Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള ക്രിക്കറ്റ് ടീമിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ മോഹം: ക്യാപ്റ്റൻ സച്ചിൻ ബേബി

Sachin_baby

എല്ലാ  പ്രവചനങ്ങളേയും കാറ്റിൽ പറത്തി കൊണ്ട് , വൻകിട ടീമുകളെ കടപുഴക്കി , ഈ  രഞ്ജി  ട്രോഫി സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു സെമി ഫൈനൽ  കളിച്ച  കേരള ക്രിക്കറ്റ് ടീംനായകൻ സച്ചിൻ ബേബിക്കു കേരള ടീമിനെ  ഇനിയും  പുത്തൻ മാനങ്ങളിൽ എത്തിക്കാൻ മോഹം 

Sachin-family

1)കഴിഞ്ഞ ഏതാനും സീസണുകളിലായി കേരള രഞ്ജി ടീം ഉജ്വല ഫോമിലാണല്ലോ. ക്യാപ്റ്റൻ എന്ന നിലയിൽ സച്ചിൻ ബേബി ഈ  ടീമിന്റെ തകർപ്പൻ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു ?

കേരള ക്രിക്കറ്റ് ടീമിന്റെ വളർച്ചക്ക് പിന്നിൽ ഒരു പാട് കഠിനാധ്വാനമുണ്ട് . അത് പൊടുന്നനെ സംഭവിച്ചതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രഞ്ജി ടീമുകൾ സീസൺ തുടങ്ങുന്നതിനു ഏതാനും  ദിവസങ്ങൾ  മുൻപ്  മാത്രം ടീം അംഗങ്ങൾ ഒത്തു കൂടി പ്രാക്ടീസ് ആരംഭിക്കുമ്പോൾ, കഴിഞ്ഞ വർഷങ്ങളിൽ  കേരള രഞ്ജി  ടീം സീസൺ തുടങ്ങുന്നതിനു മാസങ്ങൾ മുൻപേ തന്നെ പ്രാക്ടീസ് സെഷൻസ് ആരംഭിച്ചിരുന്നു. നല്ല മഴ പെയ്യുന്ന ജൂൺ മാസത്തിലൊക്കെ വയനാടിൽ   ടീം  അംഗങ്ങൾ മഴ നനഞ്ഞും ഫീൽഡിങ്, ഫിറ്റ്നസ് സെഷൻസ് ഒക്കെ ചെയ്തിട്ടുണ്ട്. 

കേരള ടീമിന്റെ ഈ കഠിനാധ്വാനം ടീമിന്റെ ഒത്തിണക്കത്തിലും സ്ഥിരതയാർന്ന നല്ല പ്രകടനത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ  അകമഴിഞ്ഞ സപ്പോർട്ട് ഇവിടെ എടുത്തു പറയേണ്ടതുണ്ട് .കേരള ക്രിക്കറ്റ് അസോസിയേഷൻ കേരളത്തിൽ ജൂൺ ജൂലൈ മാസങ്ങളിലെ മൺസൂൺ  സമയത്തു ടീമിനെ ബാംഗ്ലൂർ , ചെന്നൈ മുതലായ സ്ഥലങ്ങളിൽ വിട്ടു  പ്രാക്ടീസ് സജ്ജീകരണങ്ങൾ ഒരുക്കി തന്നിട്ടുണ്ട്. അത് പോലെ ടീമിനെ ഓസ്ട്രേലിയ , സൗത്ത് ആഫ്രിക്ക , ശ്രീലങ്ക മുതലായ രാജ്യങ്ങളിൽ അയച്ചു പ്രാക്ടീസ് മത്സരങ്ങളിൽ പങ്കെടുക്കുവാനും അവസരങ്ങൾ ചെയ്തു തരികയും ചെയ്തു.  ഇവിടെ എടുത്തു പറയേണ്ട മറ്റൊരു  കാര്യം, കോച്ചുമാരായ ബാലചന്ദ്രൻ സർ, ചന്ദ്രകാന്ത് പണ്ഡിറ്റ് സർ, ഡേവ് വാടമോർ സർ എന്നിവരുടെ പകരം വയ്ക്കാനില്ലാത്ത ടീമിനായുള്ള സമർപ്പണമാണ് .ഈ സീസണിൽ  ടീമിന്റെ  ഉജ്വല പ്രകടനത്തിന്റെ  പിന്നിൽ കളിക്കാരോടൊപ്പം  ഇവരുടെയൊക്കെ  കഠിനാധ്വാനമാണ്  പ്രധാന കാരണം  

