ടൊറന്റോ (കാനഡ)∙ 'ഈ ചിത്രം കണ്ടപ്പോൾ എനിക്ക് എന്റെ മകളെയും അവളുടെയും പാവയെയുമാണ് ഓർമവന്നത്. ഇത്തരത്തിൽ ഓരോ ചിത്രവും കേരളം കടന്നുപോയ നിമിഷങ്ങളിലേക്കാണു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്'- ഫെഡറൽ മന്ത്രി നവ്ജീപ് ബെയ്ൻസ് ആണു പ്രളയകേരളത്തിന്റെ ചിത്രങ്ങളെക്കുറിച്ച് ഇങ്ങനെ മനസ്സു തുറന്നത്. മറ്റൊരു ചിത്രത്തിന്റെ മുന്നിലെത്തിയ പാർലമെന്റംഗം സ്വെൻ സ്പെംഗെമാൻ പറഞ്ഞത് ഇങ്ങനെ: 'മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സമൂഹത്തിലെ എല്ലാവരെയും പ്രളയം എങ്ങനെ ബാധിച്ചു എന്നതിന്റെ ദൃശ്യമാണിത്'. ഇങ്ങനെ പറയുക മാത്രമല്ല സ്വെൻ ചെയ്തത്, ചിത്രം സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇരുപത്തിയഞ്ചിലേറെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റുകളുടെ നൂറിലേറെ ചിത്രങ്ങളാണ് മിസിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുക്കിയ ഓണക്കാഴ്ചയിൽ പ്രദർശിപ്പിച്ചത്. പ്രളയകാല കേരളത്തെ തൊട്ടറിയുന്നതിന് ഈ ചിത്രങ്ങൾ വഴിയൊരുക്കി. അവശ്യമെങ്കിൽ ഏതു സമയത്തും കാനഡ വിളിപ്പുറത്തുണ്ടാകുമെന്ന സൂചന നൽകിയാണ് ഫെഡറൽ മന്ത്രി നവദീപ് ബെയ്ൻസ് മടങ്ങിയതുതന്നെ.

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെ നടത്തിയ എംകെഎ ഓണക്കാഴ്ചയിൽ വിൻജോ മീഡിയ ഒരുക്കിയ ‘ഫ്ളാഷ് ഫ്ളെഡ്’ ചിത്രപ്രദർശനം മഹാപ്രളയത്തിന്റെ നേർക്കാഴ്ചയായി. പ്രളയകാലത്തെ കേരളത്തെ അടുത്തറിയുന്നതിനും അധികാരികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും ഫ്ളാഷ് ഫ്ളെഡ് ഉപകരിച്ചതായി പ്രസിഡന്റ് പ്രസാദ് നായർ ചൂണ്ടിക്കാട്ടി.
റിജോ ജോസഫ്, റോബർട്ട് വിനോദ്, റസ്സൽ ഷാഹുൽ, ജോസ്കുട്ടി പനയ്ക്കൽ, നിഖിൽ രാജ്, ബിപിൻ ചെമ്പോല, റെജു അർനോൾഡ് (എല്ലാവരും മലയാള മനോരമ), എ. കെ. ബിജുരാജ്, ടി. കെ. പ്രദീപ്കുമാർ, അബൂബക്കർ, ഇ. വി. രാഗേഷ്, സി. ബിജു, ശിവപ്രസാദ്, (എല്ലാവരും മാതൃഭൂമി), പി. ആർ. രാജേഷ്, ജെ. രമാകാന്ത് (മംഗളം), ബൈജു കൊടുവള്ളി, ജോൺസൺ വി. ചിറയത്ത് (മാധ്യമം), ബിബിൻ സേവ്യർ, മോഹനൻ (ദീപിക), രാകേഷ് നായർ (ടൈംസ് ഓഫ് ഇന്ത്യ), തുളസി കക്കാട്ട് (ഹിന്ദു), സുനോജ് നൈനാൻ മാത്യു (ഡെക്കൻ ക്രോണിക്കിൾ), സനേഷ് എ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), സുധർമൻ ദാസ് (കേരള കൗമുദി), പി.വി. സുജിത് (ദേശാഭിമാനി), മനു ഷെല്ലി (മെട്രോ വാർത്ത), ആർ. എസ്. അയ്യർ എന്നിവരുടെയും സമകാലിക മലയാളം വാരികയുടെയും ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

കേരളജനത പ്രളയകാലത്ത് കടന്നുപോയ ആകുലതകളുടെയും ദുരിതങ്ങളുടെയും നിമിഷങ്ങളാണ്ചിത്രങ്ങള് വരച്ചുകാട്ടിയത്.
പാർലമെന്റംഗം ഒമർ അൽഗബ്രയും ഒൺടാറിയോ പ്രവിശ്യാ പാർലമെന്റ് അംഗം ദീപക് ആനന്ദും മിസിസാഗ സിറ്റി കൗൺസിൽ അംഗങ്ങളായ ജോൺ കോവാക്കും റോൺ സ്റ്റാറുമെല്ലാം ഈ ചിത്രങ്ങൾ തങ്ങളിലുണ്ടാക്കിയ വികാരങ്ങളെക്കുറിച്ച് സംസാരിക്കുകയും കുറിപ്പുകൾ രേഖപ്പെടുത്തുകയും. ഇവരിൽ പലരും വ്യക്തിപരമായി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകളും നൽകി.
മുപ്പതാം വാർഷികം ആഘോഷിക്കിന്ന മിസിസാഗ കേരള അസോസിയേഷൻ നടപ്പാക്കുന്ന കാരുണ്യപ്രവൃത്തികളുടെ ഭാഗമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. പ്രളയകാല കേരളത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയത് ദുരിതത്തിന്റെ ആഴം പ്രവാസികളിൽ എത്തിക്കുന്നതിനുകൂടിയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കനേഡിയൻ മലയാളി മുസലിംസ് മർച്ചന്റ് ഫൗണ്ടേഷന്റെ ഈദ് ഗാലയിലും പ്രളയകാല ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മാധ്യമ പ്രവർത്തകനായിരുന്ന വിനോദ് ജോണിന്റെ നേതൃത്വത്തിലുള്ള മാധ്യമസംരംഭമാണ് വിൻജോ മീഡിയ. പ്രദർശനത്തിന്റെ വിഡിയോ റിപ്പോർട്ട് യു ട്യൂബിൽ ഇ-ന്യൂസ് ഡെജസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.