Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

'ജാതിമത വേർതിരിവുകൾ വെടിഞ്ഞ് മലയാളികൾ ഒറ്റക്കെട്ടാകണം'

കോട്ടയം ∙ ജാതിമത വേർതിരിവുകൾക്കപ്പുറം മലയാളി എന്ന സ്വത്വബോധത്തോടെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം ബേബി ഊരാളിൽ. അമേരിക്കയിലെ മലയാളികൾ 'മലയാളി' എന്ന തലക്കെട്ടിനു കീഴിൽ ഒന്നിച്ചു നിൽക്കണം. നമ്മുടെ ആത്മീയ കാര്യങ്ങളിൽ ഭക്തസംഘടനകളും ആത്മീയസംഘടനകളും പ്രവർത്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അതിനപ്പുറം മലയാളി എന്നാൽ ഒന്നാണ്. നമ്മൾ കേരളത്തിന്റെ ഭാഗമാണ്, എന്ന ചിന്താഗതി നമുക്ക് ഉണ്ടാകണം– ബേബി ഊരാളിൽ പറഞ്ഞു.

"ഫോമ എന്നു പറയുന്നത് മലയാളി കൂട്ടായ്മകളുടെ ഫെഡറേഷനാണ്. 50 സ്റ്റേറ്റുകളിലായി ഏതാണ്ട് അറുപതിൽപ്പരം സംഘടനകൾ ഫോമയുടെ കീഴിലുണ്ട്. എന്നാൽ ഇപ്പോൾ എല്ലാ സ്ഥലത്തും മതസംഘടനകൾ ശക്തമായിക്കൊണ്ടിരിക്കുന്നു. ഫോമയിൽ വരുമ്പോൾ നമ്മളെല്ലാവരും മലയാളികൾ എന്ന കെട്ടുറപ്പുണ്ട്. അതിലൂടെ രൂപപ്പെടുന്ന കൂട്ടായ്മയുണ്ട്. മതസംഘടനകളിൽ പോകുമ്പോൾ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യാനി എന്നിങ്ങനെ വേർതിരിവുണ്ടാകുന്നു. ക്രിസ്ത്യാനികളിൽ തന്നെ പല വിഭാഗങ്ങൾ... ഹിന്ദുവിലും അതുപോലെ വിഭാഗങ്ങൾ. അങ്ങനെ വിഭാഗീയ ചിന്തകളോടെ മലയാളികൾ മാറുകയാണ്. ഇത് മലയാളി എന്ന കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി.  

"മതസംഘടനകൾ എല്ലാം നമുക്ക് ആവശ്യമാണ്. ഓരോ മതവിഭാഗങ്ങൾക്കും അവരുടേതായ ആത്മീയ വളർച്ചയ്ക്ക് മതസംഘടനകൾ ആവശ്യമാണ്. അതേസമയം, മലയാളികൾ എന്ന നിലയിൽ ഒന്നിച്ചുകൂടി കെട്ടുറപ്പോടെ മുന്നോട്ടു പോകണം. വിഭാഗീയ ചിന്തയോടെ ഇന്ത്യൻ എംബസികളെ സമീപിച്ചാൽ അതിൽ ശക്തിയുണ്ടാകില്ല. മലയാളി ഒറ്റക്കെട്ടായി നിന്നു പറയുന്നതിന് ഒരു വിലയുണ്ട്. നമ്മുടെ ആവശ്യങ്ങൾ അതിന് അനുസരിച്ച് അവതരിപ്പിക്കാനും നേടിയെടുക്കാനും സാധിക്കും. അതിനാൽ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണം,' ബേബി ഊരാളിൽ ആവശ്യപ്പെട്ടു.

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയൊരു സംഘടനയാണ് ഫോമ. ആരംഭം മുതലെ, അമേരിക്കയിലെ മലയാളി സമൂഹം ഈ സംഘടനയെ ഹാർദ്ദമായി സ്വാഗതം ചെയ്തിട്ടുണ്ട്. പ്രളയദിനങ്ങളിൽ ഫോമയുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം വളരെയധികം സ്ഥലങ്ങളിൽ പോയി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോ അസോസിയേഷനും പ്രത്യേകം പണം കണ്ടെത്തി കൈമാറി. കൂടാതെ, പ്രളയബാധിത മേഖലകളിൽ 50 വീടുകൾ ആദ്യഘട്ടത്തിൽ വച്ചുകൊടുക്കാൻ ഫോമ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ മാസം നടന്നു. അതുപോലെ, കേരളത്തിലെ നാലു ജില്ലകളിൽ ഏഴു മെഡിക്കൽ ക്യാംപുകൾ ഫോമ സംഘടിപ്പിച്ചിരുന്നു. അമേരിക്കയിൽ നിന്നു വന്ന മെഡിക്കൽ പ്രൊഫഷണൽസിന്റെ നേതൃത്വത്തിലാണ് ക്യാംപ് നടന്നത്. അതുകൂടാതെ 25 സർജറികളും അവർ നടത്തി, അദ്ദേഹം പറഞ്ഞു.   

ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലാണ് ഫോമ ഇപ്പോൾ പ്രവർത്തിക്കുന്നത്. സെക്രട്ടറി ജോസ് എബ്രഹാം വളരെയധികം പ്രവർത്തിപരിചയമുള്ള വ്യക്തിയാണ്. പരിചയസമ്പന്നരായ വ്യക്തികളാണ് ഫോമയുടെ നേതൃത്വത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. ഇവരുടെ പരിചയസമ്പത്ത് കൂടുതൽ പേരെ ഫോമയിലേക്ക് ആകർഷിക്കുമെന്നാണ് എന്റെ പ്രതീക്ഷ, ബേബി ഊരാളിൽ കൂട്ടിച്ചേർത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.