2)ശ്രീലങ്കയെ വേൾഡ് കപ്പ്  വരെ ജയിപ്പിച്ച ചരിത്രമുള്ള സുപ്രസിദ്ധ  കോച്ച് ഡേവ് വാട്മോർ കേരളത്തിന്റെ ഈ  തിളക്കമാർന്ന  പ്രകടനത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് 

നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ ഡേവ് വാടമോർ  തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഒരു കോച്ച് ആണല്ലോ. അദ്ദേഹത്തെ ആദ്യമായി കാണുന്നത് ചെന്നൈയിൽ നടന്ന ഒരു കോച്ചിങ് ക്യാംപിൽ വച്ചാണ്. മുൻപ് ഐപിഎൽ മത്സരങ്ങളിൽ വിദേശ കോച്ചുമാരുടെ കൂടെ ഇടപഴകുമ്പോൾ അവരൊക്കെ ഒരു അകൽച്ച പാലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് . പക്ഷെ  ഡേവ് വാട്മോർ അവരിൽ നിന്നൊക്കെ വ്യത്യസ്തമായൊരു സമീപനമാണ് എന്നോടും  ടീമിനോടും കാണിച്ചത് . ആദ്യമൊക്കെ  ജാഡ കാണിക്കുമോ എന്നു സംശയിച്ചിട്ടുണ്ട് പക്ഷെ വളരെ യാഥാര്‍ത്ഥ്യബോധമുള്ള , "ഡൗൺ  ടു എർത്ത്"  സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് നല്ല സ്വാതന്ത്ര്യവും, ഫീൽഡിൽ എല്ലാ തീരുമാനങ്ങൾ എടുക്കാനുള്ള  വലിയ പിന്തുണയും അദ്ദേഹം നിരുപാധികം തന്നിരുന്നു. ഒരിക്കലും ഏതെങ്കിലും തീരുമാനത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയിട്ടില്ല.  ഇങ്ങനെയുള്ള ഒരു തുറന്ന സമീപനം ക്യാപ്റ്റൻ എന്ന നിലയിൽ സമ്പൂർണ സ്വാതന്ത്ര്യത്തോടെ  കളിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട് . ഇതു ടീമിന്റെ നല്ല പ്രകടനത്തിനായി വഴി തെളിക്കുകയും ചെയ്തിട്ടുണ്ട് 

3)ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് എതിരായി കുറച്ചു ടീം അംഗങ്ങളുടെ പടപുറപ്പാട് കഴിഞ്ഞ സീസൺ തുടങ്ങുന്നതിനു മുൻപായി വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നല്ലോ. ആ പ്രതിസന്ധിയെ  സച്ചിൻ എന്ന ക്യാപ്റ്റൻ എങ്ങനെയാണു നേരിട്ടത് ? 

sachin-family2

അതു വളരെ ബുദ്ധിമുട്ടുള്ള ഒരു സമയം ആയിരുന്നു. ഇങ്ങനെയും ആളുകളുണ്ടോ എന്നു സംശയിച്ചു പോയിട്ടുണ്ട് .പക്ഷെ എന്റെ ഭാര്യ അന്നയുടെ സപ്പോർട്ട് ആ പ്രതിസന്ധിയിൽ എന്നെ ഒരു പാട് സഹായിച്ചു എന്ന് പറയേണ്ടി വരും. എനിക്ക് എതിരായി നിന്ന  കളിക്കാരുടെ കൂടെ പിന്നീട് വീണ്ടും ഒരുമിച്ചു കളിക്കാൻ ബുദ്ധിമുട്ടായിരുന്നു പക്ഷെ കേരളത്തിന് വേണ്ടിയാണല്ലോ കളിക്കുന്നത്  എന്നോർത്ത് എല്ലാം ക്ഷമിക്കുകയായിരുന്നു. കേരള ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കണം എന്നാണ് ക്യാപ്റ്റൻ എന്ന നിലയിൽ എന്നും ആഗ്രഹിച്ചിട്ടുള്ളത് . അതുകൊണ്ട് വ്യക്തിപരമായ പ്രശ്നങ്ങളൊക്കെ മാറ്റി വച്ച് ടീമിനായി കളിക്കുകയായിരുന്നു. 

