Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡിറ്റെൻഷൻ സെന്ററുകളിൽ കുടിയേറ്റ കുട്ടികളുടെ എണ്ണം അഞ്ചിരട്ടി വർധിച്ചു

വാഷിങ്ടൻ∙അമേരിക്കൻ അതിർത്തിയിൽ അനധികൃതമായി നുഴഞ്ഞ് കയറാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയും തടഞ്ഞ് വയ്ക്കൽ കേന്ദ്രങ്ങളിലാക്കുകയും ചെയ്യപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വേനൽക്കാലത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് അഞ്ചിരട്ടി വർധിച്ചതായി ഒരു പ്രമുഖ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. 2017 മാർച്ചിൽ ഈ സെന്ററുകളിൽ ഉണ്ടായിരുന്നത് 2,400 കുട്ടികളായിരുന്നു. 2018 സെപ്റ്റംബർ ആയപ്പോൾ 12,800 കുട്ടികളായതായാണ് കണക്ക്.

ഈ അപ്രതീക്ഷിത വർധനവ് തടഞ്ഞ് വയ്ക്കൽ കേന്ദ്രങ്ങളിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മിക്കവാറും എല്ലായിടത്തും ഉൾക്കൊള്ളാനുള്ള ശക്തി പരീക്ഷിക്കപ്പെടുകയാണ്. അന്തേവാസികൾ വർധിക്കുന്നതിനുസരിച്ച് ജീവനക്കാർ നൽകുന്ന സേവനങ്ങളുടെ നിലവാരം കുറയുന്നതായും പരാതി റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികൾ വർധിക്കുന്നത് കൂടുതൽ കുട്ടികൾ അമേരിക്കയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നത് കൊണ്ടല്ല മറിച്ച് കുടുംബങ്ങളോടോ രക്ഷാധികാരികളോടൊപ്പം അയയ്ക്കുവാൻ കഴിയാത്തതിനാലാണ്. ഇവരെ കണ്ടെത്തുവാൻ അധികാരികൾക്ക് കഴിയുന്നില്ല  എന്നതാണ് പ്രധാന കാരണം. ഈ ബാഹുല്യം കുട്ടികളെയും സംവിധാനത്തെയും ജീവനക്കാരെയും പരിക്ഷീണിതരാക്കുന്നു.

ഭൂരിഭാഗം കുട്ടികളും തങ്ങളുടെ മാതാപിതാക്കൾക്കൊപ്പമല്ലാതെ സ്വയം അതിർത്തി കടന്നെത്തിയവരാണ്. മിക്കവരും മധ്യ അമേരിക്കയിൽ നിന്നെത്തിയ കൗമാര പ്രായക്കാർ.   അമേരിക്കയിലുള്ള നൂറിലധികം ഷെൽട്ടറുകളിൽ ഇവരെ പാർപ്പിച്ചിരിക്കുന്നു. ഈ ഷെൽട്ടറുകൾ പ്രധാനമായും അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ഉള്ളവയാണ്.

ഈ വിവരങ്ങൾ യുഎസ് കോൺഗ്രസംഗങ്ങളെ ധരിപ്പിച്ചു കഴിഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ അതിജീവിച്ച് കഴിഞ്ഞ വർഷങ്ങളിലെ അത്രയും തന്നെ കുട്ടികൾ അതിർത്തി കടക്കുന്നതായാണ് കണക്കുകൾ. 

ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രധാനമാറ്റം ചുവപ്പു നാടയും കുടിയേറ്റ നിയമം ശക്തമായി നടപ്പാക്കുവാൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ നിലപാടും മൂലം കുട്ടികൾക്കൊപ്പം വരുവാൻ മാതാപിതാക്കളെയോ സ്പോൺസർ ചെയ്യുവാൻ ബന്ധുക്കളെയോ മുന്നോട്ടു വരാൻ ഭയം അനുവദിക്കുന്നില്ല എന്നതാണ്.

കഴിഞ്ഞ മേയ് മാസം മുതൽ ഷെൽട്ടറുകൾ ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 90% ന്റെ മുകളിലാണ്. കഴിഞ്ഞ വർഷം ഷെൽട്ടറുകളുടെ കപ്പാസിറ്റിയുടെ 30% മാത്രം കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് അതിർത്തി കടക്കാൻ കുട്ടികളുടെ ഒരു തിരക്കുണ്ടായാൽ സംവിധാനം ആകെ തകരാറിലാകുമെന്ന് അധികാരികൾ പറയുന്നു. നൂറ് ശതമാനത്തിന് അടുത്തെത്തിയാൽ പെട്ടെന്ന് സംജാതമാവുന്ന പ്രശ്നങ്ങൾ നേരിടുവാൻ കഴിയുകയില്ല. പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് കീഴിലെ ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിൽ കുടിയേറ്റ കുട്ടികളുടെ സംരക്ഷണ മേൽ നോട്ടം വഹിച്ചിരുന്ന മാർക്ക് ഗ്രീൻ ബെർഗ് പറയുന്നു.

ടെക്സസിലെ ടോർനിലോയിലെ ടെന്റ് സിറ്റിയുടെ വലിപ്പം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് അധികാരികൾ പറഞ്ഞു. വർഷാവസാനത്തോടെ 3,800 കുട്ടികളെ ഇവിടെ പാർപ്പിക്കുവാനാണ് താൽപര്യം. കുടിയേറ്റ അനുഭാവികളും ചില കോൺഗ്രസംഗങ്ങളും തങ്ങളുടെ ആശങ്ക അറിയിച്ചു. നിറഞ്ഞ് കവിയുന്ന സെന്ററുകളിലെ അവസ്ഥ സാധാരണ സെന്ററുകളിലേതിനെക്കാൾ പരിതാപകരം ആയിരിക്കും എന്നിവർ പറഞ്ഞു.

ടോർനിലോ പോലെയുള്ള സെന്ററുകൾ നടത്തിക്കൊണ്ട് പോവുക വളരെ ചെലവേറിയതാണെന്ന് ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയിലെ കണക്ടിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റ് അംഗം റെപ്രസെന്റേറ്റീവ് റോസാ ഡിലോ റോ പറഞ്ഞു.  ഒരു കുട്ടിക്ക്  പ്രതിദിനം 750 ഡോളർ ചെലവ് വേണ്ടിവരുമെന്നും ഇത് സാധാരണ സെന്ററിലെ ചെലവിന്റെ മൂന്നിരട്ടി ആണെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓഗസ്റ്റിൽ നിയമ വിരുദ്ധമായി അതിർത്തി കടക്കുന്ന കുടുംബങ്ങളെ അറസ്റ്റ് ചെയ്യുന്നത് 38% വർധിച്ചതായി ഡിപ്പാർട്ട്മെന്റ്  ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയുടെ കണക്കുകൾ പറഞ്ഞു. 12,800 കുടുംബാംഗങ്ങൾ ഓഗസ്റ്റിൽ അതിർത്തി കടന്നു. ജൂലൈയിൽ ഇത് 9,247 മാത്രം ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.