‍ നിരവധി പേര്‍ അനുഭവിച്ചതാണ്. ഇതിന് കൃത്യമായ നടപടി ഉണ്ടായേ പറ്റു. ഫോമ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഇക്കാര്യങ്ങളില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വസ്തുവുമായി ബന്ധപ്പെട്ടകേസുകള്‍ പ്രവാസികളെ വല്ലാത വലയ്ക്കുന്ന ഒന്നാണ്. ഇത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി അത്യാവശ്യമാണ്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ടു പോകും.

അമ്മ മലയാളം

യൂണിവേഴ്സിറ്റി ഒാഫ് ഓസ്റ്റണിൽ മലയാളം പഠിപ്പിക്കുന്നത് അമേരിക്കക്കാരൻ ആയ അധ്യാപകൻ ആണ്. ആ വിഷയം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ നേതൃത്വത്തിൽ വലിയൊരു തുക ഫണ്ട് നൽകി അവ നിലനിർത്തി. ഇതുപോലെ മറ്റു യൂണിവേഴ്സിറ്റികളിലേക്കും മലയാളം പഠിപ്പിക്കുന്ന ഒരു സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ കുട്ടികൾക്കും മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ നേട്ടമാകും. അതിനുള്ള ശ്രമങ്ങളുണ്ടാകും.

ഫോമയും കേരളവും

തിരുവനന്തപുരം ആർസിസിയിൽ കുട്ടികൾക്കായി ഒരു വാർഡ് പണിയാൻ സാധിച്ചു. ഇതുപോലുള്ള നല്ല പദ്ധതികളുമായി ഫോമ എന്നും മുന്നിലുണ്ടാകും. 

അടുത്ത രണ്ടു വർഷത്തേക്ക് നിരവധി പരിപാടികളും പദ്ധതികളും മനസിലുണ്ട്. ഇത് നടപ്പാകണമെങ്കിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. കൂട്ടയ്മയിലൂടെ പരസ്പരം സഹകരിച്ചു മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ. അതിനായി എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.