ഞാന്‍ ആ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ കുറച്ചു പേരെങ്കിലും വിചാരിച്ചു കാണും ഞാന്‍ അഹങ്കാരിയാണെന്നൊക്കെ .പക്ഷെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമയോചിതമായ ഇടപെടൽ മൂലം ആ തെറ്റിദ്ധാരണ ഒക്കെ ജനങ്ങളിൽ നിന്നു മാറി എന്നാണു പ്രതീക്ഷ . എനിക്ക് എതിരെ നിന്ന കളിക്കാർ എന്റെ അടുത്ത് വന്നു ക്ഷമാപണം നടത്തുകയും ചെയ്തു. ഈ പ്രതിസന്ധിയെ  തരണം ചെയ്തു ടീം ഈ സീസണിൽ  സെമി ഫൈനൽ കളിച്ചു എന്നത് ക്യാപ്റ്റൻ എന്ന നിലയിൽ എന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. കളിക്കാരൻ എന്ന നിലയിലും ഈ സീസൺ എനിക്ക് ഏറെ മെച്ചപ്പെട്ടതായിരുന്നു 

4)വിദർഭക്ക് എതിരായ സെമി ഫൈനലിൽ കേരളം ഉമേഷ് യാദവിന്റെ മുൻപേ  അമ്പേ തകർന്നു പോയല്ലോ. സീസണിൽ അന്നേ വരെ നല്ല ഫോമിൽ  കളിച്ചിരുന്ന കേരളത്തിന്  സെമി ഫൈനലിൽ എന്താണ് ആ പ്രകടനം ആവർത്തിക്കാൻ പറ്റാതെ പോയത് ? 

Ranji-trophy

ലീഗിൽ മറ്റു മത്സരങ്ങളിൽ  ഭാഗ്യം കേരളത്തിന്റെ കൂടെ നിന്നിരുന്നു. പക്ഷെ സെമി ഫൈനലിൽ ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ ടോസ് നഷ്ടപെട്ടത് കേരളത്തിന് വലിയ തിരിച്ചടിയായി . ഉമേഷ് യാദവ് അതിമനോഹരമായി ബൗൾ ചെയ്യുകയും ചെയ്തു. ഞങ്ങൾക്ക് ഉമേഷ് യാദവിനെ പേടിയൊന്നുമില്ല. ഐപിഎൽ മത്സരങ്ങളിൽ ഉമേഷ് യാദവിന്‌ എതിരെ കളിക്കുകയും നന്നായി സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷെ സെമി ഫൈനലിൽ ഉമേഷിന്റെ ദിവസം ആയിരുന്നു . ചാംപ്യൻ ബൗളർ ആയ അദ്ദേഹം അതു മുതലാക്കുകയും ചെയ്തു. നല്ല ലൈൻ ആൻഡ് ലെങ്ങ്തിൽ ബൗൾ ചെയ്ത അദ്ദേഹം ഞങ്ങൾക്ക്  സ്കോർ ചെയ്യാൻ ഒരു അവസരവും തന്നില്ല . വയനാടിലെ പിച്ച്  അത്ര മോശമൊന്നും  ആയിരുന്നില്ല , പക്ഷെ സെമിയിൽ നിർഭാഗ്യവശാൽ നമുക്ക് തിളങ്ങാൻ കഴിയാതെ  പോയി 

5) ടീമിന്റെ പെർഫോമൻസ്  കൂട്ടായ പ്രകടനം ആണെങ്കിൽ കൂടി  കുറച്ചു കളിക്കാരുടെ പെർഫോമൻസ് എടുത്തു പറയാൻ പറഞ്ഞാൽ ക്യാപ്റ്റൻ എന്ന നിലയിൽ സച്ചിൻ ബേബി ആരുടെയൊക്കെ  പേര് ആയിരിക്കും പറയുക ?

ടീമിന്റെത് ഒരു കൂട്ടായ നേട്ടം തന്നെയാണ് . പക്ഷെ ഏതാനും കളിക്കാരുടെ പേരുകൾ എടുത്തു പറയാൻ പറഞ്ഞാൽ അത് ഫാസ്റ്റ് ബൗളേഴ്‌സ് സന്ദീപ് വാരിയരും  ബേസിൽ തമ്പിയും ആയിരിക്കും . ബാറ്റ്സ്മാൻ എത്ര നന്നായി കളിച്ചാലും ബൗളേഴ്‌സ് 20  വിക്കറ്റ് എടുത്താലേ കളി ജയിക്കാൻ പറ്റുകയുള്ളൂ. പ്രത്യേകിച്ചും ബേസിൽ തമ്പി ഈ സീസണിൽ ഉഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. ഒരു വൈറ്റ് ബോൾ ബൗളർ എന്ന നിലയിൽ  മാത്രം വിശേഷിപ്പിച്ചിരുന്ന ബേസിൽ  തമ്പി  36  വിക്കറ്റ് എടുത്തു ഈ സീസണിൽ വളരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തത് 

6)കേരളത്തിന് വേണ്ടി കളിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ജലജ് സക്സേനയെ  പോലെയുള്ള  പ്രൊഫഷണൽ ഗസ്റ്റ് കളിക്കാർ നല്ല പ്രകടനം ആണല്ലോ കാഴ്ച വച്ചത്. ഇവരുടെ പ്രകടനം ടീമിനെ മൊത്തത്തിൽ എങ്ങനെ സ്വാധീനിച്ചു ?

ജലജ് സക്സേന ഏറെ പ്രതിഭയുള്ള ക്രിക്കറ്റർ ആണ്. ഇന്ത്യക്കു വേണ്ടി കളിക്കാൻ അർഹതയുള്ള കളിക്കാരൻ ആണ് . ഇതു ജലജ്  സക്സേനയുടെ കേരളത്തിന് വേണ്ടിയുള്ള മൂന്നാം സീസൺ ആയിരുന്നു. ആദ്യ സീസണിൽ അത്ര ശോഭിച്ചിരുന്നില്ല , പക്ഷെ ഇക്കുറി അദ്ദേഹം ഉജ്വല പ്രകടനം ആണ് പുറത്തെടുത്തത് . ഉമേഷ് യാദവിനെ പോലെയുള്ള ബൗളർ ആണ് ജലജ് സക്സേനയും. തന്റെ  ദിവസത്തിൽ അദ്ദേഹത്തിനെ നേരിടുക തീരെ എളുപ്പമല്ല. കേരളത്തിന് വേണ്ടി ഈ സീസണിൽ കളിച്ച മറ്റൊരു ഗസ്റ്റ് ക്രിക്കറ്റർ അരുൺ കാർത്തിക് ആണ്. അദ്ദേഹത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ പറ്റാതെ പോയി. പക്ഷെ തമിഴ് നാടിനു വേണ്ടി അത്യുഗ്രൻ കളി കാഴ്ചവച്ചിട്ടുള്ള അരുൺ കാർത്തിക് അടുത്ത സീസണിൽ കേരളത്തിനായി നല്ല പെർഫോമൻസ് കാഴ്ച വയ്ക്കും എന്നു തന്നെയാണു പ്രതീക്ഷ . 

7)ഐപിഎൽ മത്സരങ്ങൾ കേരള കളിക്കാരെ സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ ?

ഉറപ്പായും, ഐപിഎൽ മത്സരങ്ങൾ  കേരള കളിക്കാർക്ക്  തങ്ങളുടെ കഴിവ് ലോകോത്തര വേദിയിൽ പുറത്തെടുക്കാനുള്ള നല്ലൊരു വേദിയാണ്  സമ്മാനിച്ചത്. മുൻപ് ശ്രീശാന്ത് മാത്രമായിരുന്നു കേരളത്തിൽ നിന്ന് ഐപിഎൽ കളിച്ചിരുന്നത്. പിന്നീട് ഒരു സീസണിൽ കേരളത്തിന്റെ ഏഴു കളിക്കാർ വരെ ഐപിഎൽ കളിച്ചിട്ടുണ്ട് . ഇപ്പോൾ എല്ലാ കേരള കളിക്കാരെയും മറ്റു ടീം അംഗങ്ങൾ നന്നായി അറിയും. നമ്മൾ ടിവിയിൽ മാത്രം കണ്ടിട്ടുള്ള  ലോകോത്തര കളിക്കാരുടെ കൂടെ കളിക്കുന്നതും, ഒരേ ഡ്രസിങ് റൂം പങ്കിടുന്നതും ഒക്കെ നല്ലൊരു അനുഭവമാണ്.  എനിക്ക് വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്  പോലെയുള്ള മഹാരഥന്മാരുടെ കൂടെ ഐപിഎൽ കളിക്കാനായത് വിലമതിക്കാനാവാത്ത ഭാഗ്യം ആയി കരുതുന്നു 

8)ക്യാപ്റ്റൻ എന്ന നിലയിൽ അടുത്ത രഞ്ജി സീസണിൽ എന്താണ്  പ്രതീക്ഷ ?

നമ്മൾ ഇപ്പോൾ ടീമിൽ ഒരു അടിത്തറ നന്നായി പാകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്വാർട്ടർ കളിച്ചു. ഇപ്രാവശ്യം സെമി ഫൈനൽ.  . അടുത്ത സീസണിൽ ഫൈനൽ കളിക്കണം എന്നാണ് ആഗ്രഹം . ഫൈനലിൽ എത്തിയാൽ പിന്നെ എന്തും സംഭവിക്കാം. 

9)സച്ചിൻ ബേബിയുടെ പിതാവ്  സച്ചിൻ തെൻഡുൽക്കർ ആരാധകനായത് കൊണ്ടാണല്ലോ സ്വന്തം കുട്ടിക്ക് സച്ചിൻ എന്ന് പേര് നൽകിയത് . ആ പേരിനോട് നീതി  പുലർത്താൻ കഴിയുന്ന പെർഫോമൻസ്  സച്ചിന് ക്രിക്കറ്റിൽ കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു കരുതുന്നുണ്ടോ?

സച്ചിൻ പാജി  ക്രിക്കറ്റിന്റെ ദൈവം ആണ് . അദ്ദേഹത്തിന്റെ പേര് എനിക്ക് നൽകിയത് വലിയ ഉത്തരവാദിത്തം ആണ്.  കേരളത്തിന്റെ ക്യാപ്റ്റൻ ആയതും ടീമിനെ സെമിയിൽ എത്തിച്ചതും ഒക്കെ വലിയ കാര്യങ്ങൾ  തന്നെയാണ് പക്ഷെ ക്രിക്കറ്റിൽ എനിക്ക്  ഇനിയും ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാണ് . ഇന്ത്യക്കു വേണ്ടി കളിക്കണമെന്നും കളി ജയിപ്പിക്കണമെന്നും, ഇന്ത്യൻ ജഴ്‌സി അണിഞ്ഞു ടീം ലൈൻ അപ്പിൽ നിന്ന് ദേശീയ ഗാനം കേൾക്കണം എന്നൊക്കെയാണ് മോഹം 

10)വരുന്ന ലോക കപ്പിൽ ഇന്ത്യയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു ?

തൊണ്ണൂറ്റി ഒൻപതു ശതമാനവും ഇന്ത്യ വേൾഡ് കപ്പ് വിജയിക്കും എന്നു തന്നെയാണ് കരുതുന്നത് . പരിചയ സമ്പന്നരായ കളിക്കാരാണ് ഇന്ത്യയുടെ മുതൽക്കൂട്ട്. മിനിമം 50 ഏകദിനം എങ്കിലും കളിച്ച പ്രതിഭാസമ്പന്നരായ നിരയാണ് നമ്മുടേത് . വിരാട് കോഹ്‍ലി പോലെയുള്ള ക്യാപ്റ്റനും ഫോമിലുള്ള കളിക്കാരും നമുക്ക് കപ്പ് സമ്മാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി പ്രാർത്ഥിക്കുന്നു  

11) സച്ചിൻ എന്ന ക്രിക്കറ്ററുടെ വളർച്ചയിൽ ജന്മ നാടായ ഇടുക്കിയുടെ സ്വാധീനം ?  

jinesh-picture ജിനേഷ് തമ്പി

ഇടുക്കിയിൽ ജനിച്ചു കൊണ്ടാണ് ഞാന്‍ ഈ നിലയിൽ എത്തിയത് എന്ന് പറയാം. ഒരുപാട് പ്രോത്സാഹനം എനിക്ക് എന്റ്റെ ജന്മനാടായ ഇടുക്കി നൽകിയിട്ടുണ്ട് . എന്നെ ജന്മസിദ്ധമായ നല്ലൊരു കഴിവുള്ള  കായികതാരമായാണ് എന്റ്റെ ജന്മദേശം കുട്ടികാലം മുതലേ കരുതിയത്. ഞാന്‍ വളർന്നു വരുന്ന സമയത്തു ഇടുക്കിയിൽ നല്ല ഒരു ക്രിക്കറ്റ് ഗ്രൗണ്ട് പോലും ഉണ്ടായിരുന്നില്ല. ഞാന്‍ ആദ്യം പോയത് ഫുട്ബോൾ ട്രയൽസിനു ആയിരുന്നു. ആ നിലയിൽ നിന്നും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന പദവിയിലേക്കുള്ള എന്റെ വളർച്ചയിൽ ഇടുക്കിക്കുള്ള സ്വാധീനം ഏറെയാണ്  

കേരളത്തിന്റെ അഭിമാനമായ സച്ചിൻ ബേബി പറഞ്ഞു നിർത്തി 

-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.