Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിനു തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ സെനറ്റിൽ മാത്രം

US-POLITICS-ELECTION-VOTE വാഷിങ്ടണിൽ ഡെമോക്രാറ്റ് പാർട്ടിയുടെ വിജയം ആഘോഷിക്കുന്നവർ.

വാഷിങ്ടൻ∙ ചരിത്രം തിരുത്തി നാടകീയ വിജയപരാജയങ്ങളുമായി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുഫലം. ട്രംപ് ഭരണത്തിന്റെ രണ്ടു വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റ് മുന്നേറ്റം തിരിച്ചടിയായി. 435 അംഗ ഹൗസിൽ 223 സീറ്റുകൾ ഡെമോക്രാറ്റുകൾ ജയിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218. നാല് ഡെമോക്രാറ്റ് സീറ്റുകൾ പിടിച്ചെടുത്തതുൾപ്പെടെ സെനറ്റിൽ നിലവിലുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം മെച്ചപ്പെടുത്താനായതാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടം. അന്തിമഫലം ഇനിയും വന്നിട്ടില്ല. നിലവിൽ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ 223 സീറ്റുകളിലും റിപ്പബ്ലിക്കൻസിന് 199 സീറ്റിലുമാണ് ജയിച്ചത്. സെനറ്റിൽ ഡെമോക്രാറ്റുകൾ 46 സീറ്റിലും റിപ്പബ്ലിക്കൻസ് 51 സീറ്റിലും ജയിച്ചു.

പക്ഷേ, 435 അംഗ ജനപ്രതിനിധിസഭയിൽ എട്ടു വർഷത്തിനുശേഷം ഡെമോക്രാറ്റുകൾ ആധിപത്യം നേടിയതോടെ, പ്രസിഡന്റിനെ ഇംപീച് ചെയ്യാനുള്ള നടപടികളിലേക്കുവരെ നീങ്ങിയേക്കാവുന്ന വഴിത്തിരിവുകൾക്കാണു കളമൊരുങ്ങിയിരിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് മുന്നേറ്റമുണ്ട്. ചരിത്രപരമായ പല മുന്നേറ്റങ്ങളും തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ചേർത്തുവായിക്കാനുണ്ട്. ജനപ്രതിനിധി സഭയിലേക്ക് മുസ്‍ലിം വനിത പ്രാതിനിധ്യം, സ്വവർഗാനുരാഗിയായ ഗവർണർ, സെനറ്റിലും ജനപ്രതിനിധി സഭയിലും സ്ത്രീ പ്രാതിനിധ്യം വർധിച്ചു എന്നിവയെല്ലാം ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

ഇടക്കാല തിരഞ്ഞെടുപ്പിലെ പ്രധാന നിമിഷങ്ങൾ

തിരഞ്ഞെടുപ്പിൽ വനിത സ്ഥാനാർഥികൾക്ക് റെക്കോർഡ് മുന്നേറ്റം. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 96 വനിതകൾ ജനപ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 31 പേർ പുതുമുഖങ്ങളാണ്. 11 വനിതകളാണ് സെനറ്റിലേക്ക് വിജയിച്ചത്. ഇതില്‍ രണ്ടു പേർ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

യുഎസിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകൾ പാർലമെന്റിൽ അംഗങ്ങളായി. ഇൽഹാൻ ഉമറും, റഷീദ താലിബുമാണ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

ജനപ്രതിനിധിസഭയിൽ ഡമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 221 സീറ്റിലാണ് ഡമോക്രാറ്റുകൾ വിജയിച്ചിരിക്കുന്നത്. 199 സീറ്റാണ് ട്രംപിന്റെ റിപ്പബ്ലിക്കാൻ പാർട്ടി നേടിയിരിക്കുന്നത്. സെനറ്റിൽ ഡമോക്രാറ്റുകൾ നിലവിൽ 45 സീറ്റിലാണു വിജയിച്ചിരിക്കുന്നത്.

വീണ്ടും ചരിത്രം തിരുത്തിക്കുറിച്ച് യുഎസ്. ജാറെദ് പോളിസ് രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വവർഗാനുരാഗിയെന്നു പരസ്യമായി പ്രഖ്യാപിച്ച ജാറെദ് പോളിസ് കൊളറാഡോയിൽ നിന്നാണു ജനവിധി തേടിയത്.

ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 114 മില്യൻ പൗരൻമാർ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2014ൽ ഇതു 83 മില്യനായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ടെക്സസിൽ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിർത്തി. എതിരാളി ഡമോക്രാറ്റിക് പാർട്ടിയുടെ ബെറ്റൊ ഒ റൗർക്കിയെയാണു പരാജയപ്പെടുത്തിയത്.

സൗത്ത് ഡെക്കോഡ സംസ്ഥാനത്തിന് ആദ്യ വനിതാഗവർണർ. റിപ്പബ്ലിക്കന്‍ ടിക്കറ്റിൽ മൽസരിച്ച ക്രിസ്റ്റി നൊയിം ആണ് ചരിത്രവിജയം നേടിയിരിക്കുന്നത്.

US-FLORIDA-DEMOCRATIC-SENATE-CANDIDATE-BILL-NELSON-ATTENDS-ELECT

ജനപ്രതിനിധിസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകൾ നേടുമെന്ന് ഉറപ്പായി. നിലവിൽ 196 സീറ്റ് ഡമോക്രാറ്റുകൾ നേടിയപ്പോൾ 182 റിപ്പബ്ലിക്കൻ സ്ഥാനാർഥികളാണു വിജയിച്ചിരിക്കുന്നത്. 

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പുറത്തു വന്നപ്പോൾ സെനറ്റില്‍ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം. എന്നാൽ ജനപ്രതിനിധിസഭയിൽ ഡമോക്രാറ്റിക് ആധിപത്യം പ്രകടമാണ്. 194 സീറ്റിൽ ഡമോക്രാറ്റിക് സ്ഥാനാർഥികൾ വിജയിച്ചു.

കടുത്ത മൽസരം നടന്ന ഫ്ളോറിഡയിൽ ഡമോക്രാറ്റിക് പാർട്ടിക്കു തിരിച്ചടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവര്‍ണർ സ്ഥാനാർഥി റോണ്‍ ഡിസാന്റിസ് വിജയിച്ചു. ഡമോക്രാറ്റിക് സ്ഥാനാർഥിയും തലഹാസി മേയറുമായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെ പരാജയപ്പെടുത്തിയാണു റോണ്‍ ഡിസാന്റിസ് ഫ്ളോറിഡയുടെ 46–ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്. റോണ്‍ ഡിസാന്റിസിന്റെ വിജയം ട്രംപിനു ശക്തി പകരുമെന്നാണ് കണക്കാക്കുന്നത്. 

US-DEMOCRATIC-CONGRESSIONAL-CANDIDATE-IN-NEW-YORK-ALEXANDRIA-OCA

അയോവ, മോണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു.

അതേസമയം, ഇന്ത്യാനയിൽ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹോദരൻ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഗ്രെഗ് പെൻസ്  വിജയച്ചു കയറി. 

ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ  ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.  ന്യൂജഴ്സിയിലും ജയം ഡെമോക്രാറ്റിനൊപ്പം. സെനറ്റർ ബോബ് മെനൻഡസ് മൂന്നാം തവണയും ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു.  

പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും  ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎൻഎൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.

ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വോട്ടിങ്ങ് ആരംഭിച്ചതു മുതൽ വിവിധ ബൂത്തുകൾക്കു മുന്നിൽ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

us-poll യുഎസ്സിലെ ഒരു തിരഞ്ഞെടുപ്പ് ബൂത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: ട്വിറ്റർ

രണ്ടു സംസ്ഥാനങ്ങളിൽ പോളിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചില വിവരങ്ങൾ പ്രചരിച്ചിരുന്നു. തെറ്റായ വിവരങ്ങൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നവർക്ക് ഊബർ, സിറ്റി ബൈക്ക് തുടങ്ങിയ കമ്പനികൾ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനായി ഫെയ്സ് ബുക് നൂറ്റൻപതിലേറെ അക്കൗണ്ടുകൾ മരവിപ്പിച്ചു.

US-POLITICS-VOTE-ELECTIONS

ലോകം ഉറ്റുനോക്കുന്നു

ജനപ്രതിനിധി സഭയിലേക്കു (കോൺഗ്രസ്) 435 അംഗങ്ങളെയും സെനറ്റിലേക്ക് 35 പേരെയും 36 ഗവർണർമാരെയും സംസ്ഥാന സഭകളിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ലോകം ഉറ്റുനോക്കുന്നു. 435 അംഗ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235, ഡമോക്രാറ്റിക് പാർട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോഴാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ട്രംപിന്റെ പാർട്ടിക്കുള്ളത്.

US-VOTERS-ACROSS-THE-COUNTRY-HEAD-TO-THE-POLLS-FOR-THE-MIDTERM-E നെവാഡയിൽ സൺസെറ്റ് മാളിലെ വോട്ടിങ് കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നവർ.

ട്രംപിന് നിർണായകം

ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് പാർലമെന്റായ കോൺഗ്രസ് പിടിച്ചെടുത്താൽ ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾക്കു വേദിയൊരുങ്ങുമെന്ന നാടകീയ വഴിത്തിരിവുണ്ട്. പുതിയ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുക്കാനും ട്രംപിന്റെ രാഷ്ട്രീയ ഭാവിയുടെ വിധിയാറിയാനും ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. ഇരു സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണുള്ളത്.

വൈവിധ്യം നിറഞ്ഞ് സ്ഥാനാർഥികൾ

ജനപ്രതിനിധി സഭയിൽ ഇപ്പോഴുള്ള 4 പേർക്കു പുറമേ 7 ഇന്ത്യൻ വംശജർ കൂടി ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്. ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തിരഞ്ഞടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ മൽസരരംഗത്തുള്ള തിരഞ്ഞെടുപ്പിന്റെ വിധി എഴുത്താണിത്. പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഡമോക്രാറ്റ് ടിക്കറ്റിൽ മൽസരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ്. ആഫ്രോ–അമേരിക്കൻ വംശജയായ ഇൽഹാൻ ഉമർ മിനസോട്ട സംസ്ഥാനത്തു നിന്നുമാണ് ജനപ്രതിനിധിസഭയിലേക്ക് മൽസരിക്കുന്നത്. ഇന്ത്യൻ വംശജരായ എണ്‍പതോളം പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യൻ വംശജരുൾപ്പെടെ 220 ഏഷ്യൻ സ്ഥാനാർഥികളിൽ ഭൂരിഭാഗവും ഡമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണു മൽ‍സരിക്കുന്നത്.

US-DEMOCRATIC-CANDIDATE-BETO-O'ROURKE-HOLDS-ELECTION-NIGHT-EVENT

വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ

ജോർജിയ, ഇൻഡ്യാന, കെന്റക്കി, ന്യൂഹാംഷർ, സൗത്ത് കാരലൈന, വെർമോണ്ട്, വെർജീനിയ, നോർത്ത് കാരലൈന, ഒഹായോ, വെസ്റ്റ് വെർജീനിയ, അലബാമ, കനക്ടികട്ട്, ഡെലവെയർ ഫ്ളോറിഡ, ഇല്ലിനോയ്, മെയ്ൻ, മേരിലാൻഡ്, മാസച്യുസിറ്റ്സ്, മിസിസിപ്പി, മിസോറി, ന്യൂജഴ്സി, ഓക്‌ലഹോമ, പെൻസിൽവേനിയ, റോഡ് ഐലൻഡ്, ടെനിസി, അർകൻസ, അരിസോന, കൊളറാഡോ, കാൻസസ്, ലൂസിയാന, മിഷിഗൻ, മിനസോട്ട, നെബ്രാസ്ക, ന്യൂമെക്സിക്കോ, ന്യൂയോർക്ക്, സൗത്ത് ഡെക്കോഡ, ടെക്സസ്, വിസ്കോൻസെൻ, വയോമിങ്, അയോവ, മോണ്ടാന, നെവാഡ, യൂട്ടാ, കലിഫോർണിയ, ഹവായ്, ഐഡഹോ, നോർത്ത് ഡെക്കോഡ, ഓറിഗൻ, വാഷിങ്ടൻ, അലാസ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.