Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹോട്ടൽ മുറിയിൽ ആട്, പട്ടി, പൂച്ച; യുഎസ് യുവതി കേരളത്തിലേക്ക്, ഒടുവിൽ...

cat യുഎസ് സ്വദേശിനിയ്ക്കൊപ്പം ഉണ്ടായിരുന്ന പൂച്ചകൾ. ചിത്രം: എഎൻഐ ട്വിറ്റർ.

അഹമ്മദാബാദ്/ന്യൂയോർക്ക് ∙ ആട് ഉൾപ്പെടെ 14 വളർത്തുമൃഗങ്ങളുമായി ഹോട്ടലിൽ മുറിയെടുത്ത വിദേശവനിതയെ ഒരുവിധത്തിൽ ഒഴിപ്പിച്ച് പൊലീസ്. ഓമനമൃഗങ്ങളെയും കൂട്ടിയുള്ള അടുത്ത യാത്ര കേരളത്തിലേക്കാണ്. നേരത്തേ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിൽ കഴിഞ്ഞ 9നു രാത്രിയാണു സന്ദർശകയെത്തിയത്. 6 പൂച്ചകളുടെയും 7 പട്ടികളുടെയും ഒരാടിന്റെയും അകമ്പടിയോടെ.

14 വളർത്തുമൃഗങ്ങളെയും വരാന്തയിൽ വിട്ട് വിദേശവനിത മുറിയിൽ താമസം തുടങ്ങി. പിറ്റേന്നു രാവിലെ സ്ഥലത്തു പാഞ്ഞുനടക്കുന്ന മൃഗങ്ങളെ കണ്ടു ഹോട്ടൽ അധികൃതർ ഞെട്ടി. മൂന്നു ദിവസത്തേക്കായിരുന്നു യുവതി മുറി ബുക്ക് ചെയ്തിരുന്നത്. മുറിയൊഴിയാൻ ആവശ്യപ്പെട്ടപ്പോൾ യുഎസുകാരി പൊലീസിനെ വിളിച്ചു. തുടർന്നു പൊലീസെത്തി സംസാരിച്ചു. പിന്നീടാണു വനിത സ്ഥലം വിട്ടത്.

us-goat യുഎസ് സ്വദേശിനിയ്ക്കൊപ്പം ഉണ്ടായിരുന്ന ആട്. ചിത്രം: എഎൻഐ ട്വിറ്റർ.

ഹോട്ടൽ മാനേജർ പറയുന്നത് ഇങ്ങനെ: ‘ഏപ്രിൽ ഒൻപതിന് രാത്രി ഏറെ വൈകിയാണ് സന്ദർശക എത്തിയത്. സെക്യൂരിറ്റിയാണ് റൂം നൽകിയത്. അടുത്ത ദിവസമാണ് ഇവർക്കൊപ്പം വളർത്തുമൃഗങ്ങളും ഉണ്ടെന്ന് മനസിലായത്. ഇതു അനുവദിക്കില്ലെന്നും ഉടൻ തന്നെ റൂം ഒഴിയണമെന്നും പറഞ്ഞു. എന്നാൽ, 11–ാം തിയതി വരെ തങ്ങാനുള്ള പണം നൽകിയിട്ടുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. ഞാൻ പൊലീസിനെ വിളിക്കുന്നതിന് മുൻപ് യുവതി ആരെയോ വിളിച്ചു. അൽപസമയത്തിനുള്ളിൽ കഗാഥ്പത് പൊലീസ് ഇൻസ്പെക്ടർ ഹോട്ടലിൽ എത്തി. സാധാരണ ഒറ്റ ഫോണ്‍ കോളിൽ ഒന്നും ഇൻസ്പെക്ടർ വരാറില്ല. എനിക്കു തോന്നുന്നത് അവർ എംബസിയിലോ മറ്റോ വിളിച്ചുകാണുമെന്നാണ്– മാനേജർ വ്യക്തമാക്കി.

2015 ജനുവരിയിൽ ഉത്തരകാശിയിൽ വച്ച് യുവതി നായ്ക്കളെ രക്ഷിക്കുകയും മാർച്ചിൽ ഒരു ആടിനെ രക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വളർത്തു മൃഗങ്ങളെ താൻ ജീവനെ പോലെ സ്നേഹിക്കുന്നുണ്ടെന്നും ഇവയെ ഉൾപ്പെടെ സംരക്ഷിക്കുന്ന സ്ഥലം നൽകാമെന്ന് ഒരാൾ പറഞ്ഞിരുന്നുവെന്നും യുഎസ് യുവതി പറഞ്ഞു. എന്നാൽ, രാത്രി വൈകിയതിനാൽ അത് നടന്നില്ലെന്നും യുവതി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.