Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോയി, ഞെട്ടറ്റു വീണ സ്നേഹപൂവ്

മധു കൊട്ടാരക്കര
joy-chemmachel

വീടിന്റെ മുന്നിലെ പൂന്തോട്ടത്തിൽ എന്നും നമ്മെ നോക്കി ചിരിക്കുന്ന പൂവ് ഒരു ദിവസം ഞെട്ടറ്റു വീഴുമ്പോൾ ഉണ്ടാകുന്ന മനോവേദനയുണ്ടല്ലോ. അത് വാക്കുകൾക്കതീതമാണ്. ജോയ് ചെമ്മാച്ചേൽ അമേരിക്കൻ മലയാളികളുടെ മനസിൽ വിടർന്നു തെളിഞ്ഞ ഒരു പൂവായിരുന്നു . മനസു നിറയെ സ്നേഹം തരുന്ന പൂവ്. ഒടുവിലത് ചങ്കിലൊരു കനം ബാക്കി വച്ച് താഴേക്കു പതിച്ചു .

സംഘടനാസൗഹൃദങ്ങളെ പരസ്പരം ബന്ധിപ്പിച്ച സ്‌നേഹത്തിന്റെ കണ്ണിയായിരുന്നു ജോയി ചെമ്മാച്ചേല്‍. ആദ്യമായി പരിചയപ്പെടുന്നത് ഷിക്കാഗോയിൽ വച്ച്.

2004 ഫൊക്കാനയുടെ ജനറല്‍ കൗണ്‍സിൽ ഷിക്കാഗോയിൽ  നടക്കുന്നു. അന്ന് അശ്വമേധം പത്രാധിപർ രാജു മൈലപ്രയായിരുന്നു ഫൊക്കാനയുടെ ജോയിന്‍ സെക്രട്ടറി. അന്ന് അത്രയും ആളുകള്‍ക്കിടയില്‍ ജോയി ചെമ്മാച്ചേലിന്റെ വെള്ളസ്യൂട്ടും പുഞ്ചിരിയുമാണ് അദ്ദേഹത്തെ ശ്രദ്ധിക്കാനും പരിചയപ്പെടാനും കാരണമായത്. പിന്നീട് ഏഷ്യാനെറ്റ് അമേരിക്കയില്‍ ആദ്യമായി ആരംഭിച്ചപ്പോള്‍ അമേരിക്കന്‍ ജാലകമെന്ന എപ്പിസോഡില്‍ അതിന്റെ അവതാരകനായും പിന്നണി പ്രവര്‍ത്തകനായും ജോയി നിര്‍ണായക പങ്ക് വഹിച്ചു. ശരിക്കും അമേരിക്കന്‍ മലയാളി സമൂഹം എങ്ങനെയാണ് ജീവിക്കുന്നതെന്ന് ലോകത്തിനുമുമ്പില്‍ കാണിച്ചുക്കൊടുത്ത ഒരു പരമ്പരയായിരുന്നു അത്.

പൂക്കളോടും പ്രകൃതിയോടും ജോയ് വല്ലാതെ സ്നേഹിച്ചു . പൊതുവെ അമേരിക്കന്‍ മലയാളികളെ പുച്ഛത്തോടെ കാണുന്ന കേരളസമൂഹത്തിന് അദ്ദേഹം കരുതിവച്ചതായിരുന്നു കോട്ടയത്തുള്ള ജെഎസ് ഫാം . കേരളത്തിന് അഭിമാനിക്കാവുന്നതും മറ്റ് കര്‍ഷകര്‍ക്ക് മാതൃകയാക്കാവുന്നതുമായ ഒരു മികച്ച കര്‍ഷകന്‍ കൂടിയാണ് താനെന്ന് ജെ എസ് ഫാമിലൂടെ ജോയി തെളിയിച്ചു. കേരളത്തിന് പുറത്തുനിന്നുള്ള ഒരു കര്‍ഷകനെ മെഗ്ഗാ സ്റ്റാര്‍ മമ്മൂട്ടിയെ പോലുള്ള ഒരാള്‍ ആദരിക്കണമെങ്കില്‍ ജോയിയുടെ കഴിവുകള്‍ അഭിമാനിക്കപ്പെടാവുന്നതാണ്. 

1978-ലാണ് അശ്വമേധം പത്രം തുടങ്ങുന്നത്. പീന്നിടൊരു ഘട്ടത്തില്‍ പത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വീണ്ടും അത് മലയാളി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ഉത്തരവാദിത്വം ജോയിയെയാണ് ഏല്‍പ്പിച്ചത്. കാരണം അമേരിക്കയിലെ സര്‍വസമനായ ഒരു വ്യക്തിയായി ജോയിയെയല്ലാതെ മറ്റൊരാളേയും കണ്ടെത്താനായില്ല. ജോയിക്ക് മാധ്യമരംഗത്തുള്ള പാഷന്‍ അത്രക്ക് വലുതായിരുന്നു.

കേരള എക്‌സ്പ്രസ്, ജനനി മാധ്യമസ്ഥാപനങ്ങളുടെ ബോര്‍ഡില്‍ അദ്ദേഹം ദീര്‍ഘക്കാലം പ്രവര്‍ത്തിച്ചു. അതോടൊപ്പം തന്നെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഈ കഴിഞ്ഞ ഷിക്കാഗോ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായിരുന്ന ശിവന്‍ മുഹമ്മയോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചത് ജോയിയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നറിയാമായിട്ടു പോലും ജോയി എല്ലായിടത്തും ഓടി നടന്നിരുന്നു.

ജോയി തെളിച്ച വഴിയില്‍ക്കൂടിയാണ് സംഘടന സൗഹൃദമെന്ന ആശയവുമായി ദേശിയ സംഘടനകളെ ഒരു കുടകീഴിൽ കൊണ്ട്‌ വരുവാൻ ഇന്ത്യ പ്രസ് ക്ലബ്ബ് സഞ്ചരിച്ചത്. മാതൃ സംഘടനയായ ഫൊക്കാനയില്‍ അടിയുറച്ചു നില്‍ക്കുന്നതോടൊപ്പം തന്നെ അതില്‍ നിന്നും ഉത്ഭവിച്ച ഫോമ എന്ന സംഘടനയുടെ പ്രധാന പരിപാടികളിലെല്ലാം ജോയി സജീവസാന്നിധ്യമായിരുന്നു. സംഘടനാ സൗഹൃദങ്ങളുടെ വില എന്താണെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ ജോയി കാണിച്ചു കൊടുത്തു. ഒരുപക്ഷേ ഇതൊക്കെയാവാം ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സംഘടന സൗഹൃദ നീക്കങ്ങള്‍ക്ക് ശക്തി പകരുവാന്‍ കാരണമായത്. 

ജോയി, അനിയന്‍ ജോര്‍ജുമായി 2006-ല്‍ നടന്ന ഇലക്ഷനാണ്  അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധേയമായ ഒരു ഇലക്ഷന്‍.  ജനഹൃദയങ്ങളിൽ നല്ല സാധ്വീനമുള്ള രണ്ടു ചെറുപ്പക്കാര്‍ രണ്ട് പ്രധാനഗ്രൂപ്പുകളുടെ പ്രതിനിധിയായി മത്സരിച്ചപ്പോള്‍ ശരിക്കും മത്സരം ഇവരിലേക്ക് ചുരുങ്ങുകയായിരുന്നോ എന്നുപോലും തോന്നി. സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ ഇവര്‍ നടത്തിയ പോരാട്ടം സംഘടനാ ചരിത്രത്തില്‍ എന്നും മാതൃകയാകാവുന്ന ഒന്നാണ്. ആ ഇലക്ഷനിലെ ജയമോ പരാജയമോ കണക്കിലെടുക്കാതെ അനിയന്‍ ജോര്‍ജും ജോയി ചെമ്മാച്ചേലും നാളിതുവരെ തുടര്‍ന്ന ആ സൗഹൃദം തന്നെയാണ് സംഘടനാരംഗത്തുള്ളവര്‍ മാതൃകയാക്കേണ്ടത്. 

ജോയി ഒരിക്കല്‍ പോലും ഒരാളുമായും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ ജോയി പലര്‍ക്കും പ്രിയപുത്രനായിരുന്നു. ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയ്ക്ക് ജോയി സ്വന്തം മകനെപ്പോലെയായിരുന്നു. മറിയാമ്മ പിള്ള പ്രസിഡന്റായിരുന്ന സമയത്ത് ഒരു മകന്‍ എന്തെല്ലാം ചെയ്ത് കൊടുക്കണമോ അതെല്ലാം ചെയ്ത് കൊടുത്ത് മറ്റുള്ളവര്‍ക്ക് കൗതുകമാകുകയായിരുന്നു ജോയി. എനിക്ക്‌ മുമ്പെ എന്തിനു പോയിയെന്ന് പറഞ്ഞ്‌ വിലപിക്കുന്ന മറിയാമ്മ പിള്ളയുടെ വേദന തന്നെയാണു പലർക്കുമുള്ളത് ജോയിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത് അതിന്റെ അടുക്കും ചിട്ടയുമാണ്. സിനിമാരംഗത്തുപോലും ജോയി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

ജോയി വളരെ പെട്ടന്നാണ് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്നും വിടവാങ്ങിയത്. എന്നാലും ജോയിയുടെ ആ പുഞ്ചിരിക്കുന്ന മുഖം മനസിൽ നിന്നു മായുന്നതേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.