Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നീ പറ! അമേരിക്കന്‍ മലയാളിയുടെ ടിക് ടോക് വിഡിയോ വൈറൽ; പങ്കുവച്ച് ‘കലക്ടർ ബ്രോയും’

alvin-pic1 പ്രശാന്ത് നായർ, ആൽവിൻ ഇമ്മട്ടി ടിക് ടോക്ക് വിഡിയോയിൽ

ഫ്ലോറിഡ∙ നാട്ടുകാരുടെ പള്‍സ് അറിഞ്ഞ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് എഴുതുന്നതില്‍ മുടിചൂടാമന്നനാണ് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. അമേരിക്കന്‍ മലയാളിയായ ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മലയാളികള്‍ ആഘോഷമാക്കുന്ന ഹര്‍ത്താലിനോടുള്ള മനോഭാവം എന്നുമാറുമെന്നാണ് ബ്രോ ചോദിക്കുന്നത്.

ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കിയാണ് ആല്‍വിന്‍ ‘നീ പറ പുഷ്കരാ..ബസിലെ സൗമ്യ ആരാ..പുഷ്ക്കരാ..നീ ഗംഭീരാ....നീ പറ’ എന്ന ടിക് ടോക് വിഡിയോ അവതരിപ്പിക്കുന്നത്. ഈ വിഡിയോ 10 ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി ടിക് ടോക് വീഡിയോ ചെയ്തിട്ടുള്ള ആല്‍വിന്റെ രണ്ടാമത്തെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

ആല്‍വിന്‍ ഇമ്മട്ടി ഫ്ലോളോറിഡയില്‍ കോറല്‍ സ്പ്രിങ്‌സിലാണ് താമസം, ഇരുപത്തിരണ്ടുക്കാരനായ ആല്‍വിന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാർഥിയാണ്. പ്രശാന്ത് നായർ ഐഎഎസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ആൽവിൻ ചെയ്ത കമന്റും ശ്രദ്ധേയമാണ്.

‘കലക്‌ടർ സാറേ, മുകളിൽ കാണുന്ന വിഡിയോയിലെ കക്ഷി ഞാനാണ്. ഞാൻ ചെയ്ത ഈ വിഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി. ഇതിന്റെ വരികൾ എഴുതിയ ഒറിജിനൽ കക്ഷി ആരാണെന്ന് അറിയില്ല. ടിക്ക് ടോക്കിൽ കണ്ടപ്പോൾ അതുപോലെ ചെയ്തെന്നെ ഉള്ളൂ, ആ വ്യക്തി ആരായാലും എന്റെ നന്ദി അറിയിക്കുന്നു’– എന്നാണ് ആൽവിൻ പറഞ്ഞത്.

വിഡിയോ പങ്കുവച്ചുകൊണ്ട് പ്രശാന്ത് നായർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

വിളിച്ചതാരായാലും ഹർത്താൽ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലർക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങൾ കാണുന്നു, സഹിക്കുന്നു. നിർബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്ന ബഹളങ്ങൾക്കും സമരങ്ങൾക്കുമിടയിൽ ചവിട്ടിമെതിക്കപ്പെടുന്നവൻ നമ്മുടെ കണ്ണിൽ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

alvin-pic2

നിർബന്ധിത ഹർത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയിൽ പ്രവർത്തിക്കുന്നവരും അസംഘടിതരാണ്. അവർക്ക് ജീവൻ മരണ പ്രശ്നമാണ് തൊഴിലും അതില്ലാതാക്കുന്ന നിർബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കർണ്ണപുടത്തിൽ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്.

കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തൽ യോജന തുടങ്ങുകയായി. ഈ പാവങ്ങൾ പറയുന്നത് ജീവിക്കാൻ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല. ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം. - ബ്രോസ്വാമി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.