Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തണലൊരുക്കി ഫോമ വില്ലേജ് കടപ്രയിൽ; ഭവനങ്ങളുടെ നിർമാണോദ്ഘാടനം 13ന്

Fomma-village-project1

തിരുവല്ല∙ പ്രളയബാധിതരായ കുടുംബങ്ങൾക്ക് സുരക്ഷയുടെ തണലൊരുക്കി ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കൻസ് (ഫോമ) വില്ലേജ് പദ്ധതി കടപ്രയിൽ. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ 2018–20 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലെ 39 കുടുംബങ്ങൾക്ക് വീടുവച്ചു നൽകുന്നത്. ഭവനങ്ങളുടെ നിർമാണോദ്ഘാടനം 13ന് രാവിലെ പുളിക്കീഴ് പി.ആർഎസ് ഓഡിറ്റോറിയത്തിൽ വച്ച് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.

Fomma-village-project2

പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപത്തായി സർക്കാർ വിട്ടുനൽകിയ രണ്ടേക്കറോളം റവന്യൂ ഭൂമിയിലാണ് നിർധനരായ കുടുംബങ്ങൾ വീടുകൾ ഒരുങ്ങുന്നത്. രണ്ടു മുറികൾ ഉൾപ്പെടെ 500 ചതുരശ്ര അടിയിൽ ഏഴു ലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമിക്കുക. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധത്തിൽ ഉയരത്തിലാണ് വീടുകൾ നിർമിക്കുക. അടുത്ത ജൂൺ രണ്ടിന് വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.

നിലമ്പൂരിലും പത്തനാപുരത്തും ഫോമയുടെ കരുതൽ

നിലമ്പൂർ, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഫോമ സഹായം എത്തിക്കും. ഇവിടെ 11 വീടുകൾ കൂടി ഒന്നാം ഘട്ടമായി ഫോമ നിർമിച്ചു നൽകും. ഇതോടനുബന്ധിച്ച് നടത്തിയ ഗുണഭോക്താക്കളുടെ യോഗം ജില്ലാ കലക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അധ്യക്ഷനായിരുന്നു. ആർഡിഒ ഡോ. വിനയ് ഗോയൽ, ഫോമ സെക്രട്ടറി ജോസ് ഏബ്രഹാം, ജോ. ട്രഷറർ ജയിൻ കണ്ണച്ചൻ പറമ്പിൽ, അനിയൻ ജോർജ്, ആർ. സനൽ കുമാർ, അനിൽ, എസ്. ഉഴത്തിൽ, ഈപ്പൻ കുര്യൻ, സാം ഈപ്പൻ, ഷിബു വർഗീസ്, ചെറിയാൻ പോള ചിറയ്ക്കൽ, ബിനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Fomma-village-project11
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.