Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളികളുടെ യശ്ശസുയർത്തിയ കെ.പി. ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം 

kpgeorge-julie

ഹൂസ്റ്റൺ∙അമേരിക്കൻ ദേശീയ തിരഞ്ഞെടുപ്പിൽ മലയാളികളുടെ യശസ് വാനോളമുയർത്തിയ കെ.പി.ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം.  2018 നവംബറിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സിക്യൂട്ടീവുമായ ജഡ്ജ് കെ പി ജോർജിനും മൂന്നാം നമ്പർ കോടതിയിലെ ജഡ്ജിയായി വിജയിച്ച ജൂലി മാത്യുവിനുമാണ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സിന്റെയും ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചത്.

അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ടു  വാർത്തകളുടെ ലോകത്തു പിന്നാമ്പുറത്തു നിന്നു കൊണ്ടു കാമറ ചലിപ്പിച്ച് ഏറെ വിസ്മയക്കാഴ്‌ചകൾ ലോകമെങ്ങുമുള്ള മലയാളികളിലെത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിച്ചു.

അമേരിക്കയിൽ  ഏറ്റവും സാമ്പത്തിക വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടിയുടെ  ജഡ്‌ജിയും എക്സിക്യൂട്ടീവുമായി ചുമതലയേറ്റ കെ.പി. ജോർജ് ഇപ്പോൾ അമേരിക്കയിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള മലയാളി എന്നു മാത്രമല്ല ഇന്ത്യക്കാരൻ കൂടിയാണ്. ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാൻ കഴിയാത്ത നേട്ടവുമായാണ്  ഫോർട്ട് ബെണ്ട് കൗണ്ടി മൂനാം നമ്പർ കോടതിയുടെ ന്യായാധിപയായി ചുമതലയേറ്റുകൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോർണി മലയാളികളുടെ അഭിമാനമായി മാറിയത്.

ഇരുവരുടെയും തിളക്കമാർന്ന വിജയം മലയാളികൾക്ക് മാത്രമല്ല ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനിക്കാൻ ഏറെ വക തരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ സംസഥാനങ്ങളിൽ ഒന്നായ കേരളം ഇന്ന് ലോകത്തിനു മാതൃകയാവുകയാണ്.  അമേരിക്കൻ മലയാളി കുടിയേറ്റം 50 കളിൽ തുടങ്ങി ഇന്ന് ഏറ്റവും ഔന്നത്യത്തിൽ നിൽക്കുമ്പോൾ വിവിധ രംഗങ്ങളിൽ മലയാളികൾ  തിളങ്ങുകയാണ്. അതിൽ ഏറ്റവും പ്രധാനവും വിശിഷ്ടവുമാണ് അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നമ്മുടെ ആളുകളുടെ താല്പര്യവും ഇടപെടലുകളും.

ദൈവകൃപ അതു മാത്രമാണ് ഈ സ്ഥാനത്തേക്കുള്ള തന്റെ പ്രയാണത്തിന് ഏറ്റവും തുണയായത് എന്നു സ്വീകരണം ഏറ്റു വാങ്ങിയ ജഡ്ജ് കെ.പി.ജോർജ് പറഞ്ഞു. ഇത്രയും വലിയ സ്‌ഥാനത്തേക്കുള്ള തന്റെ വിജയം മുഴുവൻ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണെന്ന് അമേരിക്കയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫോർട്ട് ബെൻഡ് കൗണ്ടി എക്സിക്യൂട്ടീവ് ജോർജ് വിനയാന്വിതനായി പറഞ്ഞു. 7,65,000 പേര്‍ വസിക്കുന്ന ഈ കൗണ്ടിയിൽ 3000 ജീവനക്കാരുണ്ട്. പ്രതിവർഷം $ 370 മില്യൺ ബഡ്‌ജറ്റ്‌ അംഗീകാരമുള്ള ഒരു വലിയ സർക്കാരിന്റെ തലപ്പത്താണ് ജോർജ് ഇരിക്കുന്നത്. അമേരിക്കൻ ഗവണ്‍മെന്റിലെ ഏറ്റവും ശക്തനായ ഇന്ത്യൻ - അമേരിക്കൻ വംശജനായി മാറിയ ജോർജിന്റെ ഈ വിജയം മറ്റുള്ള യുവ നേതാക്കന്മാർക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള പ്രോത്സാഹനമായിരിക്കുമെന്നു ജോർജ് പറഞ്ഞു.

