Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസത്തിനിടയിലും നാടിനെ സ്നേഹിച്ച ജോയി ചെമ്മാച്ചേൽ

joy-chemmachel

കോട്ടയം/ഷിക്കാഗോ∙ ഒരു ഇടത്തരം ക്‌നാനായ ക്രിസ്‌ത്യാനി കുടുംബത്തിലെ വീട്ടമ്മയായ അല്ലി ടീച്ചർ തന്റെ മക്കൾക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് വിശക്കുന്നവർക്കായി എന്നും മാറ്റിവയ്‌ക്കുമായിരുന്നു. അല്ലി ടീച്ചറിന്റെയും മത്തായി ലൂക്കോസിന്റെയും പത്തു മക്കളിൽ ആറാമനായ ജോയി ഇതു കണ്ടാണു വളർന്നത്.

അമ്മ കൊടുത്തുവിട്ട അന്നവുമായി പാവങ്ങളുടെ വീട്ടിലേക്കു നടന്ന ജോയിയെ നാടറിഞ്ഞു - ജോയി ചെമ്മാച്ചേൽ. ടിവി, സിനിമാതാരം, അമേരിക്കയിൽ വ്യവസായി, ക്‌നാനായ സമുദായ സംഘടനകളുടെയും അമേരിക്കൻ മലയാളി സംഘടനകളുടെയും അമരക്കാരൻ.

നീണ്ടൂരിൽ സ്വന്തം വീടിനോടു ചേർന്നു നിർമിച്ചിട്ടുള്ള മികച്ച ഹൈടെക് സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ജെഎസ് ഫാം എന്ന ജൈവവൈവിധ്യ ഫാമിനു പല തവണ സർക്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 28 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന ജൈവ കൃഷി കുട്ടികൾക്കും മുതിർന്നവർക്കും പാഠപ്പുസ്തകമാണ്. പശു, എമു, കാട, ടർക്കി, ഗിനി പന്നികൾ, മുയൽ, പാത്ത, താറാവ്, ലൗബേഡ്‌സ് തുടങ്ങിയവയുടെ മികച്ച സംരക്ഷണവും പരിപാലനവുമാണു ഏറെ ആകർഷകം. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.

ഷിക്കാഗോയിൽ വ്യവസായസ്‌ഥാപനങ്ങളുടെ ഉടമസ്‌ഥതാത്തിരക്കുകൾക്കിടയിലും ഇടയ്‌ക്കിടെ നാട്ടിലെത്തിയിരുന്ന ജോയി നീണ്ടൂർ സെന്റ് മൈക്കിൾസ് ദേവാലയത്തിനു സമീപം തനിക്കൊരു വീടുണ്ടാക്കാൻ തീരുമാനിച്ചതു നാടിനോടുള്ള ഇഷ്‌ടംകൊണ്ടാണ്.  

ഒപ്പം അതിലും മഹത്തായ മറ്റൊരു കാര്യംകൂടി ചെയ്തു. തന്റെ വീടിനായി ചെലവിടാൻ തീരുമാനിച്ച തുകയുടെ നല്ലൊരുഭാഗം ഉപയോഗിച്ചു വീടില്ലാത്ത ഒട്ടനേകം പേർക്കു വീടുണ്ടാക്കി നൽകി. തനിക്കു കിട്ടിയ ദൈവാനുഗ്രഹം തന്നോടൊപ്പം അർഹരായ മറ്റുള്ളവർക്കുകൂടി പകർന്നുനൽകുക എന്ന് അമ്മ പഠിപ്പിച്ച പാഠം മകൻ പ്രാവർത്തികമാക്കുന്നു എന്നുമാത്രം. 

എൺപതുകളുടെ മധ്യത്തിൽ ജോയി ചെമ്മാച്ചേൽ അമേരിക്കയിൽ എത്തിയതു മനസ്സിൽ മലയാളവും കലയുമായാണ്. ഷിക്കാഗോ മലയാളി അസോസിയേഷനിലും ഇല്ലിനോയിസ് മലയാളി അസോസിയേഷനിലും സജീവ പങ്കാളിയായി.

ഷിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ പ്രസിഡന്റ്, അമേരിക്കൻ ക്‌നാനായ സമൂഹത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സമുദായപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ച ജോയിവിദേശ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ദേശീയ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച അഭിനേതാവെന്ന നിലയിൽ ടിവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ ജോയി നോർത്ത് അമേരിക്കൻ മലയാളം മൂവി ആൻഡ് മിനി സ്‌ക്രീൻ ആർട്ടിസ്‌റ്റ്‌സ് ലിങ്കിന്റെ (നമ്മൾ) ചെയർമാനാണ്. ‘ശാന്തം ഈ സ്‌നേഹതീരം’ എന്ന ടെലിസിനിമയിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. കൺമണി, പുനർജനി എന്നിവയിലും അഭിനയിച്ച ജോയി, പിന്നീട് സിനിമാനിർമാണത്തിലും സജീവമായി..

കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമായ ഷൈലയാണു ഭാര്യ. ലൂക്കാസും ജിയോയും അല്ലിയും മെറിയും മക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.