Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുഎസ്സിൽ ഉള്ളവർ സൂക്ഷിക്കുക; നിങ്ങൾക്ക് വരുന്ന ഫോൺ കോൾ തട്ടിപ്പാകാം, നീക്കം ഇങ്ങനെ

mobile-number

വാഷിംഗ്ടൺ ∙ നിങ്ങളുടെ ലാൻഡ് ലൈനിലോ, മൊബൈലിലോ വരുന്ന അടുത്ത കോൾ ഒരു തട്ടിപ്പിനുള്ള ശ്രമമാകാം. നിങ്ങളുടെ പണമോ, സ്വകാര്യ വിവരങ്ങളോ, തട്ടിയെടുക്കുവാനുള്ള ശ്രമമായി ഒട്ടുമിക്ക ഫോൺ കോളുകളും മാറിയിരിക്കുകയാണെന്ന് ഡേറ്റ അനാലിസ്  റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ഫോണുകളിൽ വന്ന കോളുകളിൽ 30% തട്ടിപ്പായിരുന്നു. 2019 ൽ നിങ്ങൾക്ക് ലഭിക്കുവാനിടയുള്ള ഫോൺ കോളുകളുടെ 50% തട്ടിപ്പായിരിക്കുമെന്നാണ് അർക്കൻസ് ആസ്ഥാനമായ ഫസ്റ്റ് ഒറിയോൺ എന്ന കോൾ മാനേജ്മെന്റ് കമ്പനിയുടെ നിരീക്ഷണം.

റോബോ കോളുകൾ ജനങ്ങളുടെ ഉത്കണ്ഠയും അത്യാർത്തിയുമാണ് മുതലെടുക്കുവാൻ ശ്രമിക്കുന്നത്. വളരെ തുച്ഛമായ പ്രീമിയത്തിനുള്ള ഹെൽത്ത് ഇൻഷുറൻസ്, സൗജന്യ വിനോദ യാത്ര, സ്റ്റുഡന്റ് ലോൺ തിരിച്ചടയ്ക്കുവാനുള്ള കാലാവധി നീട്ടിനൽകൽ മുതൽ ആമസോണിൽ വീട്ടിൽ നിന്ന് ചെയ്യാവുന്ന നല്ല വരുമാനം ഉള്ള ജോലി വരെ ഈ ഫോൺ കോളുകൾ വാഗ്ദാനം ചെയ്യുന്നു. തട്ടിപ്പ് ഫോൺകോളുകൾ വർധിക്കുന്നത് പുതിയ സാങ്കേതിക വിദ്യയിലൂടെ വളരെ കുറഞ്ഞ ചെലവിൽ തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ മറച്ചു വച്ച് വിളിക്കാൻ കഴിയുമെന്നതിനാലാണ്.

mobile-phone

തട്ടിപ്പുകാർ വ്യക്തമായ ധാരണകൾ ഉള്ളവരാണ്. സാധാരണ വിപണന കമ്പനികൾ ചെയ്യുന്നതുപോലെ എ–ബി ടെസ്റ്റിംഗ് നടത്തുന്നു. പരീക്ഷണം വിജയിച്ചാൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നു– ഫസ്റ്റ് ഓറിയോണിന്റെ മാർക്കറ്റിംഗ് ആന്റ് ബിസിനസ് ഡെവലപ്മെന്റ് സീനിയർ വൈസ് പ്രസിഡന്റ് ഗാവിൻ മകോമ്പർ പറയുന്നു. റോബോ കോൾ ഒരു സാംക്രമിക രോഗം പോലെ പടർന്ന് പിടിച്ചിരിക്കുകയാണ്. ടെലികോം വ്യവസായ സ്ഥാപനങ്ങൾ ഇത് നിയന്ത്രിക്കുവാൻ പുതിയ കണ്ടുപിടുത്തങ്ങളുമായി രംഗത്തെത്തുവാൻ ശ്രമിക്കുന്നു. ഒരു ഫോണിലേയ്ക്ക് വരുന്ന കോളുകളുടെ ഐഡി പരിശോധിക്കുവാനുള്ള സാങ്കേതികത കോംകാസ്റ്റ് നടപ്പിലാക്കും. ടി മൊബൈലും ഇതിന് തയാറെടുക്കുകയാണ്. പരീക്ഷണങ്ങൾക്കുശേഷം അടുത്ത വർഷം ഇത് ആരംഭിക്കുമെന്ന് കമ്പനി പറയുന്നു.

ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാൻ അജിത് പൈ 2019 ൽ തന്നെ ഫോൺ കമ്പനികൾ കാൾ ഓതറൈസേഷൻ സിസ്റ്റം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. അടുത്ത വർഷത്തേയ്ക്കുള്ള ഹെൽത്ത് പ്ലാനുകളിൽ ജനങ്ങൾ ചേരുന്ന സമയമാണിത്. വിവിധ പ്ലാനുകളും വ്യാജ വിവരങ്ങളും നൽകി ഫോൺ വിളികൾ തകൃതിയായി നടക്കുന്നു.

watsapp-mobile-phone

യുമെയിൽ എന്ന കാലിഫോർണിയ കമ്പനി കണ്ടെത്തിയത് ഒക്ടോബറിൽ 50 കോടി വ്യാജ ഫോൺ കാളുകൾ ഇതിനായി മാത്രം നടത്തി എന്നാണ്. ആ മാസം നടന്ന 510 കോടി റോബോ കാളുകളുടെ 10 % ഇതായിരുന്നു. വളരെ ചെലവു കുറഞ്ഞതെന്ന് അവകാശപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതികൾ അവതരിപ്പിച്ച് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുകയും ചിലപ്പോൾ ആദ്യ പ്രീമിയമെന്ന പേരിൽ ക്രെഡിറ്റ് കാർഡിൽ ചാർജ് ചെയ്യുകയും ചെയ്യുന്നു.

കോളർ ഐഡികൾ വ്യാജമാക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. നിങ്ങളുടെ ഫോൺ നമ്പർ തന്നെ ആയിരിക്കും കോളർ ഐഡിയിൽ തെളിയുക. ടെലികോം കമ്പനിയിൽ നിന്നാണ് വിളിക്കുന്നതെന്നറിയിച്ച് നിങ്ങളുടെ വിവരം ചോർന്നു എന്ന് പറയുന്നു. നിങ്ങളുടെ കൂടുതൽ സ്വകാര്യ വിവരങ്ങൾ നിങ്ങളിൽ നിന്ന് ചോർത്തി തട്ടിപ്പ് നടത്തുന്നു. സൗജന്യമായോ ഇളവുകളോടോ കൂടിയ വിനോദ യാത്രയുടെ ഓഫറാണ് മറ്റൊരു തട്ടിപ്പ്. ഡിസ്നി വേൾഡാകാം, ബഹാമാസാകാം ഒരു നോമിനൽ ബുക്കിംഗ് ഫീ നൽകാൻ പറയുന്നു. ക്രെഡിറ്റ് കാർഡ് നമ്പർ നേടിയെടുത്ത് തട്ടിപ്പ് ആരംഭിക്കുന്നു.

സാറാഫ്രെം ആമസോൺ പ്രോഫിറ്റ്സ് ഡോട്ട് ഓർഗ് വീട്ടിലിരുന്ന് ആമസോൺ ജോലിയുടെ വാഗ്ദാനവുമായി എത്തുന്നു. മണിക്കൂറിന് 17 മുതൽ 32 വരെ ഡോളറാണ് വാഗ്ദാനം. ആമസോൺ ഈയിടെ ഉയർത്തിയ മിനിമം വേതനം പോലും ഇത്രയും വരില്ല. കഴിഞ്ഞ മാസം നടന്ന 14 കോടി 40 ലക്ഷം ഈസി മണി വാഗ്ദാന റോബോ കോളുകളിൽ ഈ തട്ടിപ്പ് പ്രധാനമായിരുന്നു. വിദ്യാഭ്യാസ വായ്പ അടയ്ക്കാനാവാതെ വിഷമിക്കുന്നവരെ വഞ്ചിക്കുകയാണ് മറ്റൊരു റോബോകൾ. പബ്ലിക് സർവീസ് ലോൺ ഫൊർഗിവ്നെസ് പ്രോഗ്രാം അവസാനിച്ചു എന്ന ശരിയായ വിവരം നൽകി വിശ്വാസ്യത നേടിയാണ് സ്വകാര്യ വിവരങ്ങൾ നേടാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.