വെള്ളക്കാരുടെ മാത്രം  കുത്തകയായിരുന്ന  ഫോർട്ട് ബെൻഡ് കോർട്ട് ജഡ്‌ജി സ്ഥാനത്തേക്ക് തന്നെ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ആവേശം ഇരട്ടിക്കുകയാണുണ്ടയതെന്നും ആഫ്രിക്കൻ അമേരിക്കൻ വംശജർക്കുപോലും എത്തിപ്പെടാൻ കഴിയാത്ത ആ സ്ഥാനം ഇന്ത്യൻ വംശജർക്കും പ്രാപ്യമാണെന്നു തന്റെ ജയം തെളിയിക്കുകയായിരുന്നുവെന്നു ജൂലി മാത്യു സ്വീകരണം ഏറ്റു വാങ്ങികൊണ്ടു പറഞ്ഞു. മറ്റാർക്കും എത്തിപ്പെടാൻ കഴിയാത്ത സ്ഥാനം എന്ന് കരുതപ്പെട്ടിരുന്ന ആസ്ഥാനത്ത് തന്റെ ചിത്രം അനാവരണം ചെയ്യപ്പെട്ടപ്പോൾ അഭിമാനം കൊണ്ട് പുളകിതയായി എന്ന് പറഞ്ഞ ജൂലി ഈ രംഗത്തേക്ക് കൂടുതൽ മലയാളികൾ എത്തിപ്പെടണമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

എന്നും വാർത്തയുടെ പിന്നാമ്പുറങ്ങളിൽ നിന്നുകൊണ്ട് മറ്റുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഭാവപകര്‍പ്പില്ലാതെ പകർത്തിയ ഷിജോ പൗലോസ് എന്ന അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട ഛായാഗ്രാഹകന് ക്യാമറയ്ക്കു മുൻപിൽ വന്നപ്പോൾ തികച്ചും അമ്പരപ്പായിരുന്നു. ഏറെ പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരത്തിന് നന്ദി പറയുവാൻ വാക്കുകൾ കിട്ടാതെ വികാര നിർഭരനായ ഷിജോയുടെ സൗമ്യവും ലളിതവുമായ വാക്കുകളിൽ നിഴലിച്ചതു വിശാലമായ വാർത്ത ലോകത്തിന്റെ മുഴുവൻ കടപ്പാടുകളോടായിരുന്നു.

ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സണ്ണി കരിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിൽ ഹൂസ്റ്റണിലെ എല്ലാ സംഘടകളെയും പ്രതിനിധീകരിച്ചു ധാരളം പേർ പങ്കെടുത്തു. ചേംബർ ഓഫ് കോമ്മെർസിന്റെ തന്നെ ഭാഗമായ ജഡ്ജ് കെ പി ജോർജിനെ സണ്ണി തന്റെ പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഒന്നിച്ചു പ്രവർത്തിച്ചതിന്റെ ഫലമാണ് ഇവരുടെ വിജയം എന്ന് അദ്ദേഹം ആവർത്തിച്ചു.  

ഇന്ത്യ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ഹൂസ്റ്റൺ പ്രസിഡന്റ് ജോയ് തുമ്പമൺ വിശിഷ്ട വ്യക്തികളെ അഭിനന്ദിച്ചു. ഹൂസ്റ്റൺ മലയാളികളുടെ ആവേശവും അഭിമാനവും ആയി ഇവർ മാറി എന്ന് ശശിധരൻ നായർ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ചേംബർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് കാക്കനാട്ട് സ്വാഗതവും ഇന്ത്യ പ്രസ് ക്ലബ് നാഷണൽ ജോയിന്റ് സെക്രട്ടറി അനിൽ ആറന്മുള